സാംസങ് ഗാലക്സി എഫ്54 5ജി (Samsung Galaxy F54 5G) സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. ഈ മാസം ആദ്യം ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ മികച്ച സവിശേഷതകളുമായിട്ടാണ് വരുന്നത്. കടുത്ത മത്സരം നടക്കുന്ന 30,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിലേക്കാണ് സാംസങ്ങിന്റെ ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. എക്‌സിനോസ് ചിപ്‌സെറ്റ്, വലിയ ബാറ്ററി, ഉയർന്ന റെസലൂഷനുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, വൈബ്രന്റ് അമോലെഡ് ഡിസ്‌പ്ലേ എന്നിവയെല്ലാം ഈ പുതിയ സാംസങ് സ്മാർട്ട്ഫോണിലുണ്ട്.
സാംസങ് ഗാലക്സി എഫ്54 5ജി സ്മാർട്ട്ഫോണിന്റെ 8GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് ഇന്ത്യയിൽ 29,999 രൂപയാണ് വില. ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി, എസ്ബിഐ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 2,000 രൂപ കിഴിവും ലഭിക്കും. നോ കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓഫറുകളും സാംസങ് നൽകുന്നുണ്ട്. ബാങ്ക് കാർഡ് ഓഫറിലൂടെ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 27,999 രൂപയ്ക്ക് സ്വന്തമാക്കാം. ഒരു വേരിയന്റിൽ മാത്രാണ് സാംസങ് ഗാലക്സി എഫ്54 5G സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്.
സാംസങ് ഗാലക്സി എഫ്54 5ജിയുടെ വിൽപ്പന ഫ്ലിപ്പ്കാർട്ട്, സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെയാണ് നടക്കുന്നത്. റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ഫോൺ ലഭ്യമാകും. മെറ്റിയർ ബ്ലൂ, സ്റ്റാർഡസ്റ്റ് സിൽവർ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് സാംസങ് ഗാലക്സി എഫ്54 5G വരുന്നത്. ഫോണിന്റെ 8GB റാമും 256GB സ്റ്റോറേജുമുള്ള വേരിയന്റ് മാത്രമാണ് ഇപ്പോൾ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.
സാംസങ് ഗാലക്സി എഫ്54 5ജി സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റും വിഷൻ ബൂസ്റ്റർ ടെക്നോളജി സപ്പോർട്ടും ഉണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമായിട്ടാണ് ഈ ഡിസ്പ്ലെ വരുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് 1380 എസ്ഒസിയാണ്.
ക്യാമറകൾക്ക് പ്രധാന്യം നൽകിയാണ് സാംസങ് ഓരോ ഫോണും നിർമ്മിക്കുന്നത്. സാംസങ് ഗാലക്സി എഫ്54 5ജിയിലും ഇത് തുടരുന്നു. മൂന്ന് പിൻ ക്യാമറകളാണ് ഈ ഫോണിലുള്ളത്. 108 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാവൈഡ് ഷൂട്ടർ, 2 എംപി മാക്രോ യൂണിറ്റ് എന്നിവയടങ്ങുന്നതാണ് ഫോണിന്റെ റിയർ ക്യാമറ സെറ്റപ്പ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സാംസങ് ഗാലക്സി എഫ്54 5ജിയിൽ 32 എംപി സെൽഫി ക്യാമറയാണുള്ളത്.
25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള സാംസങ് ഗാലക്സി എഫ്54 5ജി സ്മാർട്ട്ഫോണിൽ 6,000 mAh ബാറ്ററിയാണുള്ളത്. വൈഫൈ6, 5ജി, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡർ, സ്റ്റീരിയോ സ്പീക്കറുകൾ, എൻഎഫ്സി എന്നിവയും ഈ ഹാൻഡ്‌സെറ്റിലുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് വൺ യുഐ 5.1ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.