OnePlus 12 സ്മാർട്ട്ഫോൺ ഡിസ്പ്ലേ പുത്തൻ വിപ്ലവം സൃഷ്ടിക്കും എന്ന് സ്ഥിരീകരിച്ചുകൊണ്ട് പുതിയ റിപ്പോർട്ടുകൾ. ചൈനയിൽ നടന്ന BOE കോൺഫറൻസ് ഇവന്റിൽ ഉടൻ ലോഞ്ചിന് ഒരുങ്ങുന്ന വൺപ്ലസ് 12 പ്രീമിയം സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ- ചിപ്സെറ്റ് വിവരങ്ങൾ കമ്പനി സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ OLED സ്‌ക്രീൻ ടെക്നോളജിയുമായാണ് വൺപ്ലസ് 12 വിപണിയിൽ എത്തുക. ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്ന ഈ ഫോണിന്റെ ഡിസ്പ്ലേ ഔട്ട്പുട്ട് പ്രദർശിപ്പിക്കുന്നതിനായി, ഏതാനും വൺപ്ലസ് 12 മോഡലുകൾ ഇവന്റിൽ പ്രദർശിപ്പിച്ചിരുന്നു. ഒരു കെയ്സ് സഹിതമാണ് ഈ ഫോണുകൾ പ്രദർശനത്തിന് വച്ചിരുന്നത്.മികച്ച ഡിസ്പ്ലേയും ഉഗ്രൻ പെർഫോമൻസ് നൽകുന്ന പുത്തൻ പ്രോസസർ സഹിതവുമാണ് വൺപ്ലസ് 12 എത്തുക എന്ന് ഇവന്റിൽ സ്ഥിരീകരിക്കപ്പെട്ടു.
വൺപ്ലസ് 12 ലോകത്തിലെ ഏറ്റവും മികച്ച 2K “X1 സ്‌ക്രീനുമായി” വരുന്നു. ഡിസ്‌പ്ലേമേറ്റ് A+ ലഭിക്കുന്ന ആദ്യത്തെ ആഭ്യന്തര 2K സ്‌ക്രീനാണ് ഇത്, 18 റെക്കോർഡുകൾ ഈ ഡിസ്പ്ലേയ്ക്കുണ്ട്. ഡിസ്പ്ലേയിൽ ഓപ്പോയുടെ ഫസ്റ്റ് ജെൻ സെൽഫ് ഡെവലപ്പ്ഡ് ഇമേജ് ക്വാളിറ്റി എഞ്ചിൻ ഡിസ്‌പ്ലേ P1 ചിപ്പ് ഉണ്ട്. അത് മികച്ച ഇമേജ് ക്വാളിറ്റി, ഉയർന്ന ബ്രൈറ്റ്നസ്, 13% കുറഞ്ഞ വൈദ്യുതി ഉപയോഗം എന്നിവയ്ക്കായി 90% ഹൈ പ്രിസിഷൻ പിക്സൽ-ലെവൽ കാലിബ്രേഷൻ അൽഗോരിതം വാഗ്ദാനം ചെയ്യുന്നു.
സിംഗിൾ-പിക്സൽ കാലിബ്രേഷൻ ടെക്നോളജി മികച്ച ഡിസ്പ്ലേ എഫക്ട് സമ്മാനിക്കുന്നു. ബെയ്ജിങ് ഓറിയന്റൽ ഇലക്ട്രോണിക്സ് എന്ന ബിഒഇയുമായി സഹകരിച്ചുകൊണ്ടാണ് വൺപ്ലസ് പുതിയ ഡിസ്പ്ലേ സജ്ജമാക്കിയിരിക്കുന്നത്. വൺപ്ലസും ബിഒഇയും സംയുക്തമായി 5 പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും അത് പുതിയ ഫോൺ ഡിസ്പ്ലേയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിൽ അടുത്തിടെ പുറത്തിറക്കിയ മുൻനിര ഫോണുകളേക്കാൾ തിളക്കമുള്ള ഡിസ്‌പ്ലേ വൺപ്ലസ് 12-ന് ഉണ്ടായിരിക്കും. ഫോണുകളിലെ സാധാരണ ഡിസ്‌പ്ലേകളേക്കാൾ രണ്ടിരട്ടിയിലധികം ആയുസ്സ് സ്‌ക്രീനിന് ഉണ്ടാകുമെന്നു കമ്പനി അവകാശപ്പെടുന്നു.
കൂടുതൽ വായിക്കൂ: Asus ROG Phone 8 Launch: ഏറ്റവും വേഗതയേറിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ, Asus ROG Phone 8
ക്വാൽക്കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഇതിൽ ഉണ്ടാകുക. മികച്ച പെർഫോമൻസ് ഫോണായിരിക്കും വൺപ്ലസ് 12 എന്ന് ഇത് ഉറപ്പാക്കുന്നു. ഷവോമി 14 ഉൾപ്പെടെ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം സ്മാർട്ട്ഫോണുകൾ ഈ പുതിയ ചിപ്സെറ്റ് കരുത്തിൽ എത്താൻ തയാറെടുക്കുകയാണ്.
എന്നാൽ മറ്റ് ബ്രാൻഡുകൾ ഇതേ ചിപ്സെറ്റ് ഉപയോഗിക്കുമ്പോൾ തന്നെ ഇപ്പോൾ വെളിപ്പെടുത്തിയ ഡിസ്പ്ലേ പ്രത്യേകതകളിലൂടെ വൺപ്ലസ് 12 അൽപ്പം ഉയർന്ന പ്രതീക്ഷകൾ നൽകുന്നുണ്ട്. ഈ ഫോണിന്റെ ലോഞ്ച് തീയതി അടക്കമുള്ള മറ്റ് വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ലോഞ്ചിനോട് അടുക്കുന്ന ഘട്ടത്തിൽ പ്രധാന ഫീച്ചറുകൾ പുറത്തുവരും. അതിനായി കാത്തിരിക്കാം.