ആപ്പിളിൽ നിന്നും മൂന്ന് പുതിയ ഐഫോണുകൾ കൂടി എത്തിയിരിക്കുകയാണല്ലോ. താമസിയാതെ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് കരുതുന്ന ഈ മൂന്നു ഫോണുകളിൽ ഏതു വാങ്ങണമെന്നായിരിക്കും മിക്ക ഐഫോൺ പ്രേമികളുടെയും ഇപ്പോഴത്തെ ആശയക്കുഴപ്പം.
ഐഫോൺ Xഎസ് ( ഐഫോൺ 10 എസ് എന്നാണ് അല്ലാതെ എക്സ്എസ് എന്നല്ല പറയേണ്ടതെന്ന് ശ്രദ്ധിക്കുമല്ലോ), ഐഫോൺ Xഎസ് മാക്സ് , ഐഫോൺ Xആർ എന്നിവയാണ് ആപ്പിൾ വിപണിയിലെത്തിച്ച പുത്തൻ ഫോണുകൾ. ഐഫോൺ Xആർ ആണ് കൂട്ടത്തിലെ വില കുറഞ്ഞ ഫോൺ.കുറഞ്ഞ വിലക്ക് മികച്ച ഫീച്ചറുകളുള്ള ഐഫോണാണ് ലക്ഷ്യമിടുന്നതെങ്കിൽ ഐഫോൺ Xആർ ആയിരിക്കും നിങ്ങൾക്ക് യോജിച്ചത്.
6.1 ഇഞ്ച് വലിപ്പമുള്ള ഐഫോൺ Xആർ സ്‌ക്രീൻ എൽസിഡി ആണ് എന്നാൽ മറ്റു രണ്ടു ഫോണുകളിലും ഒഎൽ ഇ ഡി ആണ് സ്‌ക്രീൻ. കൂടാതെ 12 മെഗാപിക്സലിന്റെ ഇരട്ട പിൻ ക്യാമറകൾ ആദ്യ രണ്ടു ഫോണുകളെയും മികച്ച ഫോട്ടോഗ്രാഫിക്ക് വേണ്ടി അണിനിരത്തുമ്പോൾ ഐഫോൺ Xആർ ഒരൊറ്റ 12 മെഗാപിക്സൽ സെൻസറോടെയാണെത്തുന്നത്. 53,849 രൂപയ്ക്ക് വാങ്ങാൻ കഴിയുമ്പോൾ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു ഐഫോൺ തന്നെയായിരിക്കും ഐഫോൺ Xആർ.