ഇന്ത്യയിൽ ഇനി ഐഫോണുകളിലും 5G ലഭിക്കും; നിങ്ങൾ ചെയ്യേണ്ടത്

ഇന്ത്യയിൽ ഇനി ഐഫോണുകളിലും 5G ലഭിക്കും; നിങ്ങൾ ചെയ്യേണ്ടത്
HIGHLIGHTS

ഇന്ത്യയിൽ ആപ്പിൾ ഐഫോണുകളിൽ ഇനി 5ജി ലഭിക്കും.

iOS 16.2 അപ്ഡേറ്റിലൂടെയാണ് 5ജി കണക്റ്റിവിറ്റി ലഭിക്കുന്നത്.

5ജി സപ്പോർട്ടുള്ള എല്ലാ ഐഫോണുകളിലും ഈ അപ്ഡേറ്റ് ലഭ്യമാണ്.

ആപ്പിൾ ഐഫോണുകൾക്കായുള്ള പുതിയ അപ്ഡേറ്റ്  iOS 16.2 ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. ഈ അപ്ഡേറ്റിലൂടെ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് 5ജി നെറ്റ്‌വർക്ക് (5G) ഉപയോഗിച്ച് തുടങ്ങാം. 5ജി സപ്പോർട്ടുള്ള എല്ലാ ഐഫോൺ മോഡലുകളിലും 5ജി നെറ്റ്‌വർക്ക് ലഭ്യമാകും. ജിയോ, എയർടെൽ എന്നിവയുടെ 5ജി ലഭ്യമായ നഗരങ്ങളിലുള്ള ഐഫോൺ ഉപയോക്താക്കൾക്ക് ഈ അവസരം വിനിയോഗിക്കാം. രാജ്യത്തെ തെരഞ്ഞെടുത്ത ഐഫോൺ ഉപയോക്താക്കൾക്കായി പുതിയ ബീറ്റ സോഫ്റ്റ്‌വെയർ പ്രോഗ്രാം വീക്ക് നടത്തിയിരുന്നു. iOS 16 ബീറ്റ സോഫ്റ്റ്‌വെയർ പ്രോഗ്രാമിൽ പങ്കെടുത്ത എയർടെൽ, ജിയോ ഉപയോക്താക്കൾക്ക് അവരുടെ ഐഫോണുകളിൽ 5ജി പരീക്ഷിക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു മാസത്തിനുശേഷം 5ജി കണക്റ്റിവിറ്റിയുള്ള ഫോണുകളിൽ നെറ്റ്‌വർക്ക്  സപ്പോർട്ട് ചെയ്യുന്ന OS അപ്ഡേറ്റുമായി ആപ്പിൾ എത്തിയിരിക്കുകയാണ്.

5ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും പുതിയ ഒഎസിലേക്ക് ഫോൺ അപ്ഡേറ്റ് ചെയ്യാം. താമസിക്കുന്ന നഗരത്തിൽ 5ജി നെറ്റ്വർക്ക് ഉണ്ടെങ്കിൽ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളു.  5ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള ഐഫോണുകളും ഇന്ത്യയിൽ ജിയോ, എയർടെൽ എന്നിവയുടെ 5ജി സേവനം ലഭ്യമായ നഗരങ്ങളും പരിശോധിക്കാം. 5ജി നെറ്റ്‌വർക്ക് സപ്പോർട്ടുള്ള ഐഫോൺ മോഡലുകളിൽ മൂന്ന് സീരിസുകൾ ഉൾപ്പെടുന്നു. ഏറ്റവും പുതിയ ഐഫോൺ 14 സീരീസിലെ ഐഫോൺ 14, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ മാക്സ് എന്നീ മൂന്ന് മോഡലുകൾക്കും 5ജി നെറ്റ്വർക്ക് സപ്പോർട്ടുണ്ട്. ഐഫോൺ എസ്ഇ 2022 മോഡലിലും അടുത്ത തലമുറ നെറ്റ്വർക്ക് സപ്പോർട്ട് ചെയ്യും. ഐഫോൺ 13 സീരീസിലെ ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 13 മിനി എന്നിവയ്ക്കും 5ജി സപ്പോർട്ടുണ്ട്. ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ്, ഐഫോൺ 12 മിനി എന്നിവയും 5ജി സപ്പോർട്ടുള്ള ഫോണുകളാണ്.

ജിയോ 5ജി നെറ്റ്‌വർക്കുള്ള നഗരങ്ങൾ

ജിയോയുടെ 5ജി നെറ്റ്‌വർക്ക് ഡൽഹി എൻസിആർ, മുംബൈ, വാരണാസി, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ ആണ് ലഭിക്കുക. ജിയോ 2023 ഡിസംബറോടെ ഇന്ത്യയിൽ എല്ലായിടത്തും 5ജി ലഭ്യമാക്കും.

