Nokia എന്നത് ഇന്ത്യക്കാർക്ക് വെറുമൊരു മൊബൈൽ ഫോണല്ല. ഫോണുകളിലേക്കുള്ള ഗൃഹാതുരത്വമാണ്. പലരോടും ചോദിച്ചാൽ അവർ ഉപയോഗിച്ച ആദ്യഫോൺ Nokia ആയിരിക്കും. എന്നാൽ നോക്കിയ വിപണിയിൽ നിന്ന് വിടവാങ്ങുന്നു എന്ന വാർത്തകളാണ് വരുന്നത്. ശരിക്കും നോക്കിയ നിർത്തലാക്കുകയാണോ? വാസ്തവം എന്തെന്ന് അറിയാം.
ഒരിക്കൽ മൊബൈല്‍ ഫോണ്‍ വിപണിയില്‍ 50 ശതമാനത്തിലധികം വിപണി വിഹിതമുണ്ടായിരുന്ന ബ്രാൻഡാണിത്. സ്മാർട്ഫോണുകൾക്ക് മുമ്പുള്ള കാലഘട്ടം വിപണി അടക്കിവാണത് നോക്കിയ ആയിരുന്നു.
ഇന്നും ടച്ച്ഫോണുകൾ ഉപയോഗിക്കാത്ത പ്രായമായവർക്ക് പ്രിയം നോക്കിയയോടാണ്. സ്മാർട്ഫോണിനോട് താൽപ്പര്യമില്ലാത്തവർക്കും കീപാഡ് ഫോണുകളിലെ ഫസ്റ്റ് ചോയിസ് നോക്കിയ തന്നെ. കൂടാതെ, സ്മാർട്ഫോണുകളിലും നോക്കിയ പയറ്റിനോക്കാതെയില്ല.
2016-മുതല്‍ HMD Global ആണ് നോക്കിയ ഫോണുകൾ പുറത്തിറക്കുന്നത്. ഫിൻലാൻഡ് ബ്രാൻഡായ ഇവരാണ് നോക്കിയ പേരിന്റെ ഔദ്യോഗിക ബ്രാൻഡ് ലൈസൻസ് സ്വന്തമാക്കിയിട്ടുള്ളത്. 2016 മുതൽ 10 വര്‍ഷത്തേക്കാണ് നോക്കിയ എന്ന ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനുള്ള ലൈസന്‍സ്. അതായത്, ഇനി 2 വർഷം കൂടി എച്ച്എംഡി ഗ്ലോബലിന് നോക്കിയ പേര് ഉപയോഗിക്കാം.
എന്നാൽ നോക്കിയ എന്ന ബ്രാൻഡിനെ എച്ച്എംഡി ഒഴിവാക്കാൻ പോവുകയാണെന്ന് വാർത്തകൾ പ്രചരിച്ചു. സ്വന്തം നിലയില്‍ ഒരു ബ്രാന്‍ഡായി മാറുന്നതിനാണ് എച്ച്എംഡി ഇപ്പോൾ ശ്രമിക്കുന്നത്. അതിനാൽ നോക്കിയ എന്ന പേര് ഒഴിവാക്കുന്നുവെന്ന് എച്ച്എംഡി CMO സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സ്വന്തം ബ്രാൻഡിൽ ഫോണുകൾ പുറത്തിറക്കാനുള്ള താൽപ്പര്യം കമ്പനി മുമ്പും അറിയിച്ചിട്ടുണ്ട്. എന്നാൽ അപ്പോഴും നോക്കിയയെ കൈവിടില്ലെന്നായിരുന്നു ടെക് ലോകം പ്രതീക്ഷിച്ചത്. എന്നാൽ സിഎംഒ ലാർസ് സിൽബർബോവറിന്റെ അറിയിപ്പ് ഞെട്ടിപ്പിച്ചു.
നോക്കിയ വിടവാങ്ങുന്നുവെന്ന് വാർത്തകൾ വളരെ പെട്ടെന്ന് പ്രചരിച്ചു. ഇതിന് പിന്നാലെ ഇതിൽ കമ്പനി പ്രതികരിക്കുകയും ചെയ്തു.
നോക്കിയയെ ഉപേക്ഷിക്കില്ലെന്നാണ് എച്ച്എംഡി ഒരു പത്രക്കുറിപ്പിൽ അറിയിച്ചത്. തങ്ങളുടെ പുതിയ ഉപകരണങ്ങൾക്കൊപ്പം പുതിയ നോക്കിയ ഫോണുകൾ നിർമിക്കുകയും ചെയ്യും.
‘ഞങ്ങൾ കൂടുതൽ സുസ്ഥിരവും ബജറ്റിൽ ഒതുങ്ങുന്നതുമായ ഫോണുകൾ പുറത്തിറക്കുന്നത് തുടരും. ഒരു ലൈസൻസി ബ്രാൻഡ് എന്ന നിലയിൽ നിന്ന് ഒരു ബ്രാൻഡ് ഉടമയിലേക്ക് ഞങ്ങൾ ഇന്ന് മാറി.’ ഈ ചുവടുവയ്പ്പ് എച്ച്എംഡിക്ക് വലിയ പ്രാധാന്യമുള്ളതാണെന്നും എച്ച്എംഡി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സ്വന്തം ബ്രാൻഡിൽ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുമെന്ന് എച്ച്എംഡി അറിയിച്ചു. എന്നാൽ എച്ച്എംഡി ഒറിജിനൽ ബ്രാൻഡ് നെയിമിൽ എന്തെല്ലാം ഉൽപ്പന്നങ്ങളാണ് കൊണ്ടുവരുന്നത്? ഇക്കാര്യത്തിൽ കമ്പനി ഒരു വ്യക്തതയും നൽകിയിട്ടില്ല. നോക്കിയയ്ക്ക് സ്മാർട്ഫോണുകൾ നിർമിച്ചു നൽകുന്ന ഫോക്സ്കോൺ ആയിരിക്കും എച്ച്എംഡി പ്രൊഡക്റ്റുകളുടെയും നിർമാതാവെന്ന് പ്രതീക്ഷിക്കാം.
READ MORE: മാർച്ച് മുതൽ Paytm FASTag ഉപയോഗിക്കാനാകില്ലേ! എങ്ങനെ ഡീആക്ടിവേറ്റ് ചെയ്യാം? TECH NEWS