240W ഫാസ്റ്റ് ചാർജിങ്ങുമായി റിയൽമി GT നിയോ 5 ഫോണുകൾ
റിയൽമിയുടെ പുതിയ ഫോൺ ; റിയൽമി ജിടി നിയോ 5 എത്തുന്നത് 240W ഫാസ്റ്റ് ചാർജ്ജിങ് പിന്തുണയോടെ
150 W ഫാസ്റ്റ് ചാർജിങ് പിന്തുണക്കുന്ന മറ്റൊരു വേരിയന്റ് കൂടി പ്രതീക്ഷിക്കുന്നു
6.5 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഡിസ്പ്ലേയോടെ രണ്ട് വേരിയന്റുകളിലാകും റിയൽമി ജിടി നിയോ 5 എത്തുന്നത്
കുറഞ്ഞ കാലം കൊണ്ട് സ്മാർട്ട്ഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയ മൊബൈൽ ഫോൺ നിർമാതാക്കളായ റിയൽമി (Realme) അവരുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ മോഡലായ റിയൽമി ജിടി നിയോ 5
(Realme GT Neo 5) വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. പ്രധാനമായും രണ്ടു വേരിയന്റുകളിലാകും ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത്; റിയൽമി ജിടി നിയോ5 ( Realme GT Neo 5), റിയൽമി ജിടി നിയോ5T( Realme GT Neo5T) എന്നിവയായിരിക്കും അവ.
റിയൽമി വിപണിയിലെത്തിക്കുന്ന പുതിയ സ്മാർട്ട് ഫോണിന്റെ ചാർജറുകളെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് നിരവധി ഓൺലൈൻ ഫോറങ്ങളിലും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പങ്കുവച്ചു കാണുന്നത്. ഇത്തരം ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട് 240 വാട്ട് ശേഷിയുള്ള ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയായിരിക്കും റിയൽമിയുടെ പുതിയ സ്മാർട്ട്ഫോണുകൾ എത്തുന്നത്.
റിയൽമി ജിടി നിയോ 5 ന്റെ ചാർജ്ജിംഗ് സവിശേഷതകൾ
240 വാട്ട് ശേഷിയുള്ള ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ എത്തുന്ന ഈ സ്മാർട്ട് ഫോണിന് 150 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണക്കുന്ന ബാറ്ററി പ്രതീക്ഷിക്കുന്നുണ്ട്. 200 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ എത്തുന്ന മറ്റൊരു വേരിയന്റിൽ 5000mAh ശേഷിയുള്ള ഡ്യുവൽ സെൽ ബാറ്ററിയാകും ഉണ്ടാവുക. എന്നാൽ 150 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ എത്തുന്ന വേരിയന്റിൽ 4600mAh ശേഷിയുള്ള മറ്റൊരു ഡ്യുവൽ സെൽ ബാറ്ററിയായിരിക്കുമുള്ളത്.
റിയൽമി GT നിയോ 5ൽ പ്രതീക്ഷിക്കുന്ന പ്രത്യേകതകൾ
6.5 ഇഞ്ച് വലിപ്പമുള്ള ഒരു ഫുൾ എച്ച് ഡി+ (FHD+) അമോലെഡ് ( AMOLED) ഡിസ്പ്ലെയാണ് റിയൽമി ജിടി നിയോ 5 സ്മാർട്ട് ഫോണിൽ പ്രതീക്ഷിക്കുന്നത്. 120 Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്ന ഈ ഡിസ്പ്ലേയ്ക്കൊപ്പം ഫോണിന് കരുത്തു പകരുന്നത് മീഡിയാടെക് ഡിമെൻസിറ്റി 9 ശ്രേണിയിലെ പ്രോസസറാകും. 50 മെഗാപിക്സൽ ശേഷിയുള്ള പ്രധാന ക്യാമറ ഉൾപ്പടെയുള്ള ട്രിപ്പിൾ ക്യാമറ മൊഡ്യൂൾ പ്രതീക്ഷിക്കുന്ന സ്മാർട്ട് ഫോണിൽ 16MP യുടേതോ അല്ലെങ്കിൽ 32 എംപിയുടേതോ ആയ ഒരു സെൽഫി ഷൂട്ടറാണ് ഉണ്ടാവുക. ആൻഡ്രോയ്ഡ് 13 ഒ എസ് അധിഷ്ഠിതമായ റിയൽമിയുടെ യുഐ 4.0 ഇന്റർഫേസാകും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ എന്ന് പുറത്തിറങ്ങും എന്നതിനെപ്പറ്റി നിലവിൽ യാതൊരു വിവരങ്ങളും ലഭ്യമല്ല എങ്കിലും റിയൽമി ജിടി നിയോ 5 ശ്രേണി സ്മാർട്ട് ഫോണുകൾ 2023ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ ഏതെങ്കിലുമൊരു ദിവസമായിരിക്കും ആഗോളവിപണിയിൽ അവതരിപ്പിക്കുക.