ക്വാൽകോം തങ്ങളുടെ പവർഫുൾ പ്രോസസർ Snapdragon 8 Elite പുറത്തിറക്കി. മിന്നൽ വേഗത്തിലുള്ള പ്രകടനമാണ് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ഉറപ്പുതരുന്നത്. വൺപ്ലസ് 13, ഐക്യൂ 13 തുടങ്ങിയ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പുകളിൽ ഈ പ്രോസസറായിരിക്കും. Qualcomm ഇതുവരെ പുറത്തിറക്കിയതിൽ ഏറ്റവും വേഗതയേറിയ പ്രൊസസറാണിത്.
സ്‌നാപ്ഡ്രാഗൺ സമ്മിറ്റിലാണ് ക്വാൽകോം പുതിയ പ്രോസസർ അവതരിപ്പിച്ചത്. ഇതുവരെയുള്ളതിലെ ഏറ്റവും ശക്തമായ മൊബൈൽ പ്രോസസർ എങ്ങനെയായിരിക്കുമെന്ന് അറിയാം.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോണിന്റെ തലച്ചോറ് പോലെയാണ്. ഇത് ഒന്നിലധികം ജോലികൾ വേഗത്തിലും കാര്യക്ഷമമായും ചെയ്യും. പ്രോസസറുകളിൽ പേരുകേട്ട ഒന്നാം നമ്പർ താരമാണ് ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ. ഇതുവരെയുള്ള സ്നാപ്ഡ്രാഗണേക്കാൾ ഏറ്റവും വേഗതയേറിയ മൊബൈൽ പ്രൊസസറാണ് വന്നിരിക്കുന്നത്.
മൊബൈൽ ഗെയിമിങ്ങിലും വീഡിയോ സ്ട്രീമിങ്ങിനുമെല്ലാം സുഗമമായ പെർഫോമൻസ് തരും. കൂടാതെ AI ഉപയോഗിക്കുന്ന ആപ്പുകൾ പ്രവർത്തിപ്പിക്കുമ്പോഴും വേഗതിയിൽ ഒരു വിട്ടുവീഴ്ചയുമില്ല. ആപ്പുകൾ തുറക്കുന്നതിലും വെബ് ബ്രൗസിങ്ങിലുമെല്ലാം ഫാസ്റ്റ് ആയ സിപിയുവാണ് ഉപയോഗിച്ചിട്ടുള്ളത്.
ക്വാൽകോമിന്റെ കസ്റ്റം-ബിൽറ്റ് ഓറിയോൺ സിപിയു ആണ് പ്രോസസറിന്റെ ഹൃദയഭാഗത്ത്. ഈ സിപിയു മുമ്പത്തെ ചിപ്പുകളേക്കാൾ 45% മികച്ച പെർഫോമൻസ് ഉറപ്പാക്കുന്നു. ഓറിയോൺ 44% കൂടുതൽ ഊർജ്ജ കാര്യക്ഷമതയും നൽകുന്നു. ഫാസ്റ്റായി ടാസ്കുകൾ ചെയ്യുമ്പോഴും ബാറ്ററി കാലിയാക്കാതെ ഇത് പ്രവർത്തിക്കും.
അപ്‌ഗ്രേഡ് ചെയ്‌ത അഡ്രിനോ ജിപിയു ഗെയിമിങ് അനുഭവം സുഗമമാക്കുന്നു. ഇത് മുൻ ജെൻ ചിപ്‌സെറ്റിനേക്കാൾ 40 ശതമാനം മികച്ച പ്രകടനത്തിലുള്ളതാണ്. കുറച്ച് ബാറ്ററി പവറിൽ പോലും വേഗത്തിൽ ഗെയിമിങ് എക്സ്പീരിയൻസ് നൽകുന്നു.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് AI ഫീച്ചർ സപ്പോർട്ടുള്ളവയാണ്. ഇതിലെ NPU അഥവാ ന്യൂറൽ പ്രോസസ്സിംഗ് യൂണിറ്റ് അപ്ഗ്രേഡഡ് വേർഷനാണ്. നിങ്ങൾ ഫോൺ ഉപയോഗിക്കുന്നതിന് അനുസരിച്ച് ഇത് നോട്ടിഫിക്കേഷനും മറ്റും നൽകുന്നു.
നിങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി ഫോൺ ഉപയോഗിക്കാനുള്ള കുറുക്കുവഴികളും എളുപ്പവഴികളും പറഞ്ഞുതരും. ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ലാതെ പ്രവർത്തിക്കാനും എഐ ഫീച്ചർ സഹായിക്കും. ഇതിൽ AI എഞ്ചിൻ ഫോട്ടോ, വീഡിയോ ഫീച്ചറുകളും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് നൂതന ക്യാമറ ഫീച്ചറുകളോടെയാണ് വരുന്നത്. കുറഞ്ഞ വെളിച്ചത്തിൽ ക്ലാരിറ്റിയോടെ ഫോട്ടോകൾ എടുക്കാൻ കഴിയും. കൂടാതെ നിങ്ങൾ എടുക്കുന്ന ഫോട്ടോകൾ ഒറിജിനലാണെന്ന് ട്രൂപിക് ഫോട്ടോ ക്യാപ്‌ചർ ഫീച്ചർ ഉറപ്പാക്കുന്നു.
സ്നാപ്ഡ്രാഗണിൽ അൾട്രാ-ലോ ലൈറ്റ് വീഡിയോ ക്യാപ്‌ചർ ഫീച്ചറുമുണ്ട്. ഇത് മങ്ങിയ വെളിച്ചത്തിലും വീഡിയോഗ്രാഫി മികച്ചതാക്കാൻ സഹായിക്കും.
Read More: iOS 18.1 വന്നിട്ടും രക്ഷയില്ല, iPhone 16 Pro ഫോണിൽ പരാതിയോട് പരാതി…