കാത്തിരുന്ന ആ സന്തോഷ വാർത്ത ഇതാ Reliance എത്തിച്ചിരിക്കുകയാണ്. സ്മാർട്ഫോൺ ഫീച്ചറുകളോടെ വരുന്ന ജിയോയുടെ ഫീച്ചർ ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു. യൂട്യൂബ്, ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഗൂഗിൾ അസിസ്റ്റന്റ് കൂടാതെ, ഒടിടി പ്ലാറ്റ്ഫോമുകളും യുപിഐ സേവനങ്ങളും ലഭിക്കുന്ന JioPhone Prima 4G വിൽപ്പന ഇന്ത്യയിൽ തുടങ്ങി. വളരെ വിലക്കുറവിൽ ഒട്ടുമിക്ക സ്മാർട്ഫോൺ ഫീച്ചറുകളും അടങ്ങിയ കീപാഡ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഫോണിന്റെ ലഭ്യതയും സവിശേഷതയും ഇവിടെ വിവരിക്കുന്നു.
ആമസോണിലാണ് ജിയോഫോൺ പ്രൈമ 4ജി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. കീപാഡ് ഫോണുകൾ ഇഷ്ടപ്പെട്ട വീട്ടിലെ മുതിർന്നവർക്ക് ദീപാവലി സമ്മാനമായി വാങ്ങാവുന്ന കീപാഡ് ഫോണാണിത്. 2,599 രൂപ വിലയുള്ള ഫോണാണിത്. ഇപ്പോൾ ജിയോയുടെ ഈ ബേസിക് ഫോൺ റീട്ടെയിൽ സ്റ്റോറുകളിലും റിലയൻസ് ഡിജിറ്റൽ ഡോട്ട് ഇൻ, ജിയോമാർട്ട് ഇലക്‌ട്രോണിക്‌സ് എന്നിവയിലും ലഭ്യമാണ്.
ആമസോണിൽ ഓഫറോടെയാണ് ജിയോഫോൺ പ്രൈമ 4G വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഈ വർഷത്തെ ഇന്ത്യൻ മൊബൈൽ കോൺഗ്രസിലായിരുന്നു ഫോണിന്റെ പ്രദർശനം നടന്നത്. പിന്നീട് ജിയോഫോൺ പ്രൈമ 4Gയുടെ ഏതാനും വിവരങ്ങളും ഫീച്ചറുകളും പുറത്തുവിട്ടു. എന്നാൽ ഫോണിന്റെ വിൽപ്പന ദീപാവലിയോട് അടുത്ത ദിവസങ്ങളിലായിരിക്കുമെന്ന് അറിയിച്ചിരുന്നു.
ഒടിടി, മറ്റ് വിനോദ ആപ്പുകൾ, പേയ്മെന്റ് ആപ്പ് എന്നിവയെല്ലാം ജിയോഫോൺ പ്രൈമയിലുണ്ട്. 6.09 സെ.മീ (2.4 ഇഞ്ച്) ആണ് ഡിസ്പ്ലേയുടെ വലിപ്പം. യൂട്യൂബ്, ജിയോടിവി, ജിയോസിനിമ, ജിയോസാവൻ, ജിയോന്യൂസ് എന്നീ എന്റർടെയിൻമെന്റ് ആപ്പുകളും, വാട്സ്ആപ്പ്, ജിയോചാറ്റ്, ഫേസ്ബുക്ക് പോലുള്ള സോഷ്യൽ കണക്റ്റിവിറ്റി ആപ്പുകളും എഫ്എം റേഡിയോയും ഇതിൽ ലഭ്യമാണ്.
4G കണക്റ്റിവിറ്റി ലഭിക്കുന്ന ഈ ബേസിക് ഫോണിന്റെ മുൻ ക്യാമറയും പിൻക്യാമറയും 0.3 മെഗാപിക്സലിന്റേതാണ്. വീഡിയോ കോളിങ്ങിനും ഫോട്ടോഗ്രാഫിക്കും ചേരുന്ന ഡിജിറ്റൽ ക്യാമറയാണ് ഇത്. ജിയോപേ വഴിയുള്ള യുപിഐ പേയ്‌മെന്റുമുള്ളതിനാൽ സ്മാർട് ഫോണിനോട് താൽപ്പര്യമില്ലാത്തവർക്ക് തെരഞ്ഞെടുക്കാവുന്ന, ലഭ്യമായിട്ടുള്ള മികച്ച ഓപ്ഷനാണിത്. ജിയോ വോയിസ്, വീഡിയോകോളുകൾക്കും സൂപ്പർഫാസ്റ്റ് ഇൻറർനെറ്റ് സേവനത്തിനും ഈ ബേസിക് ഫോണിൽ ഫീച്ചറുകളുണ്ട്.
23 ഭാഷകളാണ് ഈ ജിയോ കീപാഡ് ഫോൺ പിന്തുണയ്ക്കുന്നത്. LED ടോർച്ച്, 1800 mAh ബാറ്ററി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയെല്ലാം ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 512 MB റാമും 128 GB വികസിപ്പിക്കാവുന്ന മെമ്മറിയും ഈ ഫോണിൽ നൽകിയിരിക്കുന്നു. ARM CortexTM A53 ആണ് ഫോണിലെ പ്രോസസർ.
നീല നിറത്തിലുള്ള ജിയോഫോൺ പ്രൈമയാണ് ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിയിട്ടുള്ളത്. 2,599 രൂപയാണ് വില. ഇഎംഐ ഓപ്ഷനിലും ഫോൺ പർച്ചേസ് ചെയ്യാം. എന്നാൽ നിലവിൽ ഈ ഫോണിന് എക്സ്ചേഞ്ച് ഓഫറുകൾ ലഭ്യമല്ല.