വിവോ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ Vivo X90S ചൈനയിൽ പുറത്തിറക്കി. വിവോയുടെ എക്സ് 90 സീരീസിൽ പുറത്തിറങ്ങുന്ന നാലാമത്തെ സ്മാർട്ട്ഫോൺ ആണ് Vivo X90S. വിവോ എക്സ് 90 സീരീസിൽ വിവോ എക്സ് 90, വിവോ എക്സ് 90 പ്രോ, വിവോ എക്സ് 90 പ്രോ പ്ലസ് എന്നീ സ്മാർട്ട്ഫോണുകൾ പുറത്തിറങ്ങിയിരുന്നു. ഈ നിരയിലേക്കാണ് Vivo X90S എത്തിയിരിക്കുന്നത്. ജൂൺ 30 മുതൽ ഈ ഫോൺ ചൈനയിൽ പ്രീ-ഓർഡറിനായി ലഭ്യമാകും. ചൈനയ്ക്ക് പുറത്തുള്ള ഈ സ്മാർട്ട്ഫോണിന്റെ ലഭ്യത വിവോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവോ എക്സ് 90 എസ് സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ നമുക്ക് ഒന്ന് പരിചയപ്പെടാം
6.78 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് വിവോ എക്സ് 90 എസിൽ നൽകിയിരിക്കുന്നത്. 120Hz റിഫ്രഷ് റേറ്റ്, 105% NTSC കളർ ഗാമറ്റ്, HDR പിന്തുണ എന്നിവയും ഈ സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
12 ജിബി വരെയുള്ള LPDDR5X റാമും 512 ജിബി വരെയുള്ള UFS 4.0 സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 9200+ ചിപ്സെറ്റ് വിവോ എക്സ് 90 എസിന് കരുത്ത് പകരുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 3.0ൽ ആണ് പ്രവർത്തിക്കുന്നത്.
വിവോ V2 ചിപ്പ് മെച്ചപ്പെട്ട ഫോട്ടോഗ്രാഫിക്കായി വിപുലമായ ഇമേജ് പ്രോസസ്സിംഗ് സാധ്യമാക്കുന്നു. അതിനാൽത്തന്നെ വിവോ എക്സ് 90 എസിലെ ക്യാമറ വിഭാഗവും ശ്രദ്ധേയമാണ്. 50 എംപി സോണി ഐഎംഎക്സ്663 പ്രൈമറി സെൻസറും 12എംപി അൾട്രാവൈഡ് ഷൂട്ടറും 50എംഎം ഫിക്സഡ് ഫോക്കസുള്ള 12എംപി പോർട്രെയ്‌റ്റ് (ടെലിഫോട്ടോ) ലെൻസും അടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം. ഒഐഎസ് പിന്തുണയും വിവോ എക്സ്90 എസിലെ ക്യാമറ വിഭാഗത്തെ മികച്ചതാക്കുന്നു. സ്‌പോർട്‌സ്, നൈറ്റ് സീൻ, പോർട്രെയിറ്റ്, ഫോട്ടോ, വീഡിയോ, പ്രൊഫഷണൽ, മറ്റ് മോഡുകൾ എന്നിവയെയും ഇതിലെ റിയർ ക്യാമറകൾ പിന്തുണയ്ക്കുന്നു, പ്രധാന ക്യാമറകൾക്കും വൈഡ് ആംഗിൾ ക്യാമറകൾക്കും 2x ഡിജിറ്റൽ സൂം, 2x ഒപ്റ്റിക്കൽ സൂം, പോർട്രെയിറ്റ് ക്യാമറയ്ക്ക് 20x ഡിജിറ്റൽ സൂം എന്നിവയുണ്ട്.
ഹോൾ-പഞ്ച് ക്യാമറ കട്ട്-ഔട്ടിൽ 32 എംപി സെൽഫി ക്യാമറയും വിവോ എക്സ് 90 എസിൽ നൽകിയിരിക്കുന്നു. ഫ്രണ്ട് ക്യാമറയ്ക്കും പിൻ വൈഡ് ആംഗിൾ ക്യാമറയ്ക്കും 1080P വരെ റെസല്യൂഷനും ബായ്ക്കിലെ പ്രധാന ക്യാമറയ്ക്കും പോർട്രെയിറ്റ് ക്യാമറയ്ക്കും 4K വരെ റെസല്യൂഷനും വീഡിയോ റെക്കോർഡിങ് സാധ്യമാണ്.
4,810mAh ബാറ്ററി 120W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിങ് പിന്തുണയോടെയാണ് എത്തുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള IP64 റേറ്റിംഗും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് റീഡറും മറ്റ് പ്രധാന സവിശേഷതകളാണ്.
5G, ഡ്യുവൽ 4ജി VoLTE, വൈഫൈ 7, ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്പി ടൈപ്പ് സി 3.2 ജെൻ 1 എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.