Nokia ഫോണുകളുടെ നിർമാണക്കാരായാണ് എല്ലാവർക്കും HMDയെ അറിയുന്നത്. എന്നാലിനി സ്വന്തം ബ്രാൻഡുകളിലൂടെയും പേരെടുക്കാനുള്ള പദ്ധതിയിലാണ് എച്ച്എംഡി ഗ്ലോബൽ. ഇതിനായി സ്വന്തമായുള്ള ബ്രാൻഡഡ് സ്മാർട്ട്ഫോണുകൾ കമ്പനി പുറത്തിറക്കി.
ഹ്യൂമൻ മൊബൈൽ ഡിവൈസസ് എന്നതാണ് HMD-യുടെ പൂർണമായ പേര്. ഇന്ത്യയുൾപ്പെടുന്ന രാജ്യങ്ങളിൽ എച്ച്എംഡിയാണ് Nokia നിർമിച്ച് നൽകുന്നത്. ഇപ്പോൾ കമ്പനി HMD Pulse, HMD Vibe സ്മാർട്ഫോണുകൾ പുറത്തിറക്കിയിരിക്കുകയാണ്. അമേരിക്കയിൽ എച്ച്എംഎഡി വൈബ് എന്നാണ് ഫോണിന്റെ പേര്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ എച്ച്എംഡി പൾസ് എന്ന ഫോണും ലഭ്യമാക്കും.
എച്ച്എംഡി ഗ്ലോബലിന്റെ ആദ്യത്തെ ബ്രാൻഡഡ് സ്മാർട്ട്ഫോണുകളാണിവ. നോക്കിയ നിർമിക്കാൻ തുടങ്ങി വർഷങ്ങൾക്ക് ശേഷമാണ് സ്വന്തം ഫോണുമായി വരുന്നത്. തങ്ങൾ സ്വന്തം ആൻഡ്രോയിഡ് ഫോണുകളിലേക്ക് കടക്കുമെന്ന് നേരത്തെ കമ്പനി അറിയിച്ചതാണ്. നോക്കിയ കീപാഡ്, ആൻഡ്രോയിഡ് ഫോണുകൾ നിർമിക്കുന്നത് നിർത്തലാക്കില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
ശരിക്കും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന എല്ലാ വൈബും എച്ച്എംഡി വൈബിൽ പ്രതീക്ഷിക്കാം. കാരണം കരുത്തുറ്റ പ്രോസസർ ഈ സ്മാർട്ഫോണിലുണ്ട്. ഫോണിന്റെ പ്രോസസർ സ്‌നാപ്ഡ്രാഗൺ 680 ആണ്. നോക്കിയയെ പോലെ ബജറ്റ് ലിസ്റ്റുകാർക്ക് വേണ്ടിയാണ് ഫോൺ നിർമിച്ചിട്ടുള്ളത്.
6.56 ഇഞ്ച് HD+ ഡിസ്‌പ്ലേയായിരിക്കും വൈബ് ഫോണിലുണ്ടാവുക. ഈ ഡിസ്പ്ലേയ്ക്ക് 90Hz റീഫ്രെഷ് റേറ്റുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്ക്രീനിന് 450 nits വരെ ബ്രൈറ്റ്നെസ്സും ലഭിക്കും.
6 ജിബി റാമും 128 ജിബി സ്റ്റോറേജും ഫോണിനുണ്ടാകും. എച്ച്എംഡി വൈബിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാറ്ററി 4,000mAh ആണ്. ഇത് ചാർജുകൾക്കിടയിൽ രണ്ട് ദിവസം നിലനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 10W ചാർജിങ് വേഗതയെയാണ് എച്ച്എംഡി വൈബ് സപ്പോർട്ട് ചെയ്യുന്നത്. അതിനാൽ ബാറ്ററി വളരെ വേഗത്തിൽ ചാർജ് ചെയ്യുന്നതല്ല എന്നതൊരു ന്യൂനതയാണ്.
രണ്ട് പിൻ ക്യാമറകളും മുൻവശത്ത് ഒരു ടോപ്പ്-സെന്റർ പഞ്ച്-ഹോൾ ക്യാമറയും ഫോണിലുണ്ടാകും. ഇതിന്റെ പ്രൈമറി ക്യാമറ 13 എംപിയാണ്. ഫോണിന് പിന്നിൽ 2 എംപി ഡെപ്ത് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. എച്ച്എംഡി വൈബിന്റെ സെൽഫി ക്യാമറ 5 എംപി ലെൻസാണ്. HDR, AI ഇമേജിങ്, സ്കിൻ ടോൺ ഒപ്റ്റിമൈസേഷൻ എന്നിവയെ ഫോൺ സപ്പോർട്ട് ചെയ്യുന്നു.
52 എന്ന ഐപി റേറ്റിങ്ങുള്ള സ്മാർട്ഫോണാണ് എച്ച്എംഡി വൈബ്. ബ്ലൂടൂത്ത് 5.0, 4ജി കണക്റ്റിവിറ്റി ഫീച്ചറുകൾ ഫോണിൽ ലഭിക്കും. കൂടാതെ, ബയോമെട്രിക് ഫേസ് അൺലോക്ക് ഫീച്ചറും ഇതിലുണ്ട്.
മെയ് മാസമായിരിക്കും ഫോൺ എല്ലാ വിപണികളിലേക്കും രംഗപ്രവേശം ചെയ്യുക. HMD.com-ൽ നിന്നും ഫോൺ ഓൺലൈൻ പർച്ചേസിന് ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആമസോൺ, ബെസ്റ്റ് ബൈ എന്നിവയുൾപ്പെടെയുള്ള പ്രമുഖ റീട്ടെയിലർമാരിൽ നിന്നും വാങ്ങാം. വിലയും വേരിയന്റുകളും ഈ സമയത്ത് അറിയാം.