Vivo Y27 Launch: 5000 mAh ബാറ്ററിയുമായി വിവോയുടെ പുത്തൻ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി
വിവോ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ വിവോ Y27 ഇന്ത്യയിൽ അവതരിപ്പിച്ചു
ബർഗണ്ടി ബ്ലാക്ക്, ഗാർഡൻ ഗ്രീൻ എന്നീ നിറങ്ങളിലാണ് Y27 ലഭ്യമാകുക
14,999 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വില
വിവോ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ വിവോ Y27 ഇന്ത്യയിൽ അവതരിപ്പിച്ചു. 15000 രൂപയിൽതാഴെ വിലയിൽ അവതരിപ്പിച്ച Y27 സ്മാർട്ട്ഫോണിലൂടെ വിവോ ഇന്ത്യയിലെ Y സീരീസ് വിപുലപ്പെടുത്തിയിരിക്കുകയാണ്. ബർഗണ്ടി ബ്ലാക്ക്, ഗാർഡൻ ഗ്രീൻ എന്നീ നിറങ്ങളിലാണ് Y27 ലഭ്യമാകുക.
Vivo Y27 ഡിസ്‌പ്ലേയും പ്രോസസറും
6GB വരെ റാമും 128GB സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഹീലിലേയോ ജി85 ചിപ്സെറ്റ് കരുത്തുമായിട്ടാണ് ഈ വിവോ സ്മാർട്ട്ഫോണിന്റെ വരവ്. 2.5 ഡി ഗ്ലാസ് ബോഡി ഡിസൈനും 6.64 ഇഞ്ച് ഫുൾ എച്ച്‌ഡി + എൽസിഡി ഡിസ്‌പ്ലേയുമാണ് വിവോ Y27 ൽ നൽകിയിരിക്കുന്നത്. ഡിസ്പ്ലേ 600 നിറ്റ് പീക്ക് ബ്രൈറ്റ്നസും 90 Hz റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്നു. സോഫ്റ്റ്‌വെയർ വിഭാഗത്തിലേക്ക് വന്നാൽ, ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 13 സ്കിൻ ഔട്ട്-ഓഫ്-ബോക്സിലാണ് ഈ വിവോ ഫോൺ പ്രവർത്തിക്കുന്നത്. കണക്ടിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ സിം, ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ഒടിജി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.
Vivo Y27 ക്യാമറ
50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്‌സൽ ബൊക്കെ ക്യാമറയും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Y27 വാഗ്ദാനം ചെയ്യുന്നത്. സൂപ്പർ നൈറ്റ് മോഡ്, സൂപ്പർ നൈറ്റ് സെൽഫി മോഡ്, ബൊക്കെ ഫ്ലെയർ പോർട്രെയ്റ്റ് ഫീച്ചർ തുടങ്ങിയ ഫീച്ചറുകളോടെയാണ് ഇതിലെ ക്യാമറ എത്തുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഓറ സ്‌ക്രീൻ ലൈറ്റ് സവിശേഷതയുള്ള 8 എംപി ഫ്രണ്ട് ക്യാമറയാണ് വിവോ Y27ൽ ഒരുക്കിയിരിക്കുന്നത്. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് വിവോ Y27ലെ എടുത്തുപറയേണ്ട മറ്റ് ഫീച്ചറുകൾ. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഇതിൽ നൽകിയിരിക്കുന്നു.
Vivo Y27 ബാറ്ററി
5000 mAh ബാറ്ററി, വേഗത്തിലുള്ള 44W ഫ്ലാഷ് ചാർജ്ജ് പിന്തുണയോടെയാണ് എത്തുന്നത്. എഐ പിന്തുണയുള്ള സേഫ് ചാർജിങ് സംവിധാനം ഈ സ്മാർട്ട്‌ഫോണിന്റെ പ്രധാന സവിശേഷതകളിൽ ഒന്നായി വിവോ എടുത്തുകാട്ടുന്നു. 6GB റാമിനൊപ്പം 6GB വിർച്വൽ റാമും വിവോ Y27 വാഗ്ദാനം ചെയ്യുന്നു. ഇന്റേണൽ സ്റ്റോറേജ് 128GB ആണെങ്കിലും, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാം. വാട്ടർ, ഡസ്റ്റ് പ്രതിരോധ പിന്തുണയ്‌ക്കായി IP54 സർട്ടിഫിക്കേഷനുമായിട്ടാണ് വിവോ Y27 എത്തുന്നത്. ഫോണിന്റെ രൂപകൽപ്പനയിൽ വിവോ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സ്മാർട്ട്‌ഫോണിന് ഒരു ഫ്ലാറ്റ് ഫ്രെയിം നൽകിയിരിക്കുന്നു. കൂടാതെ തിളങ്ങുന്ന മാറ്റ് ഗ്ലാസ് ഫിനിഷിൽ ലഭ്യമാണ്.
ഏറ്റവും പുതിയ ലോഞ്ചായി വിവോ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്ന Y27 ന്റെ 6GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് മോഡലിന് 14,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും വിവോ ഇന്ത്യ ഇ-സ്റ്റോർ വഴിയും ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധാരണക്കാരായ ആളുകളെയാണ് വിവോ ലക്ഷ്യമിട്ടിരിക്കുന്നത് എന്നുവേണം കരുതാൻ. 15000 രൂപയിൽ താഴെ വിലയിൽ നൽകാവുന്ന അത്യാവശ്യം മികച്ച ഫീച്ചറുകൾ Y27 വാഗ്ദാനം ചെയ്യുന്നുണ്ട്.