റെയിൻ വാട്ടർ ടച്ച് എന്ന പുത്തൻ ടെക്നോളജിയുമായി വൺപ്ലസ്
മഴ നനഞ്ഞാലും ടച്ച് ഇൻപുട്ട് കൃത്യമായി പ്രോസസ്സ് ചെയ്യാൻ സ്ക്രീനിനെ സഹായിക്കും
വൺപ്ലസിന്റെ ഏയ്സ് 2 പ്രോ സ്മാർട്ട്ഫോണിൽ റെയിൻ വാട്ടർ ടച്ച് ടെക്നോളജി ഉണ്ടാകും
നനഞ്ഞുകഴിഞ്ഞാൽ സ്മാർട്ട്ഫോണുകളിലെ ടച്ച് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയില്ല. സ്മാർട്ട്ഫോണുകൾ നേരിട്ടിരുന്ന ഈ പ്രതിസന്ധിക്ക് ഇപ്പോൾ പരിഹാരവുമായി എത്തിയിരിക്കുകയാണ് വൺപ്ലസ്. റെയിൻ വാട്ടർ ടച്ച് എന്ന ഒരു പുത്തൻ ടെക്നോളജി ആണ് സ്ക്രീനുകൾക്കായി വൺപ്ലസ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഒരു വീഡിയോയും ഇപ്പോൾ വൺപ്ലസ് പുറത്തിറക്കിയിട്ടുണ്ട്.
റെയിൻ വാട്ടർ ടച്ച് ടെക്നോളജി
വൺപ്ലസ് പുതിയതായി അവതരിപ്പിച്ച ഈ സ്ക്രീൻ ടെക്നോളജിയുടെ പേരിൽ തന്നെ അതിന്റെ ഉപയോഗവും മനസ്സിലാകും. റെയിൻ വാട്ടർ ടച്ച് എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ഈ സാങ്കേതികവിദ്യ മഴ നനഞ്ഞാലും ടച്ച് ഇൻപുട്ട് കൃത്യമായി പ്രോസസ്സ് ചെയ്യാൻ സ്ക്രീനിനെ സഹായിക്കും. ജല സമ്പർക്കം ഉണ്ടായാലും അത് ബാധിക്കാതെ ഫോൺ ഉപയോഗിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
ഏയ്സ് 2 പ്രോ സ്മാർട്ട്ഫോണിൽ ഈ ടെക്നോളജി ഉണ്ടാകും
സ്മാർട്ട്ഫോൺ ഉടമകൾ നേരിട്ടിരുന്ന വലിയൊരു പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. ഈ പുതിയ സാങ്കേതികവിദ്യ മറ്റ് ഫോണുകളിൽനിന്ന് ഇനി വൺപ്ലസ് ഫോണുകളെ വേറിട്ടുനിർത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അടുത്തതായി ലോഞ്ച് ചെയ്യുന്ന വൺപ്ലസിന്റെ ഏയ്സ് 2 പ്രോ സ്മാർട്ട്ഫോണിൽ പുതിയ റെയിൻ വാട്ടർ ടച്ച് ടെക്നോളജി ഉണ്ടാകും എന്നാണ് ടീസർ വ്യക്തമാക്കുന്നത്. റെയിൻ വാട്ടർ ടച്ച് ടെക്നോളജി ആദ്യം അവതരിപ്പിക്കുന്ന ഫോൺ ഇതാകും. നനയുമ്പോൾ ടച്ച് പോയിന്റുകൾ തിരിച്ചറിയുന്നത് തടസ്സപ്പെടുത്തുന്നു. അത് മൂലം ടച്ച് കൺട്രോളില്ലാതാകുകയും അതല്ലെങ്കിൽ സ്പർശനങ്ങളെ പൂർണ്ണമായും അവഗണിക്കുകയും ചെയ്യുന്നു. ഈ പ്രശ്‌നം മറികടക്കാൻ പ്രത്യേക ടച്ച് അൽഗോരിതങ്ങളും ഒരു പ്രത്യേക ഇന്റേണൽ ചിപ്പും വൺപ്ലസ് ഇവിടെ ഉപയോഗിക്കുന്നു. ടെക്നോളജിയിൽ ഉണ്ടായ ഈ മുന്നേറം ടച്ച് സ്ക്രീൻ അനുഭവം കൂടുതൽ മികച്ചതാക്കും. പ്രത്യേകിച്ച് മഴക്കാലം പോലുള്ള പ്രതികൂല കാലാവസ്ഥാ ചുറ്റുപാടുകളിൽ സ്ക്രീൻ ടച്ച് സുഗമമാക്കാൻ ഈ സംവിധാനം ഏറെ സഹായിക്കും.