Samsung Galaxy A05s സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു കുറച്ചു നാളെ ആയുള്ളൂ. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി വരുന്ന Samsung Galaxy A05s ന്റെ പുതിയൊരു വേരിയന്റ് കൂടി ഇപ്പോൾ വിപണിയിലെത്തിയിരിക്കുകയാണ്. 4GB വേരിയന്റാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 6GB റാമുള്ള ഒരു വേരിയന്റിൽ മാത്രമേ ലഭ്യമായിരുന്നുള്ളു. പുതിയ വേരിയന്റിന്റെ വിൽപ്പനയും സാംസങ് ആരംഭിച്ചു.
ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റ്, 25W വയേഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററി തുടങ്ങിയ സവിശേഷതകളാണ് സാംസങ് ഗാലക്സി എ05എസ് സ്മാർട്ട്ഫോണിലുള്ളത്. കഴിഞ്ഞ മാസം ലോഞ്ച് ചെയ്തപ്പോൾ സാംസങ് ഗാലക്സി എ05എസ് സ്മാർട്ട്ഫോൺ 6GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിൽ മാത്രമേ ലഭ്യമായിരുന്നുള്ളു. ഇപ്പോൾ ഫോൺ 4GB റാമും 128GB സ്റ്റോറേജുമുള്ള ഓപ്ഷനിലും ലഭിക്കും.
സാംസങ് ഗാലക്സി എ05എസ് സ്മാർട്ട്ഫോണിന്റെ നേരത്തെ തന്നെ വിപണിയിലെത്തിയ 6GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന് 14,999 രൂപയാണ് വില. പുതിയ 4GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റ് 13,999 രൂപയാണ് വില. പുതിയ വേരിയന്റിന് 1000 രൂപ കുറവാണ്. ഈ വേരിയന്റ് ഓൺലൈനിൽ ലഭ്യമാണെന്ന് സാംസങ് സ്ഥിരീകരിച്ചു. കറുപ്പ്, ഇളം പച്ച, ഇളം വയലറ്റ് നിറങ്ങളിൽ ഫോൺ വിൽപ്പനയിലുണ്ട്.
സാംസങ് ഗാലക്സി എ05എസ് സ്മാർട്ട്ഫോൺ സാംസങ് എക്‌സ്‌ക്ലൂസീവ്, റീട്ടെയിൽ സ്റ്റോറുകൾ വഴിയും സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മറ്റ് ഇ-കൊമേഴ്‌സ് സൈറ്റുകളിലൂടെയും ലഭ്യമാകും. ഈ പ്ലാറ്റ്ഫോമുകളിലൂടെ ഫോൺ വാങ്ങുന്നവർ എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 1000 രൂപയുടെ ക്യാഷ്ബാക്ക് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
കൂടുതൽ വായിക്കൂ: BSNL Cheapest Plan: 30 ദിവസം വാലിഡിറ്റി, 50 രൂപയ്ക്ക് താഴെ BSNL-ൽ റീചാർജ് ചെയ്യാം…
6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080 x 2,4000 പിക്‌സൽ) പിഎൽഎസ് എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് സാംസങ് ഗാലക്സി എ05എസ് സ്മാർട്ട്ഫോൺ വരുന്നത്. ആൻഡ്രോയിഡ് 13 ബേസ്ഡ് വൺയുഐ 5.1ലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 680 എസ്ഒസിയാണ് ഫോണിന് കരുത്തേകുന്നത്. 4G എൽടിഇ, ഡ്യൂവൽ ബാൻഡ് വൈഫൈ, ബ്ലൂട്ടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ് ടി പോർട്ട് എന്നിവയും ഫോണിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റുമായിട്ടാണ് സാംസങ് ഗാലക്സി എ05എസ് വരുന്നത്. വൈഡ് ആംഗിൾ ലെൻസുള്ള 50 മെഗാപിക്സൽ സെൻസർ, മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. 25W വയേഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയുമായിട്ടാണ് സാംസങ് ഗാലക്സി എ05എസ് സ്മാർട്ട്ഫോൺ വരുന്നത്.