Samsung ഉപയോഗിക്കുന്നവർക്ക് അത്ര തൃപ്തികരമല്ലാത്ത വാർത്തയാണ് പുറത്തുവരുന്നത്. എന്നാൽ, ഇന്ത്യയിൽ സാംസങ് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇത് പ്രശ്നമാവില്ലെന്ന് ആദ്യമേ പറയാം.
എന്നാൽ സാംസങ് ഉപയോക്താക്കളുടെ പേര്, ഫോൺ നമ്പർ, അഡ്രസ്, ഇമെയിൽ വിലാസം എന്നിവ ഉൾപ്പെടുന്ന വ്യക്തിഗത വിവരങ്ങൾ മോഷണം ചെയ്യപ്പെട്ടു എന്നാണ് ന്യൂസ് 18, ദി ഹിന്ദു ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2019 ജൂലൈ 1 നും 2020 ജൂൺ 30 നും ഇടയിലാണ് ഈ data breach സംഭവിച്ചിരിക്കുന്നത്.
എന്നാൽ, എല്ലാ രാജ്യങ്ങളിലെയും സാംസങ് ഉപയോക്താക്കളുടെ വിവരങ്ങൾ അപകടത്തിലായിട്ടില്ല. യുകെയിൽ സാംസങ് ഫോണുകൾ ഓൺലൈൻ സ്റ്റോറിൽ നിന്ന് പർച്ചേസ് ചെയ്തവരുടെ വിവരങ്ങളാണ് സൈബർ ആക്രമണത്തിന് ഇരയായത്.
നവംബർ 13നാണ് സാംസങ് ഡാറ്റാ ലംഘനം കണ്ടെത്തിയത്. ഉപയോക്താക്കളുടെ ഡാറ്റ ഫോണിലുണ്ടായിരുന്ന ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷനിലെ ബഗ്ഗിലൂടെയാണ് ഹാക്കറുടെ പക്കലെത്തിയിരിക്കുന്നതെന്ന് സാംസങ് തിരിച്ചറിഞ്ഞു. എന്നാൽ ഏത് ആപ്പാണ് ഡാറ്റ ചോർത്തിയതെന്ന കാര്യത്തിൽ കമ്പനി വിശദീകരണം നൽകിയിട്ടില്ല.
Read More: നല്ല ക്യാമറ, മികച്ച ബാറ്ററി, അതും 20K ബജറ്റിൽ! നിങ്ങൾ അന്വേഷിക്കുന്ന 5G ഫോണുകൾ ഇവിടെയുണ്ട്
വ്യക്തിഗത വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടെങ്കിലും ഉപയോക്താക്കളുടെ ബാങ്ക് അക്കൌണ്ട് ഉൾപ്പെടുന്ന സാമ്പത്തിക വിവരങ്ങളോ മറ്റ് ക്രെഡൻഷ്യലുകളോ ഹാക്കർക്ക് കൈക്കലാക്കാൻ സാധിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും, ഇപ്പോൾ സംഭവിച്ച ഈ സുരക്ഷാ പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. മാത്രമല്ല, ഹാക്കിങ് യുകെ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്തതായും സാംസങ് വ്യക്തമാക്കി.
തുടരെത്തുടരെ സാംസങ്ങിൽ ഡാറ്റ മോഷണം നടക്കുന്നുവെന്നാണ് ചില റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കമ്പനിയെ ബാധിക്കുന്ന മൂന്നാമത്തെ സംഭവമാണ് ഇത്. മുമ്പ് 2023 ജൂലൈയിൽ, സാംസങ് ഉപഭോക്താക്കളുടെ പേരും കോൺടാക്റ്റുകളും ജനനത്തീയതിയും ഉൽപ്പന്ന രജിസ്ട്രേഷൻ ഡാറ്റയും ഹാക്കർ ആക്‌സസ് ചെയ്തതായി കണ്ടെത്തിയിരുന്നു. അതിനും മുമ്പ് മാർച്ച് മാസം സാംസങ്ങിന്റെ സുരക്ഷാ നെറ്റ്‌വർക്ക് ലംഘിച്ച് സൈബർ കുറ്റവാളികൾ ഗാലക്‌സി സ്മാർട്ട്‌ഫോണുകളുടെ സോഴ്‌സ് കോഡ് ഉൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ ഹാക്ക് ചെയ്തിരുന്നു.
ശ്രദ്ധിക്കുക, ഇന്ത്യയിലെ സാംസങ് ഉപയോക്താക്കളെ ഇത് ബാധിച്ചിട്ടില്ല. യുകെയിൽ നിന്നും ഫോൺ പർച്ചേസ് ചെയ്തവരുടെ വിവരങ്ങളാണ് ഹാക്ക് ചെയ്യപ്പെട്ടത്.
സ്മാർട്ഫോൺ വിപണിയിൽ ഐഫോണുകളെയും മറികടന്ന് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് സാംസങ്. തങ്ങളുടെ ഫോൾഡ്, ഫ്ലിപ് ഫോണുകളിലൂടെയും പ്രീമിയം ഫോണുകളിലൂടെയും കമ്പനി മികവുറ്റ പ്രകടനമാണ് സ്മാർട്ഫോൺ ലോകത്ത് കാഴ്ചവയ്ക്കുന്നത്. ഇതുതന്നെയാണ് വിപണിശ്രദ്ധ പിടിച്ചുപറ്റുന്നതിനും കാരണമായത്.