USB Charger Scam മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. പൊതു ഇടങ്ങളിൽ Mobile Phone Charging ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതർ. പൊതുസ്ഥലങ്ങളിൽ ഫോൺ ചാർജ് ചെയ്യേണ്ട സാഹചര്യം പരമാവധി ഒഴിവാക്കാനാണ് നിർദേശം. ഇതിലെ ചില അപകടസാധ്യതയും കേന്ദ്ര സർക്കാർ ഉയർത്തികാട്ടി.
യാത്രയ്ക്കിടയിലും ഓഫീസ് പോകുന്ന വഴിയ്ക്കുമെല്ലാം നിങ്ങൾ പൊതുയിടങ്ങളിൽ ചാർജ് ചെയ്യാറുണ്ടോ? എങ്കിൽ യുഎസ്ബി ചാർജർ തട്ടിപ്പിൽ നിങ്ങൾ ഇരയായേക്കും. എയർപോർട്ടുകൾ, കഫേകൾ, ഹോട്ടലുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെല്ലാം സൂക്ഷിക്കണം. എന്താണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശമെന്ന് നോക്കാം.
ഏറ്റവും പുതിയ സൈബർ തട്ടിപ്പാണിത്. ഹോട്ടലുകളിലോ ബസ് സ്റ്റാൻഡുകളിലോ നിങ്ങൾ ഫോൺ ചാർജ് ചെയ്യുകയാണ്. ഇവിടെ ജ്യൂസ് ജാക്കിങ് ടെക്നോളജി ഉപയോഗിച്ച് ഹാക്കർമാർക്ക് ആക്സസ് നേടാം. പൊതുഇടങ്ങളിലെ ചാർജിങ് പോർട്ടുകളിൽ ഇവർ ക്യത്യമത്വം നടത്തിയിരിക്കും.
ആരെങ്കിലും ഫോൺ ചാർജ് ചെയ്യുമ്പോൾ ഈ പോർട്ടുകൾ വഴി ഫോൺ ആക്സസ് നേടാം. മൊബൈൽ ഫോണിലെ സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റ ഇങ്ങനെ ഹാക്ക് ചെയ്യപ്പെട്ടേക്കാം. അല്ലെങ്കിൽ ചില മാൽവെയറുകൾ നിങ്ങളുടെ ഫോണിലേക്ക് ഇവർ കയറ്റിവിടും.
പിന്നീട് ഈ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളിൽ നിന്ന് പണം ഈടാക്കും. അതുമല്ലെങ്കിൽ ഫോണിലെ ഡാറ്റ ഡാർക് വെബ്ബിലോ മറ്റോ പബ്ലിഷ് ചെയ്യും. ഇന്ത്യ ടുഡേ റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ഇതിനായി ഇലക്ട്രിക്കൽ വാൾ ഔട്ട്‌ലെറ്റുകൾ തിരഞ്ഞെടുക്കാനാണ് നിർദേശം. അല്ലെങ്കിൽ നിങ്ങൾ സ്വന്തം ചാർജർ എപ്പോഴും കൈയിൽ കരുതുക. ഒരു പോർട്ടബിൾ പവർ ബാങ്ക് യാത്രകളിലും മറ്റും കൈയിൽ കരുതുന്നതും മികച്ച ആശയമാണ്. USB ചാർജിംഗ് സ്റ്റേഷനുകൾ ഒഴിവാക്കുന്നതിലൂടെ, സൈബർ തട്ടിപ്പിൽ നിന്ന് രക്ഷ നേടാം.
അതുപോലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലും ശ്രദ്ധിക്കണം. വൈ-ഫൈ, ബ്ലൂടൂത്ത് കണക്ഷനുകളിൽ അജ്ഞാത ഉപകരണങ്ങളുമായി ജോടിയാക്കുന്നത് ഒഴിവാക്കുക. വൈ-ഫൈയ്ക്കും മറ്റും പാസ്‌വേഡ് സജ്ജീകരിക്കുന്നതും നല്ലതാണ്. കൂടാതെ ബ്ലൂടൂത്ത് സെറ്റിങ്സിലും മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളിലും പാസ്കോഡ് സെറ്റ് ചെയ്യാം. ഇങ്ങനെ നിങ്ങളുടെ ഫോണിലേക്കുള്ള അനധികൃത ആക്‌സസ് തടയാവുന്നതാണ്.
യുഎസ്ബി ചാർജർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ വളരെ ഫലവത്തായ മാർഗം പറയട്ടെ. ഫോൺ ഓഫായിരിക്കുമ്പോൾ ചാർജ് ചെയ്യുന്നതാണ് ഉത്തമം. കാരണം സൈബർ ആക്രമണങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് ഇത് സഹായിക്കും. ഫോൺ ഓഫായിരിക്കുമ്പോൾ, അതിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെടാൻ സാധിക്കില്ല. ഇങ്ങനെ ചില സൈബർ കെണികളിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാം.
ഇതുകൂടാതെ, പൊതുയിടങ്ങളിൽ ചാർജ് ചെയ്യുമ്പോൾ ചാർജിംഗ് പോർട്ടിൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ ശ്രദ്ധിക്കണം. ഉടൻ തന്നെ ചാർജിംഗ് സ്റ്റേഷൻ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത്തരം സംഭവങ്ങൾ ഉടനെ അധികൃതരിലേക്ക് റിപ്പോർട്ട് ചെയ്യാനും ശ്രദ്ധിക്കണമെന്ന് സർക്കാർ അറിയിച്ചു.
Read More: April Fool അല്ല, 50 ദിവസത്തേക്ക് Free! Reliance Jio ഫാസ്റ്റ് ഡാറ്റ
സൈബർ ക്രൈം റിപ്പോർട്ട് ചെയ്യുന്നതിനായി നിങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ 1930 എന്ന ഹോട്ട്ലൈൻ നമ്പരിലേക്കും വിളിക്കാം.