ജൂണിൽ വിപണിയിലെത്തിയ ഇൻഫിനിക്സ് നോട്ട് 30 വിഐപി സ്മാർട്ട്ഫോണിന്റെ ലിമിറ്റഡ് എഡിഷൻ വേരിയന്റ് പുറത്തിറങ്ങി. ആഗോളതലത്തിൽ ആണ് ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. Infinix Note 30 VIP റേസിംഗ് എഡിഷൻ എന്നാണ് പുതിയ വേരിയന്റിന്റെ പേര്.
സ്ട്രീറ്റ് റേസിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആകർഷകമായ ഡിസൈനിലാണ് ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇൻഫിനിക്സ് നോട്ട് 30 വിഐപി റേസിംഗ് എഡിഷൻ തെരഞ്ഞെടുത്ത വിപണികളിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. 3ഡി ലൈറ്റ് ലെതർ ബാക്ക് പാനലാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഡിസൈൻ വർക്ക് ആണ് ഈ ലിമിറ്റഡ് എഡിഷൻ ഫോണിന്റെ പ്രത്യേകത. ബിഎംഡബ്ല്യുവിന്റെ ഐക്കണിക് ട്രൈ-കളറിൽ ഒരു ലൈറ്റ് ബാൻഡ് Infinix Note 30 VIP റേസിംഗ് എഡിഷനിൽ കാണാൻ സാധിക്കും. ആദ്യ 3ഡി ലൈറ്റ് ലെതർ ബാക്ക് പാനലുമായാണ് ഈ ഫോൺ എത്തുന്നത്.
ഡിജിറ്റൽ റേസിംഗ് ഡാഷ്‌ബോർഡിൽ നിന്നാണ് ഈ ഡിസൈൻ സ്വീകരിച്ചിരിക്കുന്നത്. ക്യാമറ സെൻസറുകൾ, എൽഇഡി ഫ്ലാഷ് യൂണിറ്റ്, ഫ്രെയിം പോലും ചുവപ്പിൽ ചുറ്റപ്പെട്ടിരിക്കുന്നു. കോളർ സ്ക്രീനിനായി മാജിക് റിംഗ് ഫീച്ചർ നൽകിയിരിക്കുന്നു. മികച്ച ഡിസൈനിന് പുറമേ ഇതിലെ ഫീച്ചറുകളും മികച്ചതാണ്.
120Hz വരെ റിഫ്രഷ് റേറ്റുമായി 6.67-ഇഞ്ച് FHD+ അമോലെഡ് ഡിസ്പ്ലേയും കരുത്തുറ്റ മീഡിയടെക് ഡൈമെൻസിറ്റി 8050 ചിപ്‌സെറ്റും ഇതിലുണ്ട്. 8GB, 12GB റാം ഓപ്ഷനുകളും 256GB ഇന്റേണൽ സ്റ്റോറേജ് ( 2TB വരെ വികസിപ്പിക്കാം ) സൗകര്യവും ഇൻഫിനിക്സ് നോട്ട് 30 വിഐപി റേസിംഗ് എഡിഷൻ വാഗ്ദാനം ചെയ്യുന്നു.
108MP ക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ആകർഷകം തന്നെ. 108MP മെയിൻ ക്യാമറയ്ക്കൊപ്പം 2MP മാക്രോ ലെൻസ് + 2MP പോർട്രെയ്റ്റ് ലെൻസ് എന്നിവ അടങ്ങുന്നതാണ് ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ. ഫ്രണ്ടിൽ 32MP സെൽഫി ക്യാമറയും കാണാം. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം.
68W വയർഡ്, 50W വയർലെസ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഫോണിന്റെ മറ്റൊരു ആകർഷണം. JBL ട്യൂൺ ചെയ്ത സ്പീക്കറുകളും ഇൻഫിനിക്സ് നോട്ട് 30 വിഐപി റേസിംഗ് എഡിഷന്റെ മാറ്റ് കൂട്ടുന്നു. ബ്ലൂടൂത്ത് 5.2, NFC, യുഎസ്ബി ടൈപ്പ് സി, ഡ്യുവൽ 4G തുടങ്ങിയവയാണ് മറ്റ് ഫീച്ചറുകൾ.
ഇൻഫിനിക്സ് നോട്ട് 30 വിഐപി റേസിംഗ് എഡിഷന്റെ വില ഏകദേശം 26,162 രൂപയാണ്. ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുന്നത് വ്യക്തമാക്കിയിട്ടില്ല. മികച്ച ഫീച്ചറുകളുമായി കമ്പനി പുറത്തിറക്കിയ ഇൻഫിനിക്സ് സീറോ 30 5G ഇന്ത്യയിൽ ഇപ്പോൾ ലഭ്യമാണ്.
ഇൻഫിനിക്സ് സീറോ 30 5Gയുടെ 8GB+128GB വേരിയന്റ് 23,999 രൂപ പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 12GB+256GB വേരിയന്റിന് 24,999 രൂപയാണ് വില.