ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. സ്മാർട്ട്ഫോൺ ഉപയോഗിക്കാതെ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ഒരു വിഭാഗം ആളുകളും ഇപ്പോഴുമുണ്ട്. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വേണ്ടിയാണ് നോക്കിയ പുത്തൻ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. നോക്കിയ 130 മ്യൂസിക്, നോക്കിയ 150 എന്നീ ഫീച്ചർ ഫോണുകളാണ് ഇന്ത്യയിൽ നോക്കിയ അവതരിപ്പിച്ചത്. എഫ്എം റേഡിയോ, സ്റ്റോറേജ് വിപുലീകരിക്കാനുള്ള ഓപ്ഷൻ എന്നിങ്ങനെ മെച്ചപ്പെടുത്തിയ ഫീച്ചറുകളുമായാണ് നോക്കിയ ബ്രാൻഡ് ഫോണുകൾ എത്തിയിരിക്കുന്നത്. എച്ച്എംഡി കമ്പനിയാണ് ഈ ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്.
മ്യൂസിക് ആസ്വാദനത്തിന് മുൻതൂക്കം നൽകിയുള്ള ഫീച്ചറുകളുമായാണ് എച്ച്എംഡി നോക്കിയ 130 മ്യൂസിക് അവതരിപ്പിച്ചിരിക്കുന്നത്. ലൗഡ് സ്പീക്കർ, MP3 പ്ലെയർ, 32GB വരെയുള്ള മൈക്രോഎസ്ഡി കാർഡ്, വയർഡ്- വയർലെസ് മോഡുകളിൽ പ്രവർത്തിക്കുന്ന എഫ്എം റേഡിയോ എന്നിവ ഈ ഫോണിലുണ്ട്. സ്റ്റാൻഡേർഡ് 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേ, ടക്‌ടൈൽ കീപാഡ്, മൈക്രോ യുഎസ്ബി 1.1 പോർട്ട്, നോർമൽ 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയൊക്കെ നോക്കിയ 130 മ്യൂസിക്കിൽ ഉണ്ട്. ഡാർക്ക് ബ്ലൂ, പർപ്പിൾ, ലൈറ്റ് ഗോൾഡ് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമാണ്. 1,450mAh ബാറ്ററിയാണ് നോക്കിയ 130 മ്യൂസിക്ക് മോഡലിലുള്ളത്. 34 ദിവസത്തെ സ്റ്റാൻഡ്‌ബൈ വാഗ്ദാനം ചെയ്യുന്നു. 2000 കോൺടാക്റ്റുകളും 500 എസ്എംഎസുകളും ഇതിൽ സൂക്ഷിക്കാം. 4MB ഇന്റേണൽ സ്റ്റോറേജ് ഇതിലുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 32GB വരെ വികസിപ്പിക്കാം. നോക്കിയ സീരീസ് 30+ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് പ്രവർത്തനം.
മികച്ച ബാറ്ററി ബാക്കപ് ആണ് ഈ ഫോണിന്റെ പ്രത്യേകത. 1450 mAh ബാറ്ററി ഇതിൽ ഉൾക്കൊള്ളുന്നു. സ്പ്ലാഷ് പ്രൂഫ് ഡിസൈനാണ് മറ്റൊരു ഫീച്ചർ. IP52 ഡസ്റ്റ് ആൻഡ് സ്പ്ലാഷ് പ്രൂഫ് റേറ്റിംഗ് ആണ് ഈ ഫോണിനുള്ളത്. നോക്കിയ 150 പോളികാർബണേറ്റ് ഡിസൈൻ വാഗ്ദാനം ചെയ്യുന്നു. മെറ്റാലിക് നാവിഗേഷൻ കീ ഏരിയയും ടക്‌റ്റൈൽ കീപാഡുമായാണ് ഈ ഫീച്ചർ ഫോൺ എത്തുന്നത്. ഫ്ലാഷോടുകൂടിയ വിജിഎ പിൻ ക്യാമറയും 240×320 പിക്സൽ റെസല്യൂഷനുള്ള 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലേയും ഈ നോക്കിയ ഫോണിലുണ്ട്. നോക്കിയ 150 ഫോണും 4MB ഇന്റേണൽ സ്റ്റോറേജ് പായ്ക്ക് ചെയ്യുന്നു, സ്റ്റോറേജ് 32GB വരെ വികസിപ്പിക്കാം. വയർലെസ് എഫ്എം റേഡിയോ, എംപി3 പ്ലെയർ എന്നിവയും ഇതിലുണ്ട്. ചാർക്കോൾ, സിയാൻ, റെഡ് കളർ ഓപ്ഷനുകളിൽ ഈ നോക്കിയ 150 ഫീച്ചർ ഫോൺ ലഭ്യമാകും.
നോക്കിയ 130 മ്യൂസിക് മോഡലിന്റെ ഡാർക്ക് ബ്ലൂ കളർ വേരിയന്റിന് 1,849 രൂപയും പർപ്പിൾ, ലൈറ്റ് ഗോൾഡ് കളർ ഓപ്ഷനുകൾ 1,949 രൂപയുമാണ് വില. നോക്കിയ 150 മോഡലിന് 2,699 രൂപയാണ് വില. അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും Nokia.com-ൽ നിന്നും ഉപഭോക്താക്കൾക്ക് ഈ ഫോണുകൾ വാങ്ങാം.