പ്രമുഖ ബ്രാൻഡുകൾ തമ്മിലുള്ള മത്സരം കൊഴുക്കുമ്പോൾ, അവർ പരസ്പരം പരസ്യമായി ട്രോളുന്നത് മുൻപും ഉണ്ടായിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തിൽ മാത്രമല്ല, നിത്യോപയോഗ സാധനങ്ങളിലും ഇത്തരം കൊമ്പ് കോർക്കൽ പല തവണ നമ്മൾ കണ്ടിട്ടുണ്ട്. ഇത്തരത്തിൽ പുതിയതായി നേരിട്ട് പോരിനിറങ്ങിയിരിക്കുന്നത് സ്മാർട്ട്ഫോണുകളിലെ രണ്ട് ഭീമൻ ബ്രാൻഡുകളാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആൻഡ്രോയിഡ് ഫോൺ നിർമാതാക്കളായ ദക്ഷിണ കൊറിയയുടെ സാംസങ് (Samsung) സാക്ഷാൽ ആപ്പിളിനോടാണ് മത്സരത്തിന് തിരിച്ചിരിക്കുന്നത്.
ബ്രാൻഡിൽ കേമൻ ഐഫോൺ (iPhone) ആണ്. എന്നാൽ, ആപ്പിളിന്റെ ഐഫോണിന് സാംസങ് ഗാലക്‌സി നൽകുന്ന പല സവിശേഷതകളും ഫീച്ചറുകളും പ്രദാനം ചെയ്യാൻ സാധിക്കില്ലെന്നാണ് സാംസങ് അവകാശപ്പെടുന്നത്. ഇത് ഉപയോക്താക്കളെ വിശ്വസിപ്പിക്കുന്നതിനായി സാംസങ് ഒരു ട്രോൾ രൂപേണ പരസ്യവും തയ്യാറാക്കിയിരിക്കുകയാണ്.
പുതിയതായി പുറത്തിറങ്ങിയ പരസ്യത്തിൽ ആപ്പിളിന്റെ പരിമിതികളെ പരിഹസിക്കുകയാണ് സാംസങ്. ഒപ്പം, സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡലിനുള്ള ഫ്ലിപ് (Flip Model) സവിശേഷത ഐഫോണിൽ സാധ്യമല്ലെന്നതും ദക്ഷിണ കൊറിയൻ ടെക് ഭീമൻ പരസ്യത്തിലൂടെ ട്രോളുന്നു.
സാംസങ്ങിന്റെ മടക്കാവുന്ന മോഡലുകൾ സ്‌മാർട്ട്‌ഫോണുകളുടെ ഭാവിയിൽ ഒരു വിപ്ലവമാകുമെന്നാണ് പ്രതീക്ഷ. ആപ്പിളിന് ഇതുവരെയും അത്തരത്തിൽ ഫ്ലിപ് മോഡൽ അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല എന്നതും പരസ്യത്തിൽ എടുത്തുപറയുന്നു.
പ്രീമിയം ശ്രേണിയിലുള്ള ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ആപ്പിൾ എടുക്കണോ സാംസങ് എടുക്കണോ എന്ന ആശയക്കുഴപ്പിത്തിലാകാറുണ്ട്. ഈ സംശയത്തിന് മറുപടിയായി സാംസങ്ങാണ് മികച്ചതെന്ന് പരസ്യത്തിൽ പറയുന്നു. 'ഗാലക്‌സി നിങ്ങളെ കാത്തിരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് പരസ്യം അവതരിപ്പിച്ചിരിക്കുന്നത്.
ഐഫോണ്‍ വാങ്ങണോ സാംസങ് വാങ്ങണോ എന്ന് ചിന്തിക്കുന്ന ഒരു യുവാവിനെ കാണിച്ചുകൊണ്ടാണ് പരസ്യം തുടങ്ങുന്നത്. വാങ്ങിക്കാൻ മികച്ച ഓപ്ഷൻ പുതിയ ഗ്യാലക്സി Z ഫ്ലിപ് 4 എന്ന മോഡലാണെന്ന് സുഹൃത്തായ പെൺകുട്ടി പറയുന്നു. തനിക്കും ഈ സംശയം ഉണ്ടായിരുന്നെന്ന് പെൺകുട്ടി യുവാവിനെ അറിയിക്കുന്നു. എന്നാൽ, തനിക്ക് സാംസങ് വാങ്ങാനാണ് ആഗ്രഹമെങ്കിലും ഐഫോൺ (iPhone) ഉപയോഗിക്കുന്ന സുഹൃത്തുക്കള്‍ എന്തുകരുതും എന്നുള്ളത് പ്രശ്നമാണെന്ന് യുവാവ് മറുപടി നൽകുന്നു. ഈ സമയം, ഗ്യാലക്സി Z ഫ്ലിപ് 4 യുവാവിന്റെ കൈയ്യിൽ കൊടുത്തുകൊണ്ട്, പുതിയ സാംസങ് ഫ്ലിപ് ഫോൺ കണ്ട് ആപ്പിൾ ആരാധകരും പിന്നാലെ വന്നോളുമെന്ന് പെൺകുട്ടി പറയുന്നു. ഇങ്ങനെ യുവാവും സാംസങ്ങിലേക്ക് തിരിയുന്നതായി കാണാം.
ആപ്പിളിന് ഫോൾഡബിൾ ഫോൺ അവതരിപ്പിക്കാൻ സാധിക്കാത്തതിനെ സാംസങ് പരസ്യമായി പരിഹസിക്കുകയാണ്. സാംസങ് അത്യാധുനിക മോഡലായ സാംസങ് Z ഫ്ലിപ് വിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.