എല്ലാ വർഷവും സ്മാർട്ട് ഫോൺ ഉപഭോക്താക്കൾ പ്രത്യേകിച്ച് സാംസങ്ങ് (Samsung) മൊബൈൽ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഫോണുകളിൽ ഒന്നാണ് ഗാലക്സി എസ് സീരീസ് (Galaxy S Series). കൊറിയയിൽ നിന്നുള്ള ഒരു ദിനപത്രത്തിൻ്റെ റിപ്പോർട്ട് പ്രകാരം 2023ൽ ഈ ശ്രേണിയിലെ പുതിയ സ്മാർട്ട്ഫോൺ 'S23' രണ്ട് മാസത്തിന് ശേഷം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയിൽ സാൻ ഫ്രാൻസിസ്കോയിൽ നടക്കുന്ന ചടങ്ങിൽ വച്ചായിരിക്കും പുതിയ എസ് തലമുറ ഫോണുകൾ അവതരിപ്പിക്കുന്നത്.
സ്നാപ്ഡ്രാഗൺ 8 രണ്ടാം ജനറേഷൻ പ്രോസസറുകളുമായി എത്തുന്ന ഈ പ്രീമിയം ഫോണിന് മുൻതലമുറ സീരീസുകളായ ഗാലക്സി S22,ഗാലക്സി S21 എന്നിവയെക്കാൾ വില കൂടുതലായിരിക്കും എന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എല്ലാ വർഷവും ആദ്യം സാംസങ്ങ് പുതിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാറുണ്ട്. ഈ വർഷം (2022) ഫെബ്രുവരിയിലാണ് ഗാലക്സി S22 സീരീസ് ഫോണുകൾ വിപണിയിലെത്തിയത്.
പുതിയ ഗാലക്സി S23 സീരിസിലെ അൾട്രാ എന്ന വേരിയൻറിൽ മൊബൈൽ ഡിവൈസുകൾക്കുള്ള ക്വാൽകോം ചിപ്‌സെറ്റായ സ്നാപ്ഡ്രാഗൺ 8GEN2 SoC ആയിരിക്കും ഉണ്ടാവുക. സാംസങ്ങിൻ്റെ Z ഫോൾഡ് 4 എന്ന 5G സ്മാർട്ട് ഫോണുകളിലേതിന് സമാനമായ ക്യാമറ രൂപകൽപ്പനയുമായി എത്തുന്ന ഈ സ്മാർട്ട് ഫോണുകൾക്ക് അവയിൽ നിന്നു വ്യത്യസ്തമായ 200 മെഗാപിക്സൽ പ്രധാന ക്യാമറ (ISOCELL HPI സെൻസർ) ആയിരിക്കും ഉണ്ടാവുക. അതോടൊപ്പം 12MP അൾട്രാ വൈഡ് സെൻസർ,10MP ടെലിഫോട്ടോ സെൻസർ എന്നിവയും ക്യാമറ മൊഡ്യൂളിൽ ഉണ്ടാകും.
S23 യുടെ അടിസ്ഥാന മോഡലിൽ 8GB പ്രധാന മെമ്മറിയും ( RAM), S23 അൾട്രാ മോഡലിൽ 12GB RAM ഉം ആണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് 13 അധിഷ്ഠിതമായി പ്രവർത്തിക്കുമെന്ന് കരുതുന്ന ഗാലക്സി S23 സീരിസിലെ സ്മാർട്ട് ഫോണുകളിൽ 2200 നിറ്റ്സ് (nits) ലൂമിനൻസ് പ്രദാനം ചെയ്യുന്ന സൂപ്പർ അമോലെഡ് (Super Amoled) ഡിസ്പ്ലേയാണ് പ്രതീക്ഷിക്കുന്നത്.