Google Pixel ഫോണുകൾ ജനശ്രദ്ധ നേടിയ സ്മാർട്ഫോണുകളാണ്. ഐഫോണുകളാണ് ഏറ്റവും ബ്രാൻഡഡ് ഫോണുകളെന്ന് ഖ്യാതി നേടിക്കൊടുത്ത വിപണിയിൽ ഗൂഗിൾ പിക്സൽ ഫോണുകൾ ആപ്പിളിന് നല്ലൊരു എതിരാളിയായി. ക്യാമറ ഫീച്ചറുകൾ തന്നെയാണ് ഗൂഗിൾ പിക്സൽ ഫോണുകൾക്ക് ഇത്രയധികം ജനശ്രദ്ധ നേടിക്കൊടുത്തതും.
ഇപ്പോഴിതാ, ഗൂഗിൾ പിക്സൽ 8 പുറത്തിറങ്ങിയ ഒരാഴ്ചയ്ക്ക് ശേഷം വിൽപ്പന ആരംഭിക്കുകയാണ്. ഇന്ന് ഫ്ലിപ്കാർട്ട് വഴിയാണ് ഗൂഗിൾ പിക്സൽ 8ന്റെ വിൽപ്പന. ഒക്ടോബർ 4ന് മേഡ് ബൈ ഗൂഗിൾ ഇവന്റിൽ വച്ച് ലോഞ്ച് ചെയ്ത ശേഷം ഫോണിന്റെ പ്രീ- ബുക്കിങ്ങും ആരംഭിച്ചിരുന്നു. പ്രീ- ബുക്കിങ്ങിലൂടെ ഓർഡർ ചെയ്യാത്തവർക്ക് നേരിട്ട് ഫ്ലിപ്കാർട്ട് വഴി പിക്സൽ ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.
ഫ്ലിപ്കാർട്ടിലാണ് ഫോണിന്റെ വിൽപ്പന. 8GB RAMഉം, 128GB സ്റ്റോറേജുമുള്ള ഫോണിന് 75,999 രൂപയാണ് വില. 8GB RAMഉം 256GB സ്റ്റോറേജുമുള്ള ഫോണിന് 82,999 രൂപയും വില വരുന്നു. ബ്രൌണും പച്ചയും കലർന്ന ഹാസൽ നിറത്തിലും, ജെറ്റ് ബ്ലാക്ക് പോലെ തോന്നിപ്പിക്കുന്ന ഒബ്സിഡിയൻ നിറത്തിലും, റോസ് നിറത്തിലുമാണ് പിക്സൽ ഫോണുകൾ വരുന്നത്.
ഫ്ലിപ്കാർട്ടിൽ പ്രാരംഭ ഓഫറുകളൊന്നുമില്ലെങ്കിലും, വിവിധ ബാങ്കുകളുടെ കാർഡുകൾക്ക് ഓഫർ നൽകുന്നുണ്ട്. ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, ആക്‌സിസ് ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്ക് 8,000 രൂപ കിഴിവ് ലഭിക്കുമെന്ന് പിക്‌സൽ 8-ന്റെ ലിസ്റ്റിംഗ് കാണിക്കുന്നുണ്ട്. ഇങ്ങനെ 60,000 രൂപ റേഞ്ചിൽ ഈ പ്രീമിയം ഫോൺ വാങ്ങാവുന്നതാണ്.
120Hz റീഫ്രെഷ് റേറ്റുള്ള ഫോണിന് 6.2-ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ഗൂഗിൾ പിക്‌സൽ 8ലുള്ളത്. പിക്‌സൽ 8ന്റെ സ്‌ക്രീൻ 2000 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസിലാണ് നിർമിച്ചിട്ടുള്ളത്. ഫോണിന് മുന്നിൽ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസുമുണ്ട്.
50 മെഗാപിക്സലാണ് ഗൂഗിൾ പിക്സൽ 8 ക്യാമറയുടെ പെർഫോമൻസ്. ഇത് പിഡി വൈഡ് പ്രൈമറി സെൻസറാണ്. കൂടാതെ, 12MP അൾട്രാവൈഡ് ക്യാമറയും 10.5MP സെൽഫി ക്യാമറയും വരുന്നുണ്ട്. 4,575mAhയുടെ ബാറ്ററി ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. കൂടാതെ പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 റേറ്റിങ് പോലെയുള്ള ഫീച്ചറുകളുമുണ്ട്. ഗൂഗിൾ പിക്സലിന്റെ പ്രോസസർ Pixel 8 ടെൻസർ G3യാണ്. നാനോ സിമ്മും ഇ-സിമ്മും ചേർന്ന ഡ്യുവൽ സിമ്മാണ് ഫോണിലുള്ളത്.
Read More: 1.5GB Jio Prepaid Plan: ദിവസവും 1.5GB ഡാറ്റ, 200 രൂപ മുതൽ Jioയുടെ പ്രീപെയ്‌ഡ് പ്ലാനുകൾ
ഗൂഗിൾ പിക്സൽ 8ൽ വേറെ ഫോണുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. ഈ വർഷം അവസാനമോ അടുത്ത വർഷമാദ്യമോ ഗൂഗിൾ പിക്സൽ 8a വിപണിയിലേക്ക് പ്രവേശിക്കും. എന്നാൽ, നിലവിലുള്ള പിക്സൽ8, പിക്സൽ 7 ഫോണുകളേക്കാൾ ഇതിന് വില കുറവായിരിക്കുമെന്നാണ് അടുത്ത റിപ്പോർട്ടുകൾ പറയുന്നത്.
എങ്കിലും, 20,000 രൂപയ്ക്ക് താഴെ പിക്സൽ 8എ ലഭിക്കുമെന്ന അഭ്യൂഹങ്ങളെ ഗൂഗിളിന്റെ പ്രതിനിധികൾ തന്നെ തള്ളി. കാരണം, കുറഞ്ഞ നിലവാരത്തിൽ ഗൂഗിൾ ഫോണുകൾ നിർമിക്കില്ല എന്നതിനാലാണ്.