വൺപ്ലസ് പുത്തൻ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. വൺപ്ലസിന് ജനപ്രീതി നേടിക്കൊടുക്കുന്നതിൽ പ്രധാനപങ്കുവഹിച്ച നോർഡ് സീരിസിലേക്ക് പുതിയതായി വൺപ്ലസ് നോർഡ് 3, വൺപ്ലസ് നോർഡ് സിഇ 3 എന്നിവയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
വൺപ്ലസ് നോർഡ് 3: മീഡിയടെക് ഡൈമെൻസിറ്റി 9000 ചിപ്‌സെറ്റ് കരുത്തിൽ, 16 ജിബി റാമിന്റെ അകമ്പടിയോടെയാണ് വൺപ്ലസ് നോർഡ് 3 എത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ നോർഡ് 2ടിയെക്കാൾ വില അൽപ്പം കൂടുതലാണ്
രണ്ട് വേരിയന്റുകളിലാണ് വൺപ്ലസ് നോർഡ് 3 എത്തുന്നത്. അതിൽ ഏറ്റവും കുറഞ്ഞ മോഡൽ 8ജിബി LPDDR5X റാമും 128ജിബി ഇന്റേണൽ സ്റ്റോറേജും അടങ്ങുന്നതാണ്. നോർഡ് 3യുടെ ഉയർന്ന വേരിയന്റിൽ 16 ജിബി LPDDR5X റാമും 256ജിബി UFS 3.1 സ്റ്റോറേജും നൽകിയിരിക്കുന്നു.
120Hz റിഫ്രഷ്റേറ്റുള്ള 6.74 ഇഞ്ച് സൂപ്പർ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് നോർഡ് 3യിലുള്ളത്. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 13.1-ലാണ് നോർഡ് 3യുടെ പ്രവർത്തനം. 2T-യെ അപേക്ഷിച്ച് ബാറ്ററിയുടെ കാര്യത്തിലും നോർഡ് 3 ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 80W SuperVOOC ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.
ഒഐഎസ് പിന്തുണയുള്ള സോണി IMX890 സെൻസർ ഉപയോഗിക്കുന്ന 50 എംപി പ്രൈമറി ക്യാമറയും 8 എംപി സോണി IMX355 വൈഡ് ആംഗിൾ ക്യാമറയും 2എംപി മാക്രോ ക്യാമറയും അടങ്ങുന്നതാണ് നോർഡ് 3യിലെ റിയർക്യാമറ സജ്ജീകരണം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറയും നൽകിയിരിക്കുന്നു.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, അലേർട്ട് സ്ലൈഡർ, ഫേസ് ഐഡി, സ്റ്റീരിയോ സ്പീക്കറുകൾ, ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ തുടങ്ങി ഒട്ടേറെ ഫീച്ചറുകളും നോർഡ് 3യിൽ നൽകിയിട്ടുണ്ട്. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും നോർഡ് 3യ്ക്ക് ലഭിക്കുമെന്ന് വൺപ്ലസ് പറയുന്നു.
സ്‌നാപ്ഡ്രാഗൺ 782G ചിപ്സെറ്റ് കരുത്തിൽ നോർഡ് സിഇ 3 എത്തുന്നു. 120Hz പുതുക്കൽ നിരക്കുള്ള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 13.1 ൽ ആണ് പ്രവർത്തനം.
സോണി IMX890 കരുത്തുള്ള 50 എംപി ക്യാമറയാണ് നോർഡ് സിഇ 3യുടെ റിയർ ക്യാമറ വിഭാഗത്തെ നയിക്കുന്നത്. 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും ഇതോടൊപ്പമുണ്ട്. പിൻ പാനലിന്റെ മുകളിൽ ഇടത് വശത്തായി രണ്ട് വൃത്താകൃതിയിലുള്ള മൊഡ്യൂളുകളിലായാണ് മൂന്ന് ക്യാമറകളും സ്ഥാപിച്ചിരിക്കുന്നത്. ലെൻസുകൾക്കൊപ്പം എൽഇഡി ഫ്ലാഷും പിൻ പാനലിന്റെ മധ്യഭാഗത്ത് വൺപ്ലസ് ബ്രാൻഡിംഗും ഉണ്ട്.
8ജിബി റാം+ 128ജിബി ഇന്റേണൽ സ്റ്റോറേജ്, 12ജിബി റാം+ 256ജിബി UFS 3.1 സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളാണ് നോർഡ് സിഇ 3യ്ക്കുള്ളത്. 80W SUPERVOOC ചാർജിംഗ് പിന്തുണയുള്ള 5,000എംഎഎച്ചിന്റേതാണ് ബാറ്ററി. 15 മിനിറ്റിനുള്ളിൽ ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി പറയുന്നു. അക്വാ സർജ്, ഗ്രേ ഷിമ്മർ കളർ ഓപ്ഷനുകളിൽ ലഭ്യമാകും.
വിലയും ലഭ്യതയും
വൺപ്ലസ് നോർഡ് 3യുടെ അടിസ്ഥാന മോഡലിന് 30999 രൂപയും വില. വൺപ്ലസ് നോർഡ് സിഇ 3യുടെ അടിസ്ഥാന മോഡലിന് 26999 രൂപയും ടോപ്പ് എൻഡ് മോഡലിന് 28999 രൂപയും നൽകേണ്ടിവരും.