വൺപ്ലസിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ഈ വർഷം ഓഗസ്റ്റിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. ഫെബ്രുവരി മുതൽ ഈ ഫോണിനെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും കമ്പനി പുറത്തുവിട്ടിരുന്നില്ല. ഫോണിന്റെ ഡിസൈനെക്കുറിച്ചും ക്യാമറയെക്കുറിച്ചും മാത്രമായിരുന്നു ചില വിവരങ്ങൾ പുറത്തുവന്നത്. ഫോണിന്റെ ലോഞ്ചിംഗ് വിവരം പുറത്തുവിട്ടെങ്കിലും ഫോണിന്റെ പേര് ഇതുവരെയും നിശ്ചയിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. വൺപ്ലസ് ഓപ്പൺ എന്ന പേര് ഫോണിന് ഇട്ടേക്കാം എന്ന തരത്തിൽ ചർച്ച നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേ സമയം വൺപ്ലസ് പ്രൈം, വൺപ്ലസ് പീക്ക്, വൺപ്ലസ് എഡ്ജ്, വൺപ്ലസ് വിംഗ് തുടങ്ങിയ പേരുകളും കമ്പനി പരിഗണിക്കുന്നുണ്ട്. മോഡലിനെക്കുറിച്ച് ആദ്യം ചർച്ചകൾ നടന്നപ്പോൾ വൺപ്ലസ് വി ഫോൾഡ്, വൺപ്ലസ് വി ഫ്ലിപ്പ് എന്നീ പേരുകൾ പരിഗണിക്കാമെന്നായിരുന്നു തീരുമാനം എന്നാൽ പിന്നീട് ഈ തീരുമാനത്തിൽ നിന്ന് വൺ പ്ലസ് പിന്നോട്ട് പോയി. ശേഷം വൺപ്ലസ് ഫോൾഡ്, വൺപ്ലസ് വി ഫോൾഡ് എന്നീ പേരുകളും ഉയർന്നു വന്നു.
7.8 ഇഞ്ച് 2K AMOLED ഇന്നർ സ്ക്രീൻ ആയിരിക്കും ഫോണിൽ ഉണ്ടാകുക. ഔട്ടർ ഡിസ്പ്ലേ 6.3 ഇഞ്ച് AMOLED ആയിരിക്കും. 120Hz റിഫ്രഷ് റേറ്റ് ഉണ്ടായേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഫോണിന്റെ റാം 16 ജിബിയും ഇൻബിൽറ്റ് സ്റ്റോറേജ് 256 ജിബിയും ആയിരിക്കും. ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 SoCൽ ആയിരിക്കും പുതിയ ഫോൺ അവതരിക്കുക. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 13.1 ആയിരിക്കും മറ്റൊരു പ്രത്യേകത.ലെതർ ഫിനീഷിംഗ് ഡീസൈനിലായിരിക്കും ഫോൺ പുറത്തിറങ്ങുക എന്നും സംസാരങ്ങൾ ഉണ്ട്. സാംസങ് ഗാലക്‌സി എസ് 23 അൾട്രായ്‌ക്ക് സമാനമായി പെരിസ്‌കോപ്പ് ലെൻസും ഹാൻഡ്സെറ്റിൽ ഉണ്ടായേക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇമേജ് ഗുണനിലവാരം ഉയർത്താൻ പെരിസ്‌കോപ്പ് ലെൻസ് സഹായിക്കുന്നതാണ്. ഹാസൽബ്ലാഡ് ബ്രാൻഡഡ് ക്യാമറയും ഫോണിന്റെ മാറ്റ് കൂട്ടും എന്നും പ്രതീക്ഷിക്കാം.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS) 50 മെഗാപിക്സൽ സെൻസർ, അൾട്രാ വൈഡ് ലെൻസുള്ള 48 മെഗാപിക്സൽ സെൻസർ, പിന്നിൽ പെരിസ്കോപ്പ് ലെൻസുള്ള 32 മെഗാപിക്സൽ സെൻസർ, ഇതിന് പുറമെ സെൽഫിക്കായി 32 മെഗാപിക്സൽ സെൻസർ എന്നിങ്ങനെയായിരിക്കും ക്യാമറ സെൻസറുകൾ. ബ്ലാക്ക്, ഗോൾഡ്, ഗ്രീൻ എന്നീ മൂന്ന് കളറുകളിൽ ഫോൺ പുറത്തിറങ്ങും എന്നും സൂചനയുണ്ട്.
ചൈനയിൽ ആയിരിക്കും ഫോൺ ആദ്യം അവതരിപ്പിക്കുക. ഇതിന് ശേഷം അധികം വൈകാതെ തന്നെ മറ്റുവിപണികളിലേക്ക് എത്തും എന്നും സൂചനകൾ ഉണ്ട്. വൺ പ്ലസിന്റെ ഉപ ബ്രാൻഡ് ആയ ഓപ്പോയുടെ ഫൈൻഡ് എൻ 2-ന് സമാനമായ രൂപകൽപ്പന ആയിരിക്കും വൺ പ്ലസിന്റെ ഫോൾഡബിൾ ഫോണിനും. ഒപ്പോ സാധാരണയായി അതിന്റെ ബ്രാൻഡുകൾക്കിടയിൽ സമാനമായ ഹാർഡ്‌വെയർ ആണ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ അടുത്തിടെ വൺപ്ലസ് അവതരിപ്പിച്ച നോർഡ് 3, നോർഡ് സിഇ 3 എന്നിവക്ക് മികച്ച അഭിപ്രായമാണ് ഉപഭോക്താക്കളുടെ ഇടയിൽ നിന്ന് ലഭിക്കുന്നത്. 33999 രൂപ, 37999 രൂപ എന്നിങ്ങനെയാണ് നോർഡ് 3യുടെ രണ്ട് വേരിയന്റുകളുടെ വില. നോർഡ് സിഇ 3യുടെ വേരിയന്റുകളുടെ വില 26999 രൂപയും 28999 രൂപയും ആണ്.