സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ മറ്റെല്ലാ ഘടകങ്ങളെയും പോലെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും എത്രയാണ് എന്ന് നോക്കുന്നവരാണ് മിക്കവരും. അധിക നേരം ഫോൺ ചാർജ് ചെയ്യാൻ ആർക്കും താല്പര്യം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ റിയൽമി അതിവേഗ ചാർജിങ് സപ്പോർട്ടുമായി പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുകയാണ്. 240W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള റിയൽമി ജിടി നിയോ 5 (Realme GT Neo 5) എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ഡിവൈസ് 150W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള മോഡലായും ലഭ്യമാകും. 144Hz റിഫ്രഷ് റേറ്റ് ഉള്ള 1.5K ഡിസ്‌പ്ലേയും ഒഐഎസ് സപ്പോർട്ടുള്ള ക്യാമറ സെറ്റപ്പും ഫോണിലുണ്ട്.
റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ മൂന്ന് കളർ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പർപ്പിൾ റിയൽമി ഫാന്റസി (പർപ്പിൾ), വൈറ്റ് കറുപ്പ് എന്നിവയാണ് ഈ നിറങ്ങൾ. 150W ഫാസ്റ്റ് ചാർജിങ്, 240W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടാണ് റിയൽമി ജിടി നിയോ 5 വരുന്നത്.
റിയൽമി ജിടി നിയോ 5 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസിയാണ്. ഇതിനൊപ്പം അഡ്രീനോ ജിപിയു 730യും ഉണ്ട്. 5 എൻഎഫ്‌സിയുമായിട്ടാണ് ഈ ഡിവൈസ് വരുന്നക്. ആൻഢ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
മൂന്ന് പിൻ ക്യാമറകളുമായിട്ടാണ് റിയൽമി ജിടി നിയോ 5 വരുന്നത്. 50 മെഗാപിക്സൽ സോണി IMX890 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ഈ ഡിവൈസിലെ ക്യാമറകൾ. ഫോണിലെ ഹോൾ-പഞ്ച് കട്ട്ഔട്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സാംസങ് S5K3P9 സെൻസർ നൽകിയിട്ടുണ്ട്.
റിയൽമി ജിടി നിയോ 5ന്റെ 240W വേരിയന്റിൽ 4,600mAh ബാറ്ററിയാണ് റിയൽമി നൽകിയിട്ടുള്ളത്. ഇതിൽ 20V/12A അഡാപ്റ്ററും ഉൾപ്പെടുന്നു. ഫോണിന്റെ 150W വേരിയന്റിൽ 5,000mAh ബാറ്ററിയും 20V/8A അഡാപ്റ്ററുമുണ്ട്. 240W വേരിയന്റിനായുള്ള 20V/12A അഡാപ്റ്ററിന് 80 സെക്കൻഡിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 20 ശതമാനവും 4 മിനിറ്റിനുള്ളിൽ 50 ശതമാനവും 10 മിനിറ്റിനുള്ളിൽ 100 ശതമാനവും ചാർജ് ചെയ്യാൻ കഴിയും.