ഫാഷൻ, കോസ്മെറ്റിക്സ്, മെഡിക്കൽ മേഖലകള്‍ക്കു വേണ്ടി കളർ ചാര്‍ട്ടുകള്‍ നിർമിക്കുന്ന പാന്‍റോൺ കളർ ഇൻസ്റ്റിറ്റ്യൂട്ട് 2023ന്റെ നിറമായി പ്രഖ്യാപിച്ചത് വിവ മജന്തയെയായിരുന്നു. തൊട്ടുപിന്നാലെ പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ഡിസംബറിൽ തന്നെ ശിൽപ ഷെട്ടി, രൺവീർ സിങ് പോലുള്ള ബോളിവുഡ് പ്രമുഖർ വിവ മജന്തയിലെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
ടെക്നിക്കൽ ലോകം വിവ മജന്തയെ വരവേൽക്കുന്നതിനെ കുറിച്ച് വിരളമായാണ് വാർത്തകൾ വരുന്നത്. എന്നാൽ, 2023ന്റെ സ്വന്തം വിവ മജന്തയിൽ ആദ്യമായി ഒരു സ്മാർട് ഫോൺ പുറത്തിറക്കിയിരിക്കുന്നത് മോട്ടറോളയാണ്.
പാന്റോണിന്റെ ഈ വർഷത്തെ നിറമായ വിവ മജന്തയിൽ മോട്ടറോള എഡ്ജ് 30 ഫ്യൂഷന്റെ- Motorola Edge 30 ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ മോട്ടറോള പുറത്തിറക്കി. ഫാഷൻ പ്രേമികളെ മോട്ടറോളയുടെ വിവ മജന്ത തീർച്ചയായും ആകർഷിക്കുമെന്നാണ് പ്രതീക്ഷ.
മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ സ്‌നാപ്ഡ്രാഗൺ 888+ 5G SoCലും 8GB LPDDR5 റാമിലും 128GB ഇൻബിൽറ്റ് സ്റ്റോറേജിലും പ്രവർത്തിക്കുന്നു. HDR10+ ഉള്ള 6.55 ഇഞ്ച് പോൾഡ് FHD+ ബോർഡർലെസ് ഡിസ്‌പ്ലേയാണ് സ്‌മാർട്ട്‌ഫോണിനുള്ളത്. ഡിസ്പ്ലേയ്ക്ക് 144Hz റീഫ്രെഷ് റേറ്റ് ഉണ്ട്.
50 MP ഒഐഎസ് പ്രൈമറി സെൻസർ, 13 MP അൾട്രാ വൈഡ് സെൻസർ, 2 MP ഡെപ്ത് ഷൂട്ടർ എന്നിവയുൾപ്പെടെ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് സ്മാർട്ട്‌ഫോണിനുള്ളത്. 32 MP സെൽഫി ക്യാമറയും ഇതിലുണ്ട്. ബ്രാൻഡിന്റെ ക്വാഡ് പിക്സൽ സാങ്കേതികവിദ്യയോടെയാണ് ക്യാമറ വരുന്നത്. ഇത് 4x മികച്ച ലോ ലൈറ്റ് സെൻസിറ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. 68W ടർബോപവർ ചാർജിങ്ങിനൊപ്പം 4400mAh ബാറ്ററി ശേഷിയുമായാണ് സ്മാർട്ട്‌ഫോൺ വരുന്നത്.
മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ ഒരു ലിമിറ്റഡ് എഡിഷൻ സ്മാർട്ട്‌ഫോണാണ്. അത് 39,999 രൂപയ്ക്ക് ലഭ്യമാകും. ജനുവരി 12 മുതൽ ഇത് വിൽപ്പനയ്‌ക്കെത്തും. ഈ സ്മാർട്ട്‌ഫോൺ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ലോഞ്ച് ഓഫറുകൾ ലഭിക്കുമെന്ന് ബ്രാൻഡ് വെളിപ്പെടുത്തി.
റിലയൻസ് ജിയോയിൽ നിന്ന് 3,500 രൂപയുടെ അധിക ബാങ്ക് കിഴിവും (നിർദ്ദിഷ്ട കാർഡുകൾക്ക് ബാധകം) 7,699 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും. മറ്റ് അംഗീകൃത വിൽപ്പനക്കാർക്കൊപ്പം ഫ്ലിപ്പ്കാർട്ടിലും മോട്ടറോള എഡ്ജ് 30 ഫ്യൂഷൻ വിൽപ്പനയ്ക്ക് ലഭ്യമാകും.