ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോ ആയ മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2023 ന്റെ വേദിയിൽ വച്ചായിരുന്നു റിയൽമി സൂപ്പർഫാസ്റ്റ് ചാർജിങ് സ്പീഡുള്ള തങ്ങളുടെ ഈ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. 240W ഫാസ്റ്റ് ചാർജിങ് ആണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കണക്കാക്കുന്നത്.
240W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ആദ്യ സ്മാർട്ട്ഫോണാണ് Realme GT3. വെറും 9 മിനിറ്റുകൊണ്ട് 90 ശതമാനം ചാർജ് ചെയ്യാൻ ഈ 240W ചാർജറിന് നിസാരമായി സാധിക്കും എന്ന് റിയൽമി അവകാശപ്പെടുന്നു. പരമാവധി വേഗത്തിൽ തങ്ങളുടെ സ്മാർട്ട്ഫോൺ ചാർജ് ആകണം എന്ന് ആഗ്രഹിക്കുന്നവരെയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. സ്മാർട്ട്ഫോൺ ചാർജിങ് സാങ്കേതികവിദ്യയിൽ തങ്ങൾക്കുള്ള മികവ് ജിടി 3യിലൂടെ റിയൽമി വ്യക്തമാക്കുന്നുണ്ട്. 2022-ൽ 150W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള ഫോൺ ആദ്യമായി പുറത്തിറക്കിയത് റിയൽമി ആയിരുന്നു. ഇപ്പോൾ 2023 ൽ 240W ഫാസ്റ്റ് ചാർജിങ്ങ് ആദ്യമായി അവതരിപ്പിച്ചുകൊണ്ട് റിയൽമി തങ്ങളുടെ കഴിവും കരുത്തും ഒരിക്കൽക്കൂടി അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നു.
ഫാസ്റ്റ് ചാർജിങ്ങിൽ മാത്രമല്ല ഫാസ്റ്റ് പെർഫോമൻസിലും ഈ റിയൽമി സ്മാർട്ട്ഫോൺ മുന്നിട്ടുനിൽക്കും എന്നാണ് കമ്പനി പറയുന്നത്. സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്സെറ്റ് കരുത്തുമായാണ് റിയൽമി ജിടി 3 എത്തുന്നത്. എത്ര കഠിനമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാലും താപനില നിലനിർത്താൻ സ്റ്റെയിൻലെസ് സ്റ്റീൽ വേപ്പർ കൂളിംഗ് സിസ്റ്റവും ഇതിൽ നൽകിയിരിക്കുന്നു.
144Hz-റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് സ്‌ക്രീൻ ആണ് ജിടി 3യിൽ നൽകിയിരിക്കുന്നത്. 40Hz, 45Hz, 60Hz, 72Hz, 90Hz, 120Hz, 144Hz എന്നീ റിഫ്രഷ് റേറ്റുകൾക്കിടയിൽ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കാൻ ഈ സ്മാർട്ട്ഫോണിൽ സംവിധാനമുണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു. 1,400 nits പീക് ബ്രൈറ്റ്നസും 2772 x 1240 പിക്സൽ (1.5K) റെസല്യൂഷനും ഇതിലുണ്ട്.
50എംപി പ്രൈമറി ക്യാമറ നയിക്കുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 2എംപി മൈക്രോസ്കോപ്പ് ലെൻസും 8എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസുമാണ് പ്രധാന ക്യാമറയോടൊപ്പം എത്തുന്നത്. ഗംഭീര സെൽഫികൾക്കും വീഡിയോ കോളിങ്ങിനുമായി 16എംപി ഫ്രണ്ട് ക്യാമറയുമുണ്ട്.
4600എംഎഎച്ച് ബാറ്ററി ആണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. എക്സ്-ആക്സിസ് ലീനിയർ മോട്ടോറിനുള്ള പിന്തുണ, ഡോൾബി അറ്റ്‌മോസുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് മറ്റ് സവിശേഷതകൾ. ബാറ്ററി ലെവൽ, ഇൻകമിംഗ് കോളുകൾ, അറിയിപ്പുകൾ, ക്യാമറ കൗണ്ട്ഡൗൺ എന്നിവ സൂചിപ്പിക്കുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ലൈറ്റ് റിംഗ് സഹിതമാണ് ജിടി 3 എത്തുന്നത്.