iQOO Neo 7 Pro: 5,000 mAh ബാറ്ററിയും 120W ഫാസ്റ്റ് ചാർജിങ്ങുമുള്ള iQOOവിന്റെ ഏറ്റവും പുതിയ സ്മാർട്ഫോൺ ഇന്ത്യയിൽ ഉടൻ എത്തും. ഇന്ത്യൻ വിപണി കാത്തിരിക്കുന്ന ഈ സ്മാർട്ഫോൺ ജൂലൈ 4ന് പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. 6.78 ഇഞ്ച് അമോലെഡ് ഫുൾ HD+ ഡിസ്‌പ്ലേയും 120 Hzന്റെ റീഫ്രെഷ് റേറ്റുമായാണ് സ്മാർട്ഫോൺ എത്തുന്നത്. മിഡ്- റേഞ്ച് ബജറ്റിൽ പർച്ചേസ് ചെയ്യാവുന്ന iQOO നിയോ 7 പ്രോയുടെ ഫീച്ചറുകൾ സംബന്ധിച്ച് ഏതാനും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വിശദമായി അറിയാൻ തുടർന്ന് വായിക്കുക.
iQOO ജൂലൈ 4ന് തന്നെ റിലീസ് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌നാപ്ഡ്രാഗൺ 8+ Gen 1 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഐക്യൂ നിയോ 7 പ്രോ എത്തുന്നത്. ഫോണിന്റെ മറ്റ് ഫീച്ചറുകളെ കുറിച്ച് ഔദ്യോഗികമായി വിവരങ്ങൾ ഇല്ലെങ്കിലും ഏതാനും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് iQOO നിയോ 7 പ്രോ ഗെയിമിങ് പ്രവർത്തനങ്ങൾക്ക് മികച്ചതായിരിക്കുമെന്നും ഇതിനായി സ്‌നാപ്ഡ്രാഗൺ തെരഞ്ഞെടുക്കുന്നുവെന്നുമാണ്.
ഫോൺ മൾട്ടി- ടാസ്കിങ്ങിനും വളരെ മികച്ചൊരു മോഡലായിരിക്കും. ഇതിനുതകുന്ന തരത്തിൽ 12 GB റാമും 256 GB സ്‌റ്റോറേജുമായാണ് iQOO Neo 7 Pro അവതരിപ്പിച്ചിരിക്കുന്നത്.
5,000 mAh ബാറ്ററിയാണ് iQOO Neo 7 Proയിൽ വരുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐക്യൂ നിയോ 7 പ്രോയിൽ FuntouchOS 13ഉം പ്രവർത്തിക്കുന്നു. ഇതിന് പുറമെ മികച്ച ക്യാമറ ഫീച്ചറുകളും ഫോണിൽ വരുന്നുണ്ട്. 50 MPയുടെ പ്രൈമറി ലെൻസും 8 MPയുടെ അൾട്രാവൈഡ് സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുമാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, 2 MP മാക്രോ സെൻസറും ഫോണിലുണ്ട്. ഐക്യൂ നിയോ 7 പ്രോയിൽ സെൽഫി ക്യാമറയും മികച്ചതാണ്. 16 MPയുടെ ഫ്രണ്ട് ക്യാമറയാണ് ഫോണിലുള്ളത്.
ഡിസൈനും ആകർഷകമാണ്. ഓറഞ്ച് ഫാക്സ് ലെതർ പുറംമോടിയോടെയാണ് ഐക്യൂ ഫോൺ വരുന്നത്. iQOO നിയോ 7 പ്രോയിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ വരുന്നു. കൂടാതെ, ഡ്യുവൽ സിം, വൈഫൈ 6, ബ്ലൂടൂത്ത് 5.3, മറ്റ് കണക്റ്റിവിറ്റിയും ഫോണിലെ മറ്റ് പ്രധാന ഫീച്ചറുകളാണ്. ഇത്രയധികം നൂതന ടെക്നോളജികൾ അടങ്ങിയിട്ടുള്ള നിയോ 7 പ്രോ ഒരു മിഡ്- റേഞ്ച് വിഭാഗത്തിൽ ഉൾപ്പെടുന്ന ഫോണായിരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഫോണിന് ഏകദേശം 40,000 രൂപ വരെ വില വന്നേക്കാമെന്നാണ് പറയുന്നത്.