iPhone 16 Pro Max ആണ് ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് ഫോൺ. ഇതുവരെ വിപണിവാണ ഐഫോൺ 15 Pro Max സ്ഥാനം ഒഴിഞ്ഞുമാറി. എന്നാൽ iPhone 15 Pro മാക്സിനെ പോലെ വിപണിയെ ഞെട്ടിക്കുമോ പുതിയ അവതാരം?
ആപ്പിളിന്റെ മുൻ മുൻനിര മോഡലിനെ അപേക്ഷിച്ച് വലിപ്പത്തിൽ കാര്യമായ വ്യത്യാസമുണ്ട്. എന്നുവച്ചാൽ പുതിയ മോഡലിൽ 6.7 ഇഞ്ചിൽ നിന്ന് 6.9 ഇഞ്ചിലേക്ക് വലിപ്പം കൂട്ടി.
ഈ വലിപ്പം ഒഴികെ ഒറ്റനോട്ടത്തിൽ കാര്യമായ വ്യത്യാസം പ്രോ മാക്സിൽ തോന്നുന്നില്ല. എന്നാലും, ഐഫോൺ 16 പ്രോ മാക്‌സിനെ കൂടുതൽ മികച്ചതാക്കുന്ന മറ്റ് പല ഫീച്ചറുകളുണ്ട്. പുതിയ ഐഫോൺ 16 പ്രോ മാക്സിൽ നിരവധി അപ്‌ഗ്രേഡുകളുണ്ട്.
രണ്ട് പ്രോ മാക്സ് മോഡലും സാമ്യമുണ്ടോ വ്യത്യാസമുണ്ടോ എന്ന് നോക്കാം. ഇതിൽ നിങ്ങളെ അതിശയിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയിൽ ഐഫോൺ 16 പ്രോ മാക്സിന്റെ വില 15 പ്രോ മാക്സിനെക്കാൾ കുറവാണ്. അതും ഏകദേശം 10,000 രൂപയുടെ വില വ്യത്യാസം വരുന്നുണ്ട്.
iPhone 15 Pro മാക്സിന് 6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR പാനലായിരുന്നു. എന്നാൽ പുതിയ മാക്സ് ഫോണിന് 6.9 ഇഞ്ച് സൂപ്പർ റെറ്റിന XDR പാനലാണുള്ളത്. രണ്ട് പാനലുകളും ProMotion 120Hz റിഫ്രെഷ് റേറ്റിനെ സപ്പോർട്ട് ചെയ്യുന്നു. 2000 nits പീക്ക് ബ്രൈറ്റ്നെസ്സും ഇവ രണ്ടിനുമുണ്ട്.
ഐഫോൺ 16 പ്രോ മാക്സ് 4K 120FPS വീഡിയോ സപ്പോർട്ട് തരുന്നു. മുൻഗാമിയേക്കാൾ പെർഫോമൻസ് ഡബിളാക്കിയെന്ന് പറയാം. ലാൻഡ്‌സ്‌കേപ്പിനും മാക്രോ ഷോട്ടുകൾക്കുമായി പുതിയ 48MP അൾട്രാ-വൈഡ് ലെൻസ് അവതരിപ്പിച്ചു. 15 മാക്സ് ഫോണിലാകട്ടെ 12MP അൾട്രാ-വൈഡ് ലെൻസായിരുന്നു ഉണ്ടായിരുന്നത്.
വീഡിയോ റെക്കോഡിങ്ങിലും ഗംഭീരമായ അപ്ഗ്രേഡ് ഐഫോൺ 16 പ്രോ മാക്സിനുണ്ട്. 4K-യിൽ 60fps വീഡിയോ റെക്കോഡിങ് സപ്പോർട്ടാണ് മുൻഗാമിയിലുള്ളത്. എന്നാൽ പുതിയ ഫോണിൽ 4K-യിൽ 120fps റെക്കോഡിങ് സാധ്യമാകും. ഇനി യൂട്യൂബേഴ്സിന് കൂടുതൽ ക്ലാരിറ്റിയിൽ വീഡിയോകൾ പകർത്താം.
അതുപോലെ പവർ ബട്ടണ് താഴെ പുതിയ ക്യാമറ കൺട്രോൾ ബട്ടണും അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിൾ വിഷ്വൽ ഇന്റലിജൻസ് ഫീച്ചറുകൾ ഇതിലൂടെ ആക്സസ് ചെയ്യാം. ഐഫോൺ 15 പ്രോ മാക്സിൽ ഇങ്ങനെ സംവിധാനമില്ല. പകരം ആക്ഷൻ ബട്ടണാണ് നൽകിയിട്ടുള്ളത്.
A18, A18 പ്രോ എന്നീ രണ്ട് ചിപ്സെറ്റുകളാണ് ഈ വർഷമെത്തിയത്. ഇവ രണ്ടും 3nm ആർക്കിടെക്ചറെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. എ18 പ്രോയാണ് ഐഫോൺ 16 പ്രോ മോഡലുകളിലുള്ളത്.
പുതിയ ചിപ്‌സെറ്റിൽ 16-കോർ ന്യൂറൽ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഇത് മുമ്പത്തേതിനേക്കാൾ കൂടുതൽ കാര്യക്ഷമതയുള്ള ഇന്റലിജൻസ് ഫീച്ചറാണ്. A18 പ്രോ 15% കൂടുതൽ സ്പീഡുള്ളവയാണ്. ഇവ ജിപിയു പെർഫോമൻസിൽ 20% വേഗതയുള്ളവയാണ്.
നേരത്തെ പറഞ്ഞ പോലെ ഐഫോൺ 16 പ്രോ മാക്സിന് വില മുൻഗാമിയേക്കാൾ കുറവാണ്. പ്രോ മാക്സിന്റെ അടിസ്ഥാന വേരിയന്റ് 256GB ആണ്. ഇതിന് ഇന്ത്യയിലെ വില 1,44,900 രൂപയാണ്. എന്നാൽ 15 Pro മാക്സിന് 1,54,000 രൂപയാകും. ജൂലൈയിലെ പുതുക്കിയ വിലയാണിത്.