ഐഫോൺ 15 വിപണിയിൽ എത്തി ചുരുങ്ങിയ മാസങ്ങൾ പിന്നിടുമ്പോഴേക്കും അടുത്ത തലമുറ Apple ഫോണുകളെ കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കാൻ തുടങ്ങി. iPhone 16 എന്തെല്ലാം പ്രത്യേകതകളോടെയായിരിക്കും വരുന്നതെന്നും, ഫോണിന്റെ വലിപ്പവും വിലയും ബാറ്ററിയുമെല്ലാം എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ചും ചർച്ചകൾ വ്യാപിക്കുന്നുണ്ട്.
ഐഫോൺ 16 മികച്ചതും വലുതുമായ ഡിസ്‌പ്ലേകളോടെ വരുമെന്നാണ് ചില റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. എന്നാൽ ഐഫോൺ ബേസിക് മോഡലുകൾക്ക് മാത്രമായിരിക്കും ഈ ഫീച്ചർ ലഭിക്കുക. 16 സീരീസുകളിലെ പ്രോ മോഡലുകൾക്കാകട്ടെ അല്പം വലിയ പാനലുകൾ ലഭിക്കാനും സാധ്യതയുണ്ട്.
ഐഫോൺ 16ന്റെ പ്രോ മോഡലുകളിൽ കൂടുതൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു. ഐഫോൺ 16 പ്രോയ്ക്ക് 6.27 ഇഞ്ച് എൽടിപിഒ ഡിസ്‌പ്ലേ ഉണ്ടായിരിക്കുമെന്നാണ് ഇപ്പോഴത്തെ ഊഹാപോഹങ്ങൾ. എന്നാൽ ഐഫോൺ പ്രോ മാക്സിന് 6.86 ഇഞ്ച് എൽടിപിഒ സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നും സൂചനകളുണ്ട്.
ഇത് ഐഫോൺ 15നേക്കാൾ വലിപ്പം കൂടിയ സ്ക്രീനാണ്. കാരണം, വിപണിയിലുള്ള ഏറ്റവും പുതിയ മോഡലായ ഐഫോൺ 15 പ്രോയ്ക്ക് 6.1 ഇഞ്ച് സ്‌ക്രീനും ഐഫോൺ 15 പ്രോ മാക്സിന് 6.7 ഇഞ്ച് വലിപ്പമുള്ള സ്ക്രീനുമാണ് വരുന്നത്.
Read More: നിങ്ങളുടെ ഫോൺ Hack ചെയ്യപ്പെട്ടോ? ഒളിച്ചിരിക്കുന്ന അപകടത്തെ കോഡ് വച്ച് കണ്ടുപിടിക്കാം…
എല്ലാ ഐഫോൺ 16 ഫോണുകളിലും ഉയർന്ന താപ ചാലകത ഗുണങ്ങളുള്ള ഗ്രാഫീൻ ഹീറ്റ് സിങ്കുകൾ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് ഫോണിന്റെ ഹീറ്റിങ് കപ്പാസിറ്റിയിലും മറ്റും സ്വാധീനമുണ്ടാക്കും.
ഐഫോൺ 16 ബാറ്ററിയെ കുറിച്ച് ഏതാനും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതുവരെ ഇറങ്ങിയ ആപ്പിൾ ഫോണുകളേക്കാൾ ഏകദേശം 2.5 ശതമാനം വലിപ്പമുള്ള ബാറ്ററിയാണെന്നാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. മാത്രമല്ല, ഫ്രോസ്റ്റഡ് മെറ്റാലിക് ഷെല്ലും ഫോണിലുണ്ടാകും.
എന്നിരുന്നാലും ആപ്പിൾ പുറത്തിറക്കുന്ന പുതിയ ഫോണുകൾക്ക് നിരാശപ്പെടുത്തുന്ന ചില ഫീച്ചറുകളുണ്ട്. എന്തെന്നാൽ, 60Hz ആണ് ഐഫോൺ 16ന്റെ റീഫ്രെഷ് റേറ്റ് വരുന്നത്. ഒരു പ്രീമിയം ഫോൺ ആഗ്രഹിക്കുന്നവർക്ക് അത്ര തൃപ്തികരമല്ലാത്ത ഫീച്ചറാണിത്. എങ്കിലും 16 സീരീസുകളിലെ ബേസിക് ഫോണുകൾക്ക് മാത്രമാണ് ഈ പ്രശ്നം ഉണ്ടാകുക. എന്നാൽ പ്രോ സീരീസ് ഫോണുകൾക്ക് 120Hz റീഫ്രെഷ് റേറ്റുണ്ടാകുമെന്ന് പറയുന്നുണ്ട്.
എന്തായാലും വലിയ ഡിസ്പ്ലേയെന്നത് ആപ്പിൾ ആരാധർകർക്ക് സന്തോഷകരമായ വാർത്ത തന്നെ. മികച്ച ബാറ്ററി ലൈഫും ആരാധർക്ക് ഐഫോൺ 16ൽ പ്രതീക്ഷ നൽകുന്നുണ്ട്.