iPhone 15ന്റെ ലോഞ്ചും ആവേശവും തീരുന്നതിന് മുന്നേ ഐഫോൺ 12ന് നിരോധനം. ഫ്രാൻസിലാണ് iPhone 12ന്റെ വിൽപ്പന നിരോധിച്ചത്. ഫ്രാൻസിന്റെ റേഡിയേഷൻ വാച്ച്‌ഡോഗാണ് ആപ്പിളിനെതിരെ ഇങ്ങനെയൊരു നടപടി എടുത്തത്. എന്നാൽ iPhone 12ന് എതിരെയുള്ള ഫ്രാൻസിന്റെ ആരോപണങ്ങളെ കമ്പനി എതിർത്തിട്ടുണ്ട്.
സ്മാർട്ട്‌ഫോൺ യൂറോപ്യൻ റേഡിയേഷൻ എക്‌സ്‌പോഷർ പരിധി ലംഘിച്ചുവെന്നാണ് ഫ്രാൻസ് കണ്ടെത്തിയിരിക്കുന്നത്. ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണത്തിൽ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന ഊർജ്ജത്തിന്റെ അളവാണ് SAR അഥവാ സ്റ്റാൻഡേർഡ് അബ്സോർപ്ഷൻ റേറ്റ്. ഈ അളവ് iPhone 12 ലംഘിച്ചതായാണ് ആരോപണം.
ഫോണിൽ നിന്ന് ഇങ്ങനെയുണ്ടാകുന്ന റേഡിയേഷൻ ശരീര കോശങ്ങളെ ചൂടാക്കുന്നു. ഇത് ശരീരത്തിൽ പൊള്ളലോ ഹീറ്റ് സ്ട്രോക്ക് പോലുള്ള ആരോഗ്യ പ്രത്യാഘാതങ്ങളോ ഉണ്ടാക്കുന്നു. iPhone 12ൽ നിയമപരമായി അനുവദനീയമായതിലും അധികം SAR ഉണ്ടെന്ന് ഏജൻസി നാഷണൽ ഡെസ് ഫ്രീക്വൻസസ് റിപ്പോർട്ട് ചെയ്തു. ഇതിനെ തുടർന്നാണ് ആപ്പിളിനെതിരെ ഫ്രാൻസ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്.
ആപ്പിൾ iPhone 12ൽ നിന്ന് ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ രാജ്യത്തുടനീളം ഫോണിന്റെ വിൽപ്പന നിരോധിക്കുമെന്നാണ് ANFR അറിയിച്ചത്. എന്നാൽ ആരോപണങ്ങളെ തള്ളിക്കളയുകയാണ് ആപ്പിൾ. ഒന്നിലധികം അന്താരാഷ്ട്ര സ്ഥാപനങ്ങൾ iPhone 12നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അപകടകരമായ വികിരണങ്ങൾ ഉണ്ടാകാതിരിക്കാൻ ബാധകമായ എല്ലാ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കമ്പനി പാലിക്കുന്നുണ്ടെന്നും അറിയിച്ചു.
EUവിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ഐഫോൺ 12നെതിരെ ANFR വാദിക്കുന്നത്. എന്നാൽ ഫ്രാൻസിന് പിന്നാലെ മറ്റ് രാജ്യങ്ങളിലും നിരോധനം വരുമോ എന്നതിൽ ഇപ്പോൾ വ്യക്തതയില്ല. ANFRന്റെ കണ്ടെത്തലുകൾ മറ്റ് EU അംഗരാജ്യങ്ങളിലെ റെഗുലേറ്റർമാർക്ക് കൈമാറുമെന്നും ഹിന്ദുസ്ഥാൻ ടൈംസിനന്റെ റിപ്പോർട്ടിൽ വിവരിക്കുന്നു.
അതേ സമയം, പ്രശ്നം പരിഹരിക്കാൻ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് നടത്തിയാൽ മതിയെന്നാണ് ANFR തന്നെ അറിയിച്ചിട്ടുള്ളത്. സോഫ്റ്റ്‌വെയർ – ആപ്പുകൾ, പ്രോഗ്രാമുകൾ എന്നിവയെല്ലാം ഹാർഡ്‌വെയറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. അതിനാൽ തന്നെ iPhone 12ൽ നിന്ന് നിലവിൽ ആരോപിക്കപ്പെട്ട SAR എക്സ്പോഷർ കുറയ്ക്കാൻ ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് മതിയാകുമെന്നാണ് വിലയിരുത്തൽ.