Lava Yuva 2 Launch: ബജറ്റ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു പുത്തൻ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചു ലാവ
3 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഫോൺ 6,999 രൂപയ്ക്ക് ലഭ്യമാണ്
ലാവയുടെ പുതിയ സിങ്ക്' സ്‌ക്രീൻ ഡിസ്‌പ്ലേയ്‌ക്കൊപ്പം 90Hz റിഫ്രഷ് റേറ്റുമുണ്ട്
5,000mAh ബാറ്ററിയും ടൈപ്പ്-സി 10W ചാർജറുമായിട്ടാണ് യുവ 2 വരുന്നത്
ബജറ്റ് സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു പുത്തൻ സ്മാർട്ട്ഫോൺ കൂടി. യുവ 2 സ്മാർട്ട്ഫോണുമായി ഇപ്പോൾ ലാവയാണ് വിപണിയിലെത്തിയിരിക്കുന്നത്. യുവ 2 പ്രോ അവതരിപ്പിച്ച് മാസങ്ങൾക്കകമാണ് ബജറ്റ് ഫ്രണ്ട്‌ലിയായ യുവ 2 മോഡൽ ലാവ അവതരിപ്പിച്ചിരിക്കുന്നത്. യുവ 2 പ്രോയിൽ ഉള്ളതുപോലെ തന്നെ ലാവ 2വിലും സെൽഫി ക്യാമറ വാട്ടർഡ്രോപ്പ്- സ്റ്റൈൽ നോച്ച് ലഭ്യമാണ്. പിൻഭാഗത്ത് രണ്ട് ക്യാമറ സെൻസറുകൾ ആണ് ഉണ്ടാവുക.
ലാവ യുവ 2 വില
ലാവ ബജറ്റ് വിഭാഗത്തിലെ ഏറ്റവും നിരക്കു കുറഞ്ഞ സ്മാർട്ട്ഫോണുകളുടെ നിരയിലേക്കാണ് യുവ 2 അവതരിപ്പിച്ചിരിക്കുന്നത്. 3 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള യുവ 2 വെറും 6,999 രൂപയ്ക്ക് ലഭ്യമാണ്. ഇത് യുവ 2 പ്രോയേക്കാൾ 1,000 രൂപ കുറവാണ്.
ലാവ യുവ 2 കളർ ഓപ്ഷനുകൾ
യുവ 2 സ്മാർട്ട്ഫോൺ യുവ 2 പ്രോയുടെ അതേ കളർ ഓപ്ഷനുകൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ഗ്ലാസ് ബ്ലൂ, ഗ്ലാസ് ലാവെൻഡർ, ഗ്ലാസ് ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ അവതരിപ്പിക്കുന്നത്.
ലാവ യുവ 2 ക്യാമറ
13 മെഗാപിക്‌സൽ ഡ്യുവൽ എഐ പിൻ ക്യാമറയും സ്‌ക്രീൻ ഫ്‌ളാഷോടു കൂടിയ 5 മെഗാപിക്‌സൽ മുൻ ക്യാമറയും സഹിതമാണ് ഈ ലാവ ഫോൺ എത്തുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, അനോണിമസ് ഓട്ടോ-കോൾ റെക്കോർഡിംഗ് ഫീച്ചർ, നോയ്സ് ക്യാൻസലേഷനായി ഇരട്ട മൈക്രോഫോണുകൾ എന്നിവയും ലാവ യുവ 2 വാഗ്ദാനം ചെയ്യുന്നു.
ലാവ യുവ 2 ഡിസ്‌പ്ലേ
ലാവയുടെ പുതിയ 'സിങ്ക്' സ്‌ക്രീൻ ഡിസ്‌പ്ലേയ്‌ക്കൊപ്പം 90Hz റിഫ്രഷ് റേറ്റുമുണ്ട്. "ഹൈ സ്‌ക്രീൻ-ടു-ബോഡി റേഷ്യോ", "ലോവർ ബെസലുകൾ" എന്നിവ നൽകുന്നതിൽ സിങ്ക് ഡിസ്‌പ്ലേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് കമ്പനി വിശദീകരിക്കുന്നു. കാഴ്ചയിൽ കൂടുതൽ ആകർഷകത്വം ഉറപ്പാക്കാൻ പിൻ പാനലിന് ലാവ ഗ്ലാസ് പോലുള്ള മെറ്റീരിയൽ ഉപയോഗിച്ചിരിക്കുന്നു.
ലാവ യുവ 2 പ്രോസസ്സർ
യൂണിസോക് T606) എന്ന ചിപ്‌സെറ്റാണ് ലാവ യുവ 2വിന് കരുത്തേകുന്നത്
ലാവ യുവ 2 ഒഎസ്
ആൻഡ്രോയിഡ് 12-ലാണ് യുവ 2 പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 13 അപ്‌ഡേറ്റ് ലഭിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് വർഷത്തേക്ക് ത്രൈമാസ സുരക്ഷാ അപ്‌ഡേറ്റുകളും ലാവ യുവ 2 വിന് ലഭിക്കും.
ലാവ യുവ 2 ബാറ്ററി
5,000mAh ബാറ്ററിയും ടൈപ്പ്-സി 10W ചാർജറുമായിട്ടാണ് യുവ 2 വരുന്നത്. എന്നാൽ 4G ഫോൺ ആണ് എന്നുള്ളത് ശ്രദ്ധിക്കേണ്ട ഒന്നാണ്.