999 രൂപയുടെ ജിയോയുടെ ജിയോഭാരത് 4G ഫീച്ചർ ഫോൺ ആമസോണിലൂടെ വിൽപ്പനയ്ക്ക് എത്തുന്നു. ക്ലാസിക് ബ്ലാക്ക് കളർ മോഡലിൽ എത്തുന്ന ജിയോഭാരത് 4ജി ഫീച്ചർ ഫോൺ ഓഗസ്റ്റ് 28 ന് ഉച്ചയ്ക്ക് 12 മുതൽ വാങ്ങാൻ ലഭ്യമാകും. കാർബണുമായി സഹകരിച്ചുകൊണ്ടാണ് ജിയോ ഭാരത് കെ1 കാർബൺ (Jio Bharat K1 Karbonn) എന്ന ഈ ഫോൺ ജിയോ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം പുറത്തിറക്കിയ ഈ ഫീച്ചർ ഫോൺ ഓഗസ്റ്റ് 28 മുതൽ ആമസോണിൽ വാങ്ങാൻ ലഭ്യമാകുമെന്ന് ആമസോൺ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ വ്യക്തമാക്കുന്നു.
കാർണബണുമായി സഹകരിച്ച് നിർമിച്ചിരിക്കുന്ന ഈ ഫോണിന്റെ മുൻവശത്ത് "ഭാരത്" ബ്രാൻഡിങ്ങും പിന്നിൽ "കാർബൺ" ലോഗോയുമുണ്ട്. പഴയ T9 കീബോർഡുമായി എത്തുന്ന ഈ ജിയോഭാരത് ഫോൺ പ്രവർത്തനത്തിൽ മറ്റ് ഫീച്ചർ ഫോണുകൾ പോലെ തന്നെയാണെങ്കിലും 4ജി ഫോണുകളാണ്.
ജിയോ ഫോണിനൊപ്പം ജിയോ പ്ലാനുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
1.77 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128GB വരെ എക്‌സ്‌റ്റേണൽ സ്റ്റോറേജ് പിന്തുണ ഉറപ്പാക്കിയിരിക്കുന്നു. ഫോണിന്റെ പിൻഭാഗത്ത് ദീർഘചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിൽ എൽഇഡി ഫ്ലാഷ് പിന്തുണയോടു കൂടിയ 0.3-മെഗാപിക്സൽ (VGA) സെൻസർ നൽകിയിട്ടുണ്ട്.
1,000mAh ബാറ്ററിയാണ് ഈ ജിയോഭാരത് ഫോണിൽ ഉള്ളത്. ജിയോ ആപ്പുകൾ വഴി പേയ്‌മെന്റുകൾ നടത്താനും സിനിമകൾ കാണാനും ഈ ഫോണിൽ സൗകര്യമുണ്ട്. ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട വാട്സ്ആപ്പ് പിന്തുണയും ഇതിലുണ്ടാകും എന്നാണ് റിപ്പോർട്ട്. ജിയോപേ ( JioPay ) ഉപയോഗിച്ച് യുപിഐ പേയ്‌മെന്റുകൾ നടത്താനും ജിയോഭാരത് ഫോൺ ഉപയോക്താക്കളെ അനുവദിക്കുന്നു.
ജിയോഭാരത് ഫോണിനൊപ്പം ജിയോഭാരത് റീച്ചാർജ് ഓപ്ഷനുകളും കമ്പനി പുറത്തിറക്കിയിരുന്നു. 123 രൂപ, 1234 രൂപ എന്നീ നിരക്കുകളിലാണ് ജിയോ ഭാരത് പ്ലാനുകൾ എത്തുക. ജിയോ ഭാരത് ഫോൺ ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് കുറഞ്ഞത് 123 രൂപയുടെ പ്ലാൻ എങ്കിലും ഉണ്ടായിരിക്കണം. ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കൂടി പരിചയപ്പെടാം.
123 രൂപയുടെ ജിയോഭാരത് പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുക. ആകെ 14 ജിബി ഡാറ്റയും ( പ്രതിദിനം 0.5 ജിബി ), അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എല്ലാ ജിയോ ആപ്പുകളിലേക്കുമുള്ള പൂർണ്ണ ആക്‌സസും ഈ ജിയോ പ്ലാനിൽ ലഭിക്കും.
ഒന്നിച്ച് പണം മുടക്കാൻ തയാറുള്ള ജിയോഭാരത് ഉപയോക്താക്കൾക്കായി വാർഷിക പ്ലാനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 1234 രൂപയാണ് ജിയോഭാരത് വാർഷിക പ്ലാനിന്റെ നിരക്ക്. ആകെ 168 ജിബി ഡാറ്റയും ( പ്രതിദിനം 0.5 ജിബി ഡാറ്റ ) അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ജിയോ ഭാരത് ഫോൺ ആമസോൺ വഴി വിൽപ്പനയ്ക്ക് എത്തുന്നതിന്റെ വിശദാംശങ്ങൾ മാത്രമേ നിലവിൽ പുറത്തുവന്നിട്ടുള്ളൂ. ജിയോ റീട്ടെയിൽ സ്റ്റോറുകളിൽ ഈ ഫോൺ ലഭ്യമാകുന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.