നോക്കിയ ഫോണുകളുടെ നിർമാതാക്കളായ HMD ഗ്ലോബൽ ഇതാ ഇന്ത്യയിൽ നോക്കിയ C31 (Nokia C31) പുറത്തിറക്കുകയാണ്. 10,000ൽ താഴെ വിലയുള്ള ഫോണുകളാണ് ഇവ. ആകർഷകമായ വിലയും ഫീച്ചറുകളുമോടെ വരുന്ന നോക്കിയ സി31 ഫോണിൽ ഗൂഗിൾ ക്യാമറ, ആൻഡ്രോയിഡ് 12, എച്ച്‌ഡി ഡിസ്‌പ്ലേ എന്നിവയുമുണ്ട്. നോക്കിയയുടെ ഈ പുതിയ സ്മാർട്ട്ഫോണിന്റെ സവിശേഷതകളും മറ്റ് വിശദാംശങ്ങളും പരിശോധിക്കാം.
HMD ഗ്ലോബൽ നോക്കിയ C31 എന്ന പേരിൽ വരുന്ന നോക്കിയ സി-സീരീസ് ഫോണിന് 10,000-ൽ താഴെ വില വരുന്നു. ഇതിന് എച്ച്‌ഡി റെസല്യൂഷനോട് കൂടിയ 6.75 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. ഒരു 5MP ഫ്രണ്ട് ക്യാമറ ഒരു വാട്ടർഡ്രോപ്പ് നോച്ചിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്നു. ഫോണിന്റെ പിൻ ക്യാമറകൾ ഒരു നീളത്തിൽ ക്രമീകരിച്ചിരിക്കുന്നു. 13MPയുടെ മെയിൻ സെൻസർ, 2MPയുടെ മാക്രോ മൊഡ്യൂൾ, 2MPയുടെ ഡെപ്ത് ഷൂട്ടർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
നോക്കിയ C31ന് Unisoc SC9863A ചിപ്‌സെറ്റാണുള്ളത്. ഫോണിന് 4GB വരെ റാമും 64GB eMMC 5.1 സ്റ്റോറേജും നൽകിയിട്ടുണ്ട്. സ്മാർട്ട്ഫോണിന് 5050mAh ബാറ്ററിയാണുള്ളത്. ബാറ്ററി ആയുസ്സ് വർധിപ്പിക്കാൻ AI- പവർ ബാറ്ററി സേവിങ് സാങ്കേതികവിദ്യയും നോക്കിയ ഉപയോഗിക്കും. ഒരു സൂപ്പർ ബാറ്ററി സേവർ മോഡും ഫോണിലുണ്ട്. ഇത് കുറഞ്ഞ ബാറ്ററിയിൽ പ്രവർത്തിക്കുമ്പോൾ പോലും നിങ്ങൾക്ക് ആവശ്യമുള്ള പ്രധാന ഫീച്ചറുകളിലേക്ക് പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുന്നു. വാനില ആൻഡ്രോയിഡ് 12 പ്രോസസ്സറാണ് ഫോണിന് വരുന്നത്. നോക്കിയയിൽ ലഭിക്കുന്ന ക്യാമറ ആപ്പ് പോലും ഗൂഗിൾ നൽകുന്നതാണ്. വൈ-ഫൈ 802.11 ബി/ജി/എൻ, ബ്ലൂടൂത്ത് 4.2, ഒരു പ്രത്യേക മൈക്രോ എസ്ഡി സ്ലോട്ട്, 3.5 എംഎം ജാക്ക്, മൈക്രോ യുഎസ്ബി 2.0 പോർട്ട് എന്നിവയും ഫോണിൽ ഉൾക്കൊള്ളുന്നു.
C31ന്റെ 3GB+32GB വേരിയന്റിന് 9999 രൂപയും C31ന്റെ 4GB+64GB മോഡലിന് 10,999 രൂപയുമാണ് വില വരുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ ഫോൺ ഉടൻ ലഭ്യമാകുമെന്ന് നോക്കിയ അറിയിച്ചു. ചാർക്കോൾ, മിന്റ്, സിയാൻ എന്നീ നിറങ്ങളിലായിരിക്കും ഫോൺ ലഭ്യമാകുന്നത്. നോക്കിയ C31 ഫോണിന് ഒരു വർഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Spotify, GoPro Quik, Google ആപ്പുകൾ എന്നിവയുൾപ്പെടെ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ചില ആപ്ലിക്കേഷനുകളുമായാണ് നോക്കിയ C31 വരുന്നത്. ആൻഡ്രോയിഡ് പ്രൈവസി കൺട്രോൾ, ഫിംഗർപ്രിന്റ്, ഫേസ് അൺലോക്ക് ഫീച്ചറുകൾ എന്നിവയും ഇതിലുണ്ട്.