ജനപ്രിയ ആൻഡ്രോയിഡ് ഫോണുകളായ റെഡ്മി (Redmi) ജനുവരി 5ന് ഇന്ത്യയിൽ റെഡ്മി നോട്ട് 12 പ്രോ+ (Redmi Note 12 Pro+) അവതരിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ റെഡ്മി നോട്ട് 12 പ്രോ പ്ലസ്സിനൊപ്പം മറ്റേതെങ്കിലും ഫോണുകൾ കൂടി സീരീസിൽ ഉൾപ്പെടുത്തുമോ എന്നതിൽ വ്യക്തയില്ലായിരുന്നു. എന്നാൽ ഏറ്റവും പുതിയതായി വരുന്ന വാർത്ത റെഡ്മി നോട്ട് 12 സീരീസിൽ പ്രോ പ്ലസ്സിനെ കൂടാതെ, റെഡ്മി നോട്ട് 12 പ്രോ(Redmi Note 12 Pro)യും വിപണിയിൽ എത്തിക്കുമെന്നതാണ്. റെഡ്മി നോട്ട് 12 പ്രോ+ന്റെ അതേ ലോഞ്ച് ചടങ്ങിൽ വച്ച് റെഡ്മി നോട്ട് 12 പ്രോയും ഇന്ത്യയിൽ പുറത്തിറക്കും.
റെഡ്മി ഇന്ത്യ ട്വിറ്ററിൽ പങ്കുവച്ച ഫോണിന്റെ ടീസർ കാമ്പെയ്‌നാകട്ടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റെഡ്മി നോട്ട് 12 പ്രോ ജനുവരി 5(January 5)ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നും ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനാണെന്നും ഷവോമി (Xiaomi) വ്യക്തമാക്കിയിരുന്നു.
ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 12 പ്രോ(Redmi Note 12 Pro)യുടെ സ്പെസിഫിക്കേഷനുകൾ ആസ്പദമാക്കി പരിശോധിക്കുകയാണെങ്കിൽ, ഈ സ്മാർട്ട്‌ഫോണിന് 1080 x 2400 പിക്‌സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് സ്‌ക്രീനുണ്ടായിരിക്കും. 120Hz റീഫ്രെഷ് റേറ്റ് വരുന്ന ഡിസ്‌പ്ലേയാണ് റെഡ്മിയുടെ ഈ സ്മാർട്ട്ഫോണിനുള്ളത്. ഡോൾബി വിഷനും HDR10+ഉം ഉണ്ടായിരിക്കും. ഇത് മീഡിയാടെക് ഡൈമൻസിറ്റി 1080 (6 nm) SoCൽ പ്രവർത്തിക്കുന്നതായിരിക്കും. കൂടാതെ 4 വ്യത്യസ്ത മെമ്മറി സ്റ്റോറേജ് കോമ്പിനേഷനുകളുള്ള മോഡലുകളാണ് വരുന്നത്. അതായത്, 128GB + 6GB റാം, 128GB+ 8GB റാം, 256GB + 8GB റാം, 256GB + 12GB റാം എന്നിവയാണ് അവ.
ക്യാമറ മൊഡ്യൂളിൽ 50MP പ്രൈമറി സെൻസർ(OISനൊപ്പം), 8MP അൾട്രാ വൈഡ് ലെൻസ്, 2MP മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഇതിൽ ഉൾപ്പെടുന്നു. 16MP ഫ്രണ്ട് ക്യാമറയും റെഡ്മി നോട്ട് 12 പ്രോ(Redmi Note 12 Pro)യിൽ വരുന്നു. 67W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5000 mAh ബാറ്ററി കപ്പാസിറ്റിയുള്ള ഫോണുകളാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. ഈ സ്‌മാർട്ട്‌ഫോണിന് ഏകദേശം 20,590 രൂപ വില വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.