iPhone 15 വലിയ വിപണി ശ്രദ്ധ നേടിയെങ്കിലും ഫോൺ അമിതമായി ചൂടാകുന്നത് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഫോണിന് പ്രശ്നമാകില്ലെന്ന് അറിയിച്ചെങ്കിലും, ഫോൺ ചൂടാകുന്നതിന് കാരണം iOSലെ ഒരു ബഗ്ഗ് പ്രശ്നമാണെന്നും ഉടനെ അപ്ഡേറ്റ് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കുമെന്നും Apple അറിയിച്ചിരുന്നു.
5 ദിവസങ്ങൾക്ക് മുമ്പ് ആപ്പിൾ അപ്ഡേറ്റ് അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ, അപ്ഡേറ്റ് ചെയ്ത ഐഫോണുകളുടെ ക്യാമറയിൽ പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി പരാതി വന്നു. ഇപ്പോഴിതാ, ഐഫോൺ 15ൽ വേറെയും ചില അപാകതകളുണ്ടെന്ന് കാട്ടി പരാതികൾ ഉയരുന്നതായി ലൈവ്മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ ഐഫോൺ 15ന്റെ സ്ക്രീനുകൾക്ക് പ്രശ്നമുള്ളതായാണ് പരാതിക്കാർ പറയുന്നത്. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നീ പ്രോ ഡിവൈസുകളിൽ സ്‌ക്രീൻ ബേൺ പ്രശ്‌നങ്ങളുണ്ടെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ട്വിറ്ററിലും മറ്റുമായി ഉപയോക്താക്കൾ തങ്ങളുടെ പരാതി വെളിപ്പെടുത്തുന്നുണ്ട്.
ഐഫോൺ 15ന്റെ പ്രോ മോഡലുകളിൽ സ്ക്രീൻ- ബേൺ- ഇൻ പ്രശ്നമുണ്ടെന്നും, ഇങ്ങനെ അപാകതകൾ വരുന്നത് കമ്പനിയ്ക്ക് കൂടുതൽ പൊല്ലാപ്പാവുകയുമാണെന്ന് ട്വീറ്റുകളിൽ ആപ്പിൾ ഫോൺ യൂസേഴ്സ് വിവരിക്കുന്നു. എന്നാൽ, പ്രോ സീരീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ പുതിയ പ്രശ്നത്തിനത്തിൽ ആപ്പിൾ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല.
എങ്കിലും താൽക്കാലികമായി ഈ പ്രശ്നത്തിന് എങ്ങനെ പരിഹാരം കാണാമെന്നും ടെക് വിദഗ്ധർ വിശദീകരിക്കുന്നു.
ഐഫോൺ 15ൽ സ്ക്രീൻ സേവർ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇത് ഡിസ്പ്ലേ സ്ലീപ്പിന് സഹായിക്കും. അതിനാൽ സ്ക്രീൻ അമിതമായി ചൂടാകാതെ ഫോണിനെ ഒരു പരിധി വരെ സംരക്ഷിക്കാം.
iOS 17ലെ ബഗ്ഗ് കാരണം, ഐ.ഒ.എസ് 17.0.3 എന്ന വേർഷനാണ് കമ്പനി പുറത്തുവിട്ടത്. പുതിയ ഫീച്ചറുകളും ഒപ്പം സെക്യൂരിറ്റി അപ്ഡേറ്റുകളും ചേർത്താണ് ഐഫോൺ 15നായി ഈ സോഫ്റ്റ് വെയർ അവതരിപ്പിച്ചത്. എന്നാൽ സോഫ്റ്റ് വെയർ iOS 16 ആണെങ്കിൽ iOS 16.7.1 എന്ന അപ്ഡേറ്റുമായാണ് കമ്പനി എത്തിയത്. പഴയ ഐഫോൺ ഉപയോഗിക്കുന്നവർക്കും, പുതിയ ഐഫോണിൽ ഇതുവരെയും ഐ.ഒ.എസ് 17 ഇൻസ്റ്റാൾ ചെയ്യാത്തവർക്കും ഈ അപ്ഡേറ്റ് പ്രയോജനപ്പെടുത്താം.
Also Read: boAt earbud price cut: 799 രൂപയ്ക്ക് boAt ഇയർബഡ്! വിശ്വസിക്കാനാകുന്നില്ലേ?
ഐഒഎസ് ഇതുവരെയും അപ്ഡേറ്റ് ചെയ്യാത്തവർ ഐഫോണിലെ സെറ്റിങ്സിൽ നിന്നും സോഫ്റ്റ് വെയർ അപ്ഡേഷൻ എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത് അപ്ഡേഷൻ നടത്താവുന്നതാണ്.