വിപണിയിലെ ശ്രദ്ധേയ സ്മാർട്ഫോൺ ബ്രാൻഡായ ഷവോമിയുടെ പുതിയ പോരാളി ഇന്നെത്തും. ലോ- ബജറ്റ് വിഭാഗത്തിൽ പെട്ട Redmi 13C 5G ഇന്ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇതിനകം തന്നെ ഈ ആൻഡ്രോയിഡ് ഫോൺ ആഗോളവിപണിയിൽ അവതരിപ്പിച്ചു. എന്നാൽ ഇന്ത്യൻ പതിപ്പിൽ എന്തെല്ലാമായിരിക്കും പ്രത്യേകതയെന്ന് നോക്കാം.
ഇന്ന് ഡിസംബർ 6ന് ഫോൺ ലോഞ്ച് ചെയ്യും. 6.74-ഇഞ്ച് HD+ സ്‌ക്രീനും 90Hz റീഫ്രെഷ് റേറ്റും വരുന്ന സ്മാർട്ഫോണാണിത്. ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷനിലായിരിക്കും റെഡ്മി 13സി അവതരിപ്പിക്കുക. 5,000 mAh ആണ് ഫോണിന്റെ ബാറ്ററി. ഇത് 18W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഫോണിന് പെർഫോമൻസ് നൽകുന്നതിന് മീഡിയടെക് ഡൈമൻസിറ്റി ചിപ്‌സെറ്റ് ഈ റെഡ്മി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ലാണ് റെഡ്മി 13സി പ്രവർത്തിക്കുന്നത്. എന്നാൽ ഫോണിൽ ഏറ്റവും പുതിയ OSലേക്കുള്ള അപ്ഡേഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.
ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ റെഡ്മി ഫോണിൽ 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് എഐ സപ്പോർട്ടുള്ള ഫോണാണ്. ബജറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഈ സ്മാർട്ഫോണിൽ ഡ്യുവൽ ക്യാമറയായിരിക്കും ഉൾപ്പെടുത്തുന്നതെന്നും ചില സൂചനകളുണ്ട്.
ഫോണിന്റെ ഫീച്ചറുകളെ പറ്റി ഇതുവരെ റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. ഫോണിൽ പഞ്ച്-ഹോൾ ഡിസ്പ്ലേയായിരിക്കുമെന്ന് പറയുന്നുണ്ട്. എന്നിരുന്നാലും ഇതിൽ സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. ഫോണിലെ പ്രോസസർ നേരത്തെ പറഞ്ഞ പോലെ ഡൈമൻസിറ്റി 6100 പ്ലസ് ആയിരിക്കും.
ഇന്ന് വരുന്ന പുതിയ റെഡ്മി ഫോൺ റെഡ്മി 13R ന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കുമെന്നും ചില സൂചനകളുണ്ട്. റെഡ്മി ഫോണിൽ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ടായിരിക്കുമെന്ന് പറയുന്നു. ഇതിന് പുറമെ, 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റ് കൂടി റെഡ്മി 13സിയിലുണ്ടാകും.
സ്റ്റാർട്രെയ്ൽ ബ്ലാക്ക്, സ്റ്റാർട്രെയിൽ സിൽവർ, സ്റ്റാർട്രെയിൽ ഗ്രീൻ എന്നീ ആകർഷകമായ നിറങ്ങളിൽ ഫോൺ വിപണിയിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ പറയുന്നത്. 10,000 രൂപ റേഞ്ചിലുള്ള സ്മാർട്ഫോണായിരിക്കും റെഡ്മി 13സി എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഫോൺ പുറത്തിറക്കുന്നത്. ലോഞ്ച് തത്സമയം റെഡ്മിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ കാണാം.
Also Read: 107 രൂപയ്ക്ക് 3GB ഡാറ്റ, 35 ദിവസം വാലിഡിറ്റി! BSNL കേരളക്കാർക്കുള്ള റീചാർജ് പാക്കേജിതാ…
മേൽപ്പറഞ്ഞവയെല്ലാം ഇന്ന് ഇന്ത്യയിലെത്തുന്ന റെഡ്മി 13സിയുടെ 5G ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളാണ്. ഇതിന് പുറമെ, ഒരു 4G ഫോൺ കൂടി വിപണിയിൽ എത്തിയേക്കും. ഈ 4ജി സെറ്റിൽ മീഡിയാടെക് ഹീലിയോ G85 SoC ആയിരിക്കും ഉൾപ്പെടുത്തുക. സ്റ്റാർട്രെയ്ൽ ബ്ലാക്ക്, സ്റ്റാർട്രെയിൽ ഗ്രീൻ എന്നീ 2 നിറങ്ങളിലായിരിക്കും ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.