മികച്ച ഫീച്ചറുകളുമായി ഒരു 5G സ്മാർട്ട്ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് സാംസങ്. Samsung Galaxy F34 5G ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ ഫോണിന്റെ വിലയും മറ്റു സവിഷേഷതകളും നേരത്തെ പുറത്തുവന്നിരുന്നു. ഗാലക്സി എ34 5ജിയുടെ റീബ്രാൻഡഡ് പതിപ്പാണ് പുതിയ ഗാലക്സി എ34 എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ രണ്ട് മോഡലുകളുടെയും ഡിസൈൻ ഒരേപോലെയാണെങ്കിലും ഫീച്ചറുകളിൽ വ്യത്യാസമുണ്ട്. സാംസങ് ഗാലക്സി എഫ്34 5ജിയുടെ സവിശേഷതകൾ താഴെ നൽകുന്നു.
ഇലക്ട്രിക് ബ്ലാക്ക്, മിസ്റ്റിക് ഗ്രീൻ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ ഈ സ്മാർട്ട്ഫോൺ എത്തുന്നു.
6.46-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2340 x 1080 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 398 ppi പിക്‌സൽ ഡെൻസിറ്റി, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയോടെയാണ് എഫ്34 എത്തുന്നത്.
ഇൻ-ഹൗസ് ഒക്ടാ കോർ എക്‌സിനോസ് 1280 ചിപ്സെറ്റ് ആണ് ഈ 5ജി ഫോണിന്റെ കരുത്ത്. 8 ജിബി വരെ റാമും 128 ജിബി ഇൻബിൽറ്റ് സ്റ്റോറേജും ഈ പ്രോസസറിന്റെ അകമ്പടിക്ക് എത്തുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 5.1 ലാണ് പ്രവർത്തനം.
50 മെഗാപിക്‌സൽ പ്രൈമറി സെൻസർ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 8 മെഗാപിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്‌സൽ മാക്രോ സെൻസറും ഇതോടൊപ്പം എത്തുന്നു. ബായ്ക്ക് പാനലിന്റെ മുകളിൽ ഇടതുവശത്ത് ഒരു എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. ഗാലക്സി എഫ്34 5ജിയുടെ ഫ്രണ്ട് ക്യാമറ 13-മെഗാപിക്സലിന്റേതാണ്. ഡിസ്‌പ്ലേയുടെ മുകൾഭാഗത്ത് മധ്യഭാഗത്തായി വിന്യസിച്ചിരിക്കുന്ന വാട്ടർഡ്രോപ്പ് നോച്ചിൽ ആണ് ഈ സെൻസർ സ്ഥാപിച്ചിരിക്കുന്നത്.
6,000mAh ബാറ്ററിയാണ് സാംസങ് ഈ ഗാലക്സി എഫ്34 ൽ നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കായി, ഇതിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ സൗകര്യം നൽകിയിരിക്കുന്നു. 5G, GPS, NFC, Wi-Fi, Bluetooth v5.3, USB Type-C എന്നീ കണക്റ്റിവിറ്റി ഫീച്ചറുകളും ഈ സാംസങ് ഫോണിൽ ഉണ്ട്. 208 ഗ്രാം ഭാരമുള്ള ഈ ഹാൻഡ്‌സെറ്റിന് 161.7mm x 77.2mm x 8.8mm വലിപ്പമാണുള്ളത്.
സാംസങ് ഗാലക്സി എഫ്34 5ജിയുടെ 6 ജിബി റാം+ 128 ജിബി ഇന്റേണൽ സ്റ്റോറേജ് അടങ്ങുന്ന അടിസ്ഥാന വേരിയന്റ് 18,999 രൂപ വിലയിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 8ജിബി റാം+ 128 ജിബി ഇന്റേണൽ സ്റ്റോറേജ് ശേഷിയുള്ള മറ്റൊരു വേരിയന്റുകൂടി ലഭ്യമാണ്. 20,999 രൂപ വിലയിലാണ് ഇത് എത്തുന്നത്.
ഓഗസ്റ്റ് 12 മുതലാണ് എഫ്34 ന്റെ വിൽപ്പന ഇന്ത്യയിൽ ആരംഭിക്കുക. എന്നാൽ ഇപ്പോൾ മുതൽതന്നെ ഫോൺ പ്രീഓഡർ ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ഓഫറുകളും എഫ്34 ന് ലഭ്യമാക്കിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 2,111 രൂപ മുതലുള്ള നോ കോസ്റ്റ് ഇഎംഐ സൗകര്യം ലഭ്യമാണ്. കൂടാതെ 1000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഓഫറുകളും ലഭ്യമാണ്.