എയർടെൽ 5ജിയുള്ള നഗരങ്ങൾ

എയർടെൽ 5ജി നിലവിൽ ഡൽഹി, സിലിഗുരി, ബെംഗളൂരു, ഹൈദരാബാദ്, വാരണാസി, മുംബൈ, നാഗ്പൂർ, ചെന്നൈ, ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹത്തി, പട്ന എന്നീ 12 നഗരങ്ങളിലാണ് ലഭ്യമാകുന്നത്. ബെംഗളൂരുവിലെ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട്, പൂനെയിലെ ലോഹെഗാവ് എയർപോർട്ട്, വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട്, നാഗ്പൂരിലെ ബാബാസാഹെബ് അംബേദ്കർ ഇന്റർനാഷണൽ എയർപോർട്ട്, പട്നയിലെ ജയപ്രകാശ് നാരായൺ എയർപോർട്ട് തുടങ്ങി വിമാനത്താവളങ്ങളിലും എയർടെൽ 5ജി പ്ലസ് ലഭ്യമാണ്.

രാജ്യത്ത് റിലയൻസ് ജിയോയും, ഭാരതി എയർടെല്ലും 5ജി സേവനങ്ങൾ അവതരിപ്പിച്ചിരുന്നെങ്കിലും ഐഫോൺ ഉപയോക്താക്കൾ നിരാശയിലായിരുന്നു. ഐഫോണുകളിൽ 5ജി സേവനം ലഭിക്കുന്നതിന് ഉപയോക്താക്കൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. ആപ്പിൾ 12 സീരീസ് തൊട്ടുള്ള മോഡലുകൾക്ക് ആവശ്യമായ അപ്‌ഡേറ്റ് കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഈ അപ്‌ഡേറ്റ് ബീറ്റാ പതിപ്പിലാണുള്ളത്. അതിനാൽ തന്നെ സാധാരണ ഫോണുകൾ അപ്‌ഡേറ്റ് ചെയ്യുന്നതു പോലെ ഇവ കരസ്ഥമാക്കാൻ സാധിക്കില്ല.

ബീറ്റാ പതിപ്പ്

ബീറ്റാ പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് വാറണ്ടിയെ അടക്കം ബാധിക്കാനുള്ള സാധ്യതയുണ്ട്. വളരെ അപൂർവ്വമായി ഫോണുകൾ ഉപയോഗ ശൂന്യമായി മാറാറുമുണ്ട്. ഇപ്പോൾ തന്നെ 5ജി വേണം എന്നുള്ളവർ റിസ്‌ക് നിറഞ്ഞ ബീറ്റ പതിപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടി വരും. ബീറ്റാ പതിപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കൾ ചില ഘട്ടങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. ഇവയാണു താഴെ പറയുന്നത്. 

  • ആദ്യം ഉപയോക്താക്കൾ ആപ്പിൾ ബീറ്റാ സോഫ്റ്റ്‌വെയർ പ്രോഗ്രാം വെബ്‌സൈറ്റ് സന്ദർശിക്കണം.
  • ആപ്പിൾ ഐഡിയും, പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം.
  • തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഓൺ ആക്കുക.
  • ശേഷം സെറ്റിങ്സിൽ നിന്ന് ജനറൽ ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • ഇവിടെ നിന്ന് സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • ഇവിടെ ഐഒഎസ് 16.2 ബീറ്റാ വെർഷൻ ഡൗൺലോഡ് ചെയ്യാൻ റെഡി ആയിരിക്കും.
  • അപ്‌ഡേഷൻ പൂർത്തിയായ ശേഷം ഫോൺ റീസ്റ്റാർട്ട് ആകും.
     

അപ്‌ഡേഷൻ കഴിഞ്ഞാൽ അടുത്തഘട്ടം 5ജി ആക്ടിവേറ്റ് ചെയ്യുക എന്നതാണ്. ഇതിനായി സെറ്റിങ്സിൽ നിന്ന് മൊബൈൽ ഡാറ്റ തെരഞ്ഞെടുക്കുക. തുറന്നുവരുന്ന ജാലകത്തിൽ മൊബൈൽ ഡാറ്റ ഓപ്ഷൻ തെരഞ്ഞെടുത്ത് വോയിസ് ആൻഡ് ഡാറ്റ ടാപ്പ് ചെയ്യുക. ഇവിടെ 4ജി, 5ജി, 5ജി ഓട്ടോ ഓപ്ഷനുകൾ ദൃശ്യമാകും. ഇവിടെനിന്ന് 5ജി ഓപ്ഷനോ, 5ജി ഓട്ടോ ഓപ്ഷനോ തെരഞ്ഞെടുക്കാം.

റിലയൻസ് ജിയോ ഇന്നു മുതൽ രണ്ട് നഗരങ്ങളിൽ കൂടി 5ജി സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇതോടെ ജിയോയുടെ 5ജി സേവനം ബംഗളൂരുവിലും, ഹൈദരാബാദിലും ആസ്വദിക്കാൻ സാധിക്കും. മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, വാരണാസി എന്നിവിടങ്ങിൽ കമ്പനി നേരത്തേ 5ജി ലഭ്യമാക്കിയിരുന്നു. മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്നതിനായി ജിയോ 5ജി സേവനങ്ങൾ ഘട്ടം ഘട്ടമായാണ് അവതരിപ്പിക്കുന്നത്. ജിയോ 5ജി നെറ്റ്‌വർക്കിൽ ഉപഭോക്‌താക്കൾ 500 Mbps മുതൽ 1Gbps വരെ സ്പീഡ് ലഭിക്കുന്നുണ്ടന്നാണ് റിപ്പോർട്ട്.

Digit.in
Logo
Digit.in
Logo