അതിശയകരമായ ഫീച്ചറുകളുമായാണ് Samsung Galaxy S24 കടന്നുവരിക. ആപ്പിൾ ഫോണുകളെ ഹൈ-ക്ലാസെന്ന് സങ്കൽപ്പിച്ച് നടന്നവരെ മാറ്റി ചിന്തിപ്പിച്ച ആൻഡ്രോയിഡ് സ്മാർട്ഫോൺ നിർമാതാക്കളാണ് സാംസങ്. കമ്പനിയുടെ പുതുപുത്തൻ ഫോണുകളായ എസ് 24 സീരീസിൽ ക്യാമറയിലും പ്രോസസറിലുമെല്ലാം ബഹുകേമമായ ഫീച്ചറുകളായിരിക്കും ഉൾപ്പെടുത്തുക.
സാംസങ് ഗാലക്സി എസ് 24 സ്മാർട്ട്‌ഫോണുകളുടെ ഫീച്ചറുകളെ പറ്റി പലപല അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും ഫോണിന്റെ വിലയെ കുറിച്ചോ മറ്റോ ഇതുവരെയും സാംസങ് ഒരു വ്യക്തത നൽകിയിട്ടില്ല. എന്നിരുന്നാലും, ഇപ്പോൾ ടെക് ലോകത്തിന്റെ മനം കവരുന്നത് സാംസങ് ഗാലക്സി എസ്24 ഫോണുകളുടെ അത്യാകർഷകമായ നിറങ്ങളാണ്.
ഫോൺ പുറത്തിറങ്ങാൻ ചുരുങ്ങിയ മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഇന്റർനെറ്റിൽ ഗാലക്സി എസ്24ന്റെ രസകരമായ വർണങ്ങളെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നത്.
ഈ വാർത്തകളിൽ പറയുന്നത് അനുസരിച്ച് കണ്ണഞ്ചിപ്പിക്കുന്ന 7 നിറങ്ങളാണ് തങ്ങളുടെ മൊബൈൽ ഫോണുകൾക്കായി ഒരുക്കുന്നത്. കറുപ്പ്, ചാരനിറം എന്നിവയിലും, വയലറ്റ്, നീല, ഓറഞ്ച്, മഞ്ഞ, പച്ച തുടങ്ങിയ രസകരമായ നിറങ്ങളിലും സാംസങ് ഗാലക്സി എസ്24 വിപണിയിൽ പ്രവേശിക്കും.
സാംസങ് ഗാലക്സി എസ്24 അൾട്രായിലും ആകർഷകമായ നിറങ്ങൾ പ്രതീക്ഷിക്കാം. അൾട്രാ ഫോണുകൾ ഗോൾഡൻ ഫ്രെയിമോട് കൂടിയ ‘ഗോൾഡൻ’ നിറത്തിലായിരിക്കും വരിക. ഇവയുടെ ഡിസൈനിലും ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ബ്ലാക്ക് ബെസൽ ഫീച്ചറും ചെറിയ പഞ്ച് ഹോളും ഉൾപ്പെടുത്തിയാണ് സാംസങ് ഗാലക്സി എസ്24 എത്തുന്നത്.
Read More: TRAI SIM Card Rules: പഴയ SIM-ലെ വിവരങ്ങൾ പുതിയ വരിക്കാരന് ലഭിക്കുമോ, TRAI പറയുന്നതെന്ത്!
കൂടാതെ, ഈ പഞ്ച് ഹോൾ കുറച്ചുകൂടി താഴേയ്ക്ക് ഇറക്കിയാണ് ക്രമീകരിച്ചിരിക്കുന്നത്. ജിസ്മെറിനയുടെ റിപ്പോർട്ടിൽ സാംസങ് തങ്ങളുടെ ഏറ്റവും പുതിയ അൾട്രാ ഫോണുകൾ കറുപ്പ്, പച്ച, ക്രീം, ലാവെൻഡർ, ഗ്രാഫൈറ്റ്, ആകാശനീല, നാരങ്ങ, ചുവപ്പ് നിറങ്ങളിൽ പുറത്തിറക്കുമെന്ന് പറയുന്നു.
സാംസങ് ഗാലക്സി എസ്24 പെർഫോമൻസിലും പവറിലുമെല്ലാം അതിശയകരമായ ഒരു ഫോണായിരിക്കുമെന്നാണ് പറയുന്നത്. ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ക്വാൽകോം, എക്‌സിനോസ് പ്രോസസറുകളായിരിക്കും ഇതിലുൾപ്പെടുത്തുക എന്നതാണ്. എന്നാൽ സ്നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് അൾട്രാ ഫോണിലുൾപ്പെടുത്തുന്ന ചിപ്സെറ്റ്.
ക്വാൽകോം എക്‌സിനോസ് പ്രോസസറുകളേക്കാൾ കൂടുതൽ വേഗതയേറിയതും വിശ്വസനീയവുമായ പ്രോസസറുകളാണ് സ്നാപ്ഡ്രാഗൺ ചിപ്സെറ്റുകൾ. വരാനിരിക്കുന്ന S24 സീരീസുകളിൽ ക്വാൽകോം ഉൾപ്പെടുത്തില്ലെന്നും, അമേരിക്ക ഒഴികെയുള്ള നാടുകളിൽ എസ്24ന്റെ അൾട്രാ പതിപ്പുകളിൽ ഇതുണ്ടാകുമെന്നും സൂചനകളുണ്ട്. ഇങ്ങനെ ക്വാൽകോം ഉൾപ്പെട്ട ഫോണുകൾ വന്നാലും അതിന് അടുത്ത വർഷമാകുമെന്നും പറയുന്നു.