മൂന്നാം വാർഷികം ആഘോഷിക്കുന്ന ഷവോമിയിൽ നിന്നും ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത സ്മാർട്ട്ഫോൺ; റെഡ്മി 5 സാധാരണക്കാരന്റെ പോക്കറ്റിനൊതുങ്ങുന്ന ബജറ്റ് സ്മാർട്ട്ഫോണായിരിക്കുമെന്ന സൂചനകൾ നിലനിൽക്കേ അതിന്റെ കൂടുതൽ സവിശേഷതകൾ കൂടി പുറത്ത് വന്നു. സർവീസ് സെന്ററുകളുടെ അഭാവം ചൂണ്ടിക്കാട്ടുമ്പോഴും വിലയ്‌ക്കൊത്ത മൂല്യം നൽകിക്കൊണ്ട് ഇന്ത്യയിലും വിദേശത്തും ഷവോമി ഫോണുകൾ ശ്രദ്ധ നേടുകയാണ്.
കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
ഈ ഫോണിന്റേതെന്നു കരുതുന്ന പുറത്ത് വന്ന ചിത്രങ്ങളിൽ മുൻ മോഡലുകൾക്ക് സമാനമായ മുൻ ഭാഗവും ആകർഷകമായ രൂപകൽപ്പനയോടു കൂടിയ പിൻഭാഗവുമാണുള്ളത്. ഫിംഗർപ്രിന്റ് സ്കാനറിനെ ഫോണിന്റെ പിന്ഭാഗത്ത് തന്നെ നിലനിർത്തിക്കൊണ്ടും പ്രധാന ക്യാമറയെ ഫോണിനു പിന്നിൽ ഇടതു മുകളിലായി ഒതുക്കിക്കൊണ്ടും ഡിസൈൻ മികവിലാണ് റെഡ്മി 5 എത്തുന്നത്.
രണ്ടു പ്രൊസസർ വേർഷനുകളിൽ വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന റെഡ്മി 5 രണ്ടു വിലയിൽ ഉപഭോക്ത്താവിനു ഫോൺ സ്വന്തമാക്കാൻ അവസരമൊരുക്കിയേക്കും. ഒരു മോഡൽ സ്നാപ്ഡ്രാഗൺ 625 ചിപ്പ് പിടിപ്പിച്ചെത്തുമ്പോൾ മറ്റൊന്ന് സ്നാപ്ഡ്രാഗൺ 630 SoC ഉൾപ്പെടുത്തിയാകും എത്തുന്നത്.ആദ്യ പ്രോസസറിനൊപ്പം 3 ജിബി റാമും രണ്ടാമത്തേതിനോപ്പം 4 ജിബി റാമുമെത്തുമ്പോൾ ഉപഭോക്താവിന് തിരഞ്ഞെടുപ്പ് കൂടുതൽ എളുപ്പമാകും.
3 ജിബി റാമും സ്നാപ്ഡ്രാഗൺ 625 പ്രോസസറുമായി എത്തുന്ന ഫോണിൽ 16 ജിബി,32 ജിബി എന്നിങ്ങനെ രണ്ടു സ്റ്റോറേജ് ഓപ്‌ഷനുകൾ ലഭ്യമാകും എന്നാൽ സ്നാപ്ഡ്രാഗൺ 630 SoC, 4 ജിബി റാം എന്നിവയോടെത്തുന്ന ഫോൺ 64 ജിബി ആന്തരിക സംഭരണ ശേഷിയോടെ മാത്രമാകും ഉപഭോക്താക്കളിലേക്കെത്തുക.
5 ഇഞ്ച് 1080p ഐപിഎസ് എൽസിഡി ഡിസ്പ്ളേയോടെയെത്തുന്ന ഫോണിന് യൂണിമെറ്റൽ ബോഡി രൂപകല്പനയാണുള്ളത്.16 എംപി പ്രധാന ക്യാമറയ്‌ക്കൊപ്പം 5 എംപി സെൽഫി ഷൂട്ടറും ഉൾപ്പെടുത്തിയാണ് റെഡ്മി 5 എത്തുക. ആൻഡ്രോയിഡ് 7.1.1 അടിസ്ഥാനമായ MIUI 9 ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിൽ ആയിരിക്കും ഫോൺപ്രവർത്തിക്കുക.
3,680 എം.എ.എച്ച് ലിഥിയം-അയോൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ ഷവോമി ഫോണിൽ ഇരട്ട സിമ്മുകൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യവും മെമ്മറി കാർഡ് ഇടാനുള്ള പ്രത്യേക സ്ലോട്ടും ഉണ്ട്. 4G VoLTE, GPS, Bluetooth 4.1 LE, Wi-Fi 802.11 a/b/g/n എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങൾ ഉള്ള ഫോണിൽ Qualcomm Quick Charge 3.0 സൗകര്യവും ലഭ്യമാകും.