ജൂലൈ 26ന് ആയിരുന്നു സാംസങ് അവരുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. സാംസങ് ഗാലക്സി Z ഫോൾഡ് 5, സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 എന്നീ സ്മാർട്ട് ഫോണുകളായിരുന്നു ജൂലൈ 26ന് സാസംങ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ തങ്ങളുടെ മറ്റൊരു ഫോൺ കുടെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സാംസങ്. സാംസങ് ഗാലക്സി എഫ് 34 ആഗസ്ത് 7ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിലും ഗാലക്സി എഫ് 34നായി പ്രത്യേകം പേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഫോൺ വാങ്ങാൻ താൽപര്യമുള്ള ഉപഭോക്താക്കൾക്ക് നോട്ടിഫൈ എന്ന ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താൽ ഫോൺ വിൽപനക്ക് എത്തുമ്പോൾ ഇവർക്ക് നോട്ടിഫിക്കേഷൻ എത്തുന്നതാണ്.
സാംസങ് അടുത്തിടെ പുറത്തിറക്കിയ ഗാലക്സി എം34 ന് സമാനമായ ഡിസൈനിൽ ആയിരിക്കും ഗാലക്സി എഫ് 34 പുറത്തിറങ്ങുന്നത് എന്ന് പ്രതീക്ഷിക്കുന്നു. വിലയെക്കുറിച്ച് ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും പുറത്ത് വന്നിട്ടില്ലെങ്കിലും 17,000 രൂപയിൽ താഴെയായിരിക്കും പുതിയ ഫോണിന് വില എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ അടിസ്ഥാന മോഡലിനാണ് ഈ വില പ്രവചിക്കപ്പെടുന്നത്. ഇലക്ട്രിക് ബ്ലാക്ക്, മിസ്റ്റിക് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ പുറത്തിറങ്ങുന്നത്.
6.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിൽ വാട്ടർ ഡ്രോപ്പ് നോച്ചും കട്ടിയുള്ള ബെസലും ഫോണിന് ഉണ്ടായിരിക്കും എന്നാണ് കരുതുന്നത്. ഡിസ്‌പ്ലേയിൽ ഫുൾ എച്ച്‌ഡി + റെസല്യൂഷൻ, 120 ഹെർട്‌സ് റിഫ്രഷ് റേറ്റ്, 1,000 നിറ്റ്സ് പീക്ക് തെളിച്ചം, ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം എന്നിവയും ഉണ്ടാകും. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള One UI 5.1.1ൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക.
ഫോണിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സജ്ജീകരിച്ചിരിക്കുന്ന 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ടായിരിക്കുമെന്നും കമ്പനി സൂചന നൽകുന്നുണ്ട്. 6000 എംഎഎച്ച് ബാറ്ററി ആയിരിക്കും ഗാലക്സി എഫ് 34ൽ ഉണ്ടാകുക. ഫൂൾ ചാർജിൽ രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് സാസംങ് അവകാശപ്പെടുന്നത്.