വര്‍ഷങ്ങൾ കുറച്ചായി ഫോൾഡബിൾ ഫോണുകൾ (Foldable phones) വിപണിയിലെത്തിയിട്ട്. മടക്കാവുന്ന സ്‌ക്രീനുള്ള ഫോണുകള്‍ക്ക് സ്‌ക്രീന്‍ വലുപ്പമുണ്ടെങ്കിലും, അവ കൂടുതൽ ഉപകാരപ്രദമാണെങ്കിലും ഇവയുടെ അധിക വില ഫോണിനെ ജനപ്രീയമാക്കിയില്ല. അതിനാൽ തന്നെ ഫോൾഡെബിൾ ഫോണുകൾക്ക് വലിയ ഡിമാൻഡ് ഇല്ലായിരുന്നു എന്ന് തന്നെ പറയാം.
എന്നാൽ 2023ൽ സ്ഥിതി കുറച്ച് വ്യത്യാസമായിരിക്കും. അതായത്, നിലവിൽ സാംസങ് ആണ് ഏറ്റവും കൂടുതൽ ഫോൾഡബിൾ ഫോണുകൾ (Samsung foldable phones) പുറത്തിറക്കുന്നതെങ്കിലും, ഇനിമുതൽ മറ്റ് പ്രമുഖ ബ്രാൻഡുകളായ ഒപ്പോ, വിവോ, വണ്‍പ്ലസ് എന്നിവയും മടക്കാവുന്ന ഫോണുകളുമായി വരുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇതിനെല്ലാം ഉപരി ഏറ്റവും ഗൂഗിളിന്റെ ഫോണ്‍ഡബിൾ ഫോണായിരിക്കും വിപണിയെ കീഴടക്കാൻ പോകുന്നത്. അതായത്, ഗൂഗിൾ പിക്‌സല്‍ ഫോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന സ്മാർട്ട് ഫോണിന് താരതമ്യേന വില കുറവാണെന്നതും മറ്റൊരു ആകർഷണമാണ്.
ഈ വർഷം ഇന്ത്യയിൽ ഫോൾഡബിൾ ഫോണിന് ഏകദേശം 20 മുതൽ 30 ശതമാനം വരെ വിൽപ്പന അധികമായി ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കടന്നുപോയ വർഷവും ആഗോളതലത്തിലും ഇന്ത്യയിലും ഫോൾഡബിൾ ഫോണിന്റെ വിൽപന 50 ശതമാനത്തിലധികം ഉയർന്നിരുന്നു. 2023ൽ ഇത് 52 ശതമാനമായിരിക്കും. അതായത്, 2.27 കോടി ഫോൾഡബിൾ ഫോണുകൾ ആഗോളതലത്തിൽ വിറ്റഴിയും എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
Samsung Galaxy Z ഫോൾഡ് 4, Galaxy Z Flip 4 എന്നിവയാണ് സാംസങ്ങിൽ നിന്നുള്ള പ്രധാന ഫോൾഡബിൾ ഫോൺ. മോട്ടറോളയുടെ Razrഉം ഈ വിഭാഗത്തിൽപെടുന്നു.
കൂടാതെ, സാംസങ് ഫോൾഡബിൾ ഫോൺ കൂടുതലായി പുറത്തിറക്കുന്നതിലൂടെ ഐഫോൺ ആരാധകരെയും ആൻഡ്രോയിഡിലേക്ക് ക്ഷണിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാൽ സാംസങ്ങിന് എതിരാളിയാകുക ഗൂഗിളിന്റെ പിക്സൽ ഫോൾഡായിരിക്കും. കാരണം, നിലവിലെ റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് സാംസങ്ങിന്റെ പുറകിലുള്ള അതിസവിശേഷമായ ക്യാമറയെ വെല്ലുന്നതായിരിക്കും ഗൂഗിളിന്റെ ഫോൾഡബിൾ ഫോൺ. Galaxy Z ഫോൾഡ് 4-ന്റെ ക്യാമറകൾ മുൻ തലമുറകളേക്കാൾ വളരെ മികച്ചതാണെങ്കിലും, ഗൂഗിൾ പിക്സൽ ഫോണുകൾ ഇതിനെ മറികടക്കും. കൂടാതെ Googleന്റെ അതിശയകരമായ പോസ്റ്റ്-പ്രോസസിങ് സോഫ്റ്റ്‌വെയർ ഫോൾഡബിൾ ഫോട്ടോഗ്രാഫിയിൽ കൂടുതൽ മികച്ച അനുഭവം നൽകുന്നതായിരിക്കും.
അംഗീകരിക്കേണ്ട ഒരു സത്യമാണ് സാംസങ്ങിന്റെ ഫോൾഡബിൾ ഫോൺ കുറയേറെ ഐഫോൺ ആരാധകരെ ആൻഡ്രോയിഡിലേക്ക് കൊണ്ടുവന്നു എന്നത്. അതിനാൽ തന്നെ 2023ൽ ഐഫോൺ ഫ്ലിപ്പ് ഫോണുകൾ ലോഞ്ച് ചെയ്യുമോ എന്നത് സ്വാഭാവികമായ സംശയമാണ്. എന്നാൽ ആപ്പിൾ ഇത്തരം മോഡലുകൾ പുറത്തിറക്കാനുള്ള സാധ്യത കുറവാണ്. കാരണം, ഇപ്പോഴും ഐഫോണിന്റെ ഇടിയാത്ത മാർക്കറ്റ് വാല്യു തന്നെയാണ്.
ആപ്പിൾ ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കാൻ തിടുക്കപ്പെടുന്നില്ല. അനുയോജ്യമായ സമയമെടുത്ത് ഐഫോൺ ഇത്തരം മോഡലുകൾ പരീക്ഷിക്കുമെന്നും, ഇത് അപകടസാധ്യത കുറയ്ക്കുമെന്നുമാണ് കരുതുന്നത്.