iPhone 15 Series സെപ്തംബർ 12ന് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിൾ. ഐഫോൺ 15 സീരീസിൽ നാല് ഫോണുകളായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ 15 സീരീസിൽ അഞ്ച് ഫോണുകൾ ഉണ്ടായിരിക്കും. ഈ വർഷം ആപ്പിൾ കുറഞ്ഞത് അഞ്ച് ഐഫോണുകളെങ്കിലും വിപണിയിലെത്തിക്കുമെന്നാണ് അവകാശപ്പെടുന്നത്.
ആപ്പിൾ ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ മാക്സ് എന്നീ മോഡലുകളാണ് ഈ വർഷം അവതരിപ്പിക്കുമെന്ന് ആപ്പിൾ നൽകിയിരുന്ന സൂചന. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം ഐഫോൺ അൾട്ര എന്ന മോഡൽ കൂടി അവതരിപ്പിച്ചേക്കും എന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ 15 പ്രോയുടെ അതേ സവിശേഷതകളുള്ള മോഡലായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗികമായി ആപ്പിൾ യാതൊരു സൂചനകളും നൽകിയിട്ടില്ല.
ഐഫോൺ 15 പ്രോ മാക്‌സ് 6 ജിബി റാമും 1 ടിബി വരെ സ്റ്റോറേജ് ഓപ്ഷനുമായിട്ടായിരിക്കും പുറത്തിറങ്ങുക. എന്നാൽ ഈ വർഷം അവതരിപ്പിക്കുമെന്ന് പറയപ്പെടുന്ന ഐഫോൺ 15 അൾട്ര 8 ജിബി റാമും 2 ടിബി സ്റ്റോറേജ് ഓപ്ഷനുമായി വരുമെന്ന് അവകാശപ്പെടുന്നു. ഐഫോൺ 15 അൾട്രാ മോഡലും പ്രോ മോഡലിനേക്കാൾ മെച്ചപ്പെട്ട ക്യാമറ സവിശേഷതകളോടെയായിരിക്കും വരുന്നത്. ഐഫോൺ 15 പ്രോ മാക്സിനെക്കാൾ വില കൂടിയ മോഡലായിരിക്കും അൾട്ര. പ്രോ മാക്സ് മോഡലിനെക്കാൾ ഏകദേശം 100 ഡോളറോളം അധികം വരുന്ന മോഡലായിരിക്കും ഇത്.
ഐഫോൺ 15 പ്രോ മോഡൽ 1,39,900 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. സ്റ്റാൻഡേർഡ് ഐഫോൺ 15 മോഡലും പ്ലസ് പതിപ്പും ഐഫോൺ 14, ഐഫോൺ 14 പ്ലസ് മോഡലുകളുടെ വിലയിൽ അവതരിപ്പിക്കാനും സാധ്യതകളുണ്ട്.