ഇൻഫിനിക്‌സിന്റെ പുതിയ ഹാൻഡ്സെറ്റ് നോട്ട് 12ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇൻഫിനിക്‌സ് നോട്ട് 12ഐ(Infinix Note 12i) യുടെ 4 ജിബി റാം, 64 ജിബി വേരിയന്റിന്റെ ഇന്ത്യയിലെ വില 9,999 രൂപയാണ്. ജനുവരി 30ന് ഫ്ലിപ്കാർട്ട് വഴി ഹാൻഡ്സെറ്റ് വിൽപനയ്‌ക്കെത്തും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ഇടപാടുകൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. ഈ ഫോണുകളിൽ 4ജി കണക്‌ഷൻ മാത്രമാണ് ഉണ്ടാകുക. ആകെ രണ്ട് കളറുകളിലാണ് ഫോൺ വിപണിയിലെത്തിയിരിക്കുന്നത്. ഫോഴ്‌സ് ബ്ലാക്ക്, മെറ്റാവേർസ് ബ്ലൂ എന്നീ കളർ വേരിയന്റുകളിലാണ് ഈ ഫോൺ അവതരിപ്പിക്കുന്നത്. ഫോണിന് മികച്ച പെർഫോമൻസ് കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇൻഫിനിക്സ് നോട്ട് 12 ഐ ഫോണുകൾക്ക് 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് റെസൊല്യൂഷനോട് കൂടിയ വാട്ടർഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ഫോണിന്റെ പാനലിന് 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസാണ് ഉള്ളത്. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് വൈഡ്വൈൻ എൽ 1 സെർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ഫോണിന് 7.8 മില്ലിമീറ്റർ തിക്ക്‌നെസാണ് ഉള്ളത്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള XOS 12.0 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി85 ആണ് പ്രോസസർ.
വെർട്ടിക്കലായി ഒരുക്കിയിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഫോണിന് 50 മെഗാപിക്സൽ മെയിൻ ലെൻസും മറ്റ് രണ്ട് സെൻസറുകളും ഉണ്ട്. ഫോണിന്റെ സെൽഫി ക്യാമറ 8 മെഗാപിക്സലാണ്. 33 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.
മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി വികസിപ്പിക്കാവുന്ന (512 ജിബി വരെ) 64 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമായാണ് സ്മാർട് ഫോൺ വരുന്നത്. വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആംബിയന്റ് ലൈറ്റ് സെൻസർ, ജി-സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.