ഇൻഫിനിക്സ് ഒരു പുത്തൻ സ്മാർട്ട്ഫോണുമായി ഇന്ത്യൻ വിപണിയിലെത്തുന്നു. ഇൻഫിനിക്‌സ് സീറോ 30 5G എന്ന പേരിൽ എത്തുന്ന ഫോൺ സെപ്റ്റംബർ 2 ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഫോണിന്റെ പ്രീബുക്കിങ് ഫ്ലിപ്പ്കാർട്ട് വഴി സാധ്യമാകും. ആദ്യമായി ഐ ട്രാക്കിംഗ് ഓട്ടോഫോക്കസോടുകൂടിയ 50MP ഫ്രണ്ട് ക്യാമറയും 4K 60fps വീഡിയോ റെക്കോർഡിംഗും ഉൾപ്പെടെ മികച്ച ഫീച്ചറുകൾ അവതരിപ്പിക്കുന്നു എന്നതാണ് ഇൻഫിനിക്‌സ് സീറോ 30 5Gയുടെ ഇന്ത്യൻ വരവിനെ ശ്രദ്ധേയമാക്കി മാറ്റിയിരിക്കുന്നത്. 20000 രൂപയ്ക്ക് മുകളിലുള്ള വില വിഭാഗത്തിൽ ആയിരിക്കും ഈ സ്മാർട്ട്ഫോൺ എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇൻഫിനിക്‌സ് സീറോ 30 5Gയുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
ഇൻഫിനിക്സ് സീറോ 30 5Gയിൽ 10-ബിറ്റ് 6.78-ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് കരുതുന്നു. 144Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 950 nits വരെയുള്ള പീക്ക് ബ്രൈറ്റ്‌നെസ്, 2160Hz PWM ഡിമ്മിംഗ് എന്നിവയുമായാണ് ഫോൺ വരുന്നതെന്ന് ഇൻഫിനിക്‌സ് സ്ഥിരീകരിച്ചു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഇതിലുണ്ടാകും.
ഗോൾഡൻ അവർ, റോം ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത് എന്ന് ടീസർ വെളിപ്പെടുത്തുന്നു.
പ്രോസസർ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി ലഭ്യമായിട്ടില്ല. എന്നാൽ, അടുത്തിടെ ചൈനയിൽ പ്രത്യക്ഷപ്പെട്ട ഒരു ലൈവ് ചിത്രത്തെ അടിസ്ഥാനമാക്കി, X6731 എന്ന മോഡൽ നമ്പറുള്ള ഫോൺ മീഡിയടെക് ഡൈമൻസിറ്റി 8020 ചിപ്സെറ്റ് കരുത്തിലാണ് എത്തുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. 8GB റാം, 256GB ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഇൻഫിനിക്‌സ് സീറോ 30 5Gയിൽ പ്രതീക്ഷിക്കപ്പെടുന്നു.
സെഗ്‌മെന്റിലെ ഏറ്റവും സ്ലിം ഫോൺ ആയിരിക്കും ഇതെന്നാണ് ഇൻഫിനിക്സ് പറയുന്നത്. വെറും 7.9 എംഎം ആയിരിക്കും ഈ ഫോണിന്റെ കനം. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള XOS 13.1 ൽ ആയിരിക്കും പ്രവർത്തനം.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളതെന്ന് ടീസർ സ്ഥിരീകരിക്കുന്നു. 108 എംപി നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിലെ മറ്റ് ക്യാമറകൾ ഏതൊക്കെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ 50എംപി ഫ്രണ്ട് ക്യാമറയുമായാണ് ഈ 5G ഫോൺ എത്തുന്നത് എന്ന് ഉറപ്പിക്കപ്പെട്ടിട്ടുണ്ട്. 60fps വരെ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന ഇന്ത്യയിലെ ആദ്യത്തെ 50 MP ഫ്രണ്ട് ക്യാമറ എന്ന പ്രത്യേകതയുമായാണ് ഇൻഫിനിക്‌സ് സീറോ 30 എത്തുന്നത്.