BSNL-TATA കോമ്പിനേഷനിൽ 108MP ക്യാമറ ഫോൺ വരുന്നുണ്ടോ? സർക്കാർ ടെലികോം കമ്പനി മൊബൈൽ ഫോൺ മേഖലയിലേക്കും കടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 108MP ക്യാമറ, 7000mAh ബാറ്ററിയുമുള്ള ബജറ്റ് 5G ഫോണായിരിക്കുമെന്നാണ് പറഞ്ഞിരുന്നത്.
Bharat Sanchar Nigam Limited അവതരിപ്പിക്കുന്നത് സാധാരണക്കാർക്ക് വേണ്ടിയുള്ള പ്ലാനുകളാണ്. സർക്കാർ ടെലികോം കമ്പനി പുറത്തിറക്കുന്നതും ഇങ്ങനെയൊരു ഫോണായിരിക്കും. ഫോൺ വില കുറവാണെങ്കിലും, അതിലെ ഫീച്ചറുകളെല്ലാം ഗംഭീരമായിരിക്കും. പവറിന് കരുത്തൻ ബാറ്ററിയും, ഫോട്ടോഗ്രാഫിയ്ക്ക് വമ്പൻ ക്യാമറയും. എന്നാൽ ഈ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്ത് ആക്കുന്ന റിപ്പോർട്ടാണ് ഏറ്റവും പുതിയത്.
BSNL Cheap Phone പുറത്തിറക്കുമെന്ന വാർത്ത കമ്പനി തന്നെ നിരസിച്ചു. സർക്കാർ ടെലികോം 5G സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ സാധ്യതയുള്ളതായി സോഷ്യൽ മീഡിയകളിലാണ് പ്രചരിച്ചത്. എന്നാൽ ഈ റിപ്പോർട്ടുകളെ ടെലികോം കമ്പനി നിഷേധിച്ചു.
ഇങ്ങനെയൊരു ബജറ്റ് ഫോൺ കമ്പനിയുടെ പദ്ധതിയിലില്ല. TATA കമ്പനിയുമായി 5G ഫോൺ നിർമിക്കാൻ ആലോചനയില്ലെന്നും അറിയിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിന്റെ ട്വിറ്റർ ഹാൻഡിലൂടെയാണ് പ്രചരിക്കുന്ന വാർത്തകൾക്കെതിരെ ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചത്.
എങ്ങനെയുള്ള സ്മാർട്ഫോണായിരുന്നു വാർത്തകളിൽ പ്രചരിച്ചതെന്ന് അറിയാം.
5.4 ഇഞ്ച് പഞ്ച്-ഹോൾ ഡിസ്‌പ്ലേയുള്ള ഫോണായിരിക്കും ഇതെന്ന് സൂചനകൾ പ്രചരിച്ചിരുന്നു. ഫോൺ സ്ക്രീനിന് 90Hz റിഫ്രഷ് റേറ്റും, 720×1920 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനുമുണ്ടായിരിക്കും. ഇത് HD+ ഡിസ്പ്ലേയിലായിരിക്കും നിർമിക്കുന്നതെന്നും ആയിരുന്നു റിപ്പോർട്ട്.
ബജറ്റ് ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 6000 പ്രോസസർ നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിൽ സെക്യൂരിറ്റി ആവശ്യങ്ങൾക്കായി ഫിംഗർപ്രിന്റ് സെൻസറും നൽകുമെന്ന് പറഞ്ഞിരുന്നു. ഫോൺ ഹൈ-റെസല്യൂഷൻ ഫോട്ടോഗ്രാഫിയെ സപ്പോർട്ട് ചെയ്യുമെന്നായിരുന്നു ഊഹാപോഹങ്ങൾ. ഇതിൽ 108MP ക്യാമറയായിരിക്കും എന്നതും സോഷ്യൽ മീഡിയയെ ആകർഷിച്ചു.
7000എംഎഎച്ച് ബാറ്ററിയാണ് ഇതിൽ നൽകുക. കൂറ്റൻ ബാറ്ററിയെ പിന്തുണയ്ക്കുന്നതിന് 45-വാട്ട് ഫാസ്റ്റ് ചാർജിങ് ഉണ്ടായിരിക്കും. ബജറ്റ് ഫോണാണെങ്കിലും 50-55 മിനിറ്റിനുള്ളിൽ പൂർണമായി ചാർജാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഒറ്റ ചാർജിൽ ഒരു മുഴുവൻ ദിവസം മുഴുവൻ ഫോൺ ഉപയോഗിക്കാനാകും.
രണ്ട് സ്റ്റോറേജുകളിൽ ബിഎസ്എൻഎൽ ഫോൺ വരുമെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. 6GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമായിരിക്കും ഒന്നാമത്തേത്. 8GB റാം, 128GB ഇന്റേണൽ സ്റ്റോറേജുമുള്ള മറ്റൊരു ഫോണുമുണ്ടായിരിക്കും. ഫോണിന് 5000 മുതൽ 7000 വരെയായിരിക്കും വിലയെന്നും പ്രചരിച്ചിരുന്നു.
ഓഫറിലൂടെ 2000-3000 രൂപ വിലയായേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തായാലും ബിഎസ്എൻഎൽ വിഷയത്തിൽ സ്ഥിരീകരണം നടത്തിയതോടെ ഇങ്ങനൊരു ഫോൺ പ്രതീക്ഷിക്കേണ്ടതില്ല.