ഇന്ത്യയിൽ മികച്ച വിപണിയുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് മോട്ടോറോള (Motorola). ഇപ്പോഴിതാ, കമ്പനിയുടെ ഏറ്റവും വിലകുറഞ്ഞ 5G സ്മാർട്ട്‌ഫോൺ, മോട്ടോറോളയുടെ ഉടമസ്ഥ കമ്പനിയായ ലെനോവ ചൈനീസ് വിപണിയിൽ പുറത്തിറക്കി. മോട്ടോ ജി53 5G (Moto G53 5G) എന്ന ഈ പുതുപുത്തൻ സ്മാർട്ട്ഫോൺ എന്നാൽ ഇന്ത്യയിൽ അടുത്ത വർഷം ആദ്യമായിരിക്കും എത്തുക.
ഇതിന് തൊട്ടുമുമ്പ് വിപണയിൽ എത്തിയ മോട്ടോ ജി52 4G ഫോണുകളും വൻ വിജയമായിരുന്നെങ്കിലും, മോട്ടോ ജി53 5Gയുടെ ആകർഷകമായ സവിശേഷതകളും കുറഞ്ഞ വിലയും കൂടുതൽ ഹിറ്റാകാൻ സാധ്യതയുണ്ട്. അതായത്, G52 ഫോണിലെ pOLED ഡിസ്‌പ്ലേയ്‌ക്ക് പകരം പുത്തൻ മോഡലിൽ LCD ഡിസ്‌പ്ലേ ആയിരിക്കും വരുന്നത്. ഫോണിന്റെ സെൽഫി ക്യാമറ 8 മെഗാപിക്സൽ സെൻസറാണ്. മോട്ടോ ജി53 5ജി (Moto G53 5G) ഫോണുകളുടെ വിലയും മറ്റ് സവിശേഷതകളും മനസിലാക്കാം.
മോട്ടോ G53 5Gയുടെ 4GB റാമും 128GB സ്റ്റോറേജുമുള്ള മോഡലിന് (4GB+128GB) 900 ചൈനീസ് യുവാൻ വില വരും. ഏകദേശം 10,700 രൂപയാണ് ഇന്ത്യൻ വിപണിയിൽ വില വരുന്നത്. മോട്ടോയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് (8GB+128GB) 1099 ചൈനീസ് യുവാൻ വില വരും. ഇതിന് ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 13,000 രൂപ വരുന്നു. അതേ സമയം, മോട്ടറോളയുടെ 4G സ്മാർട്ട്ഫോണായ മോട്ടോ G52വിന്റെ 6GB റാമും 128GB സ്റ്റോറേജുമുള്ള മോഡൽ ഇന്ത്യയിൽ 12,999 രൂപയിൽ ലഭിക്കും.
പുതിയ മോട്ടോ G53 5G പ്രധാനമായും ലക്ഷ്യമിടുന്നത് ബജറ്റ് ഫോണുകളിൽ 5G കണക്റ്റിവിറ്റി കൊണ്ടുവരിക എന്നതാണ്. 5G ഇപ്പോൾ രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ സൗജന്യമായി ലഭ്യമായതിനാൽ ഈ പുതിയ ഫോണിന് ഇന്ത്യയിൽ നിന്നും ധാരാളം ഉപഭോക്താക്കളെ ആകർഷിക്കാനാകും.
6.5 ഇഞ്ച് 120Hz LCD സ്‌ക്രീനിലാണ് പുതിയ മോട്ടറോള സ്മാർട്ട്‌ഫോൺ വരുന്നത്. ഇതിന്റെ ഡിസ്‌പ്ലേ HD+ റെസല്യൂഷനിലാ(720 x 1600 പിക്സലുകൾ)ണുള്ളത്. മോട്ടോ G53 5Gയിൽ Qualcomm octa-core പ്രോസസർ ഉപയോഗിച്ചിരിക്കുന്നു. മോട്ടോ G52-ലെ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റത്തിൽ നിന്ന് വ്യത്യസ്തമായി, 50MP പ്രൈമറി ക്യാമറ സെൻസറും 2 MP സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ G53 5Gയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
3.5mm ജാക്ക്, ബ്ലൂടൂത്ത്, വൈഫൈ, എൻഎഫ്സി (NFC), സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഇതിലുണ്ട്. ഇതിന് പുറമെ, 18W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് മോട്ടോ G53 5Gയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.