ത്രീഡി ഫേസ് ഡിറ്റക്ഷനുമായി ആപ്പിൾ ഐ ഫോൺ
2018 അവസാനത്തോടെ ത്രിമാന ഫേസ് ഡിറ്റക്ഷൻ ഉൾപ്പെടുത്തിയാകും ആപ്പിൾ ഉപകരണങ്ങൾ ഉപഭോക്താക്കളിലെത്തുക
ആപ്പിൾ ഫോണുകളിൽ ടച്ച് ഐഡി സംവിധാനം സ്‌ക്രീനിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഈ ശ്രമത്തിനു പിന്നാലെ ഐഫോണുകളിലും മറ്റ് ആപ്പിൾ ഗാഡ്ജറ്റുകളിലും വ്യത്യസ്തമായൊരു സാങ്കേതിക വിദ്യ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ ഈ പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കൾ.
ആപ്പിൾ ഉടൻ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 8 ന്റെ ഭാഗമാകുമെന്നു കരുതുന്നില്ലെങ്കിലും 2018 അവസാനത്തോടെ ഈ പുതിയ സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയാകും ആപ്പിൾ ഉപകരണങ്ങൾ ഉപഭോക്താക്കളിലെത്തുക. ടച്ച് ഐഡിക്ക് പകരക്കാരനാകുന്ന ത്രിമാന ഫേസ് ഡിറ്റക്ഷൻ സംവിധാനമാണ് ആപ്പിൾ വികസിപ്പിച്ചെടുക്കുക.
ദ്വിമാന ഫേസ് ഡിറ്റക്ഷനുകളെ കബളിപ്പിക്കാൻ കഴിയുന്നത് പോലെ ത്രിമാന ഫേസ് ഡിറ്റക്ഷൻ സങ്കേതത്തെ കുഴപ്പിക്കാനാവില്ല. നിലവിൽ ഉപയോഗിച്ച് വരുന്ന ഫിംഗർ പ്രിന്റ് സ്കാനിങ് സുരക്ഷാരീതിക്ക് ചില പോരായ്മകളുണ്ടെന്നുള്ളതും ഐറിസ് സ്കാനിങ് കൂടുതൽ സങ്കീർണ്ണമാണെന്നതും ത്രിമാന ഫേസ് ഡിറ്റക്ഷൻ രീതിക്ക് സാധ്യത വർധിപ്പിക്കുന്നു.