ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ വിപണിയിലേക്ക് ടെക്നോ പുതിയ ഫോൺ അവതരിപ്പിച്ചു. ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജി (Tecno Phantom V Flip 5G) എന്ന ഫോണാണ് കമ്പനി വിപണിയിലെത്തിച്ചത്. ടെക്നോയുടെ രണ്ടാമത്തെ ഫോൾഡബിൾ സ്മാർട്ട്‌ഫോണാണിത്. ആകർഷകമായ സവിശേഷതകളുമായാണ് പുതിയ ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജി വരുന്നത്.
Tecno Phantom V Flip 5G ക്ലാംഷെൽ ഡിസൈനുള്ള ഫോൾഡബിൾ ഫോണാണ്. സാംസങ് ഗാലക്സി Z ഫ്ലിപ്പ് സീരീസിലെ ഫോണുകളുമായിട്ടാണ് ഈ ഡിവൈസ് മത്സരിക്കുന്നത്. രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഐക്കോണിക് ബ്ലാക്ക്, മിസ്റ്റിക് ഡോൺ കളർ ഓപ്ഷനുകളിലാണ് ഇന്ത്യയിൽ ഫോൺ അവതരിപ്പിച്ചത്. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 49,999 രൂപയാണ് വില. ഒക്‌ടോബർ ഒന്നു മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കും.
6.9-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2400 x 1080 പിക്‌സൽ) ഫ്ലെക്സിബിൾ അമോലെഡ് ഇൻറർ ഡിസ്‌പ്ലേയാണുള്ളത്. 1000 നിറ്റ്‌സ് ബ്രൈറ്റ്നസുള്ള മികച്ച ഡിസ്പ്ലെയാണിത്. ഓൾവേയ്സ് ഓൺ ഡിസ്‌പ്ലേ ഫീച്ചറുള്ള അമോലെഡ് പാനലടങ്ങുന്ന കവർ ഡിസ്പ്ലെയും ഈ ഫോണിലുണ്ട്.
എആർഎം മാലി G77 ജിപിയുമായി വരുന്ന ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 8050 എസ്ഒസിയാണ്. 8 ജിബി LPDDR4X റാമുള്ള ഫോണിൽ ഉപയോഗിക്കാത്ത സ്റ്റോറേജ് 16 ജിബി വരെ റാമാക്കി മാറ്റാനുള്ള സൗകര്യവും ടെക്നോ നൽകിയിട്ടുണ്ട്.
256 ജിബി UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജുമായിട്ടാണ് ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജി വരുന്നത്. ആൻഡ്രോയിഡ് 13ലാണ് പ്രവർത്തിക്കുന്നത്. രണ്ട് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും ഫോണിന് ലഭിക്കും.
പിൻ ക്യാമറ യൂണിറ്റിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസറും വൈഡ് ആംഗിൾ ലെൻസുള്ള 13 മെഗാപിക്സൽ സെൻസറുമാണുള്ളത്. ഒരു ക്വാഡ് ഫ്ലാഷ്‌ലൈറ്റ് യൂണിറ്റും ഫോണിൽ കമ്പനി നൽകിയിട്ടുണ്ട്. പ്രൈമറി ഡിസ്‌പ്ലേയുടെ മുകൾഭാഗത്ത് മധ്യഭാഗത്തായുള്ള ഹോൾ-പഞ്ച് സ്ലോട്ടിലാണ് ഫ്രണ്ട് ക്യാമറ നൽകിയിട്ടുള്ളത്. 32 മെഗാപിക്സൽ സെൻസറാണ് ഫ്രണ്ട് ക്യാമറയിൽ ഉള്ളത്.
ടെക്നോ ഫാന്റം വി ഫ്ലിപ്പ് 5ജി സ്മാർട്ട്ഫോണിൽ 5ജി, വൈഫൈ 6, എൻഎഫ്സി, ബ്ലൂടൂത്ത് 5.1 കണക്റ്റിവിറ്റി ഓപ്ഷനുകൾ ഈ ഡിവൈസിൽ ഉണ്ട്. 45W വയേഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,000mAh ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്.