Made in India iPhone പ്രോ മോഡലുകൾ വരുന്നു. ഐഫോൺ 16 പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ ട്രയൽ നിർമാണം ചെന്നൈയിൽ ആരംഭിച്ചു. ഫോക്‌സ്‌കോൺ ചൈന്നൈ ഫാക്ടറിയിൽ പ്രോ മോഡലുകൾ നിർമിച്ചുതുടങ്ങിയതായി റിപ്പോർട്ട്. ആപ്പിളിന്റെ കരാർ നിർമാതാക്കളാണ് ഫോക്സ്കോൺ.
ഈ ഐഫോൺ 16 പ്രോ മോഡലുകൾ സെപ്റ്റംബറിൽ പുറത്തിറക്കാനും കമ്പനി തീരുമാനിച്ചു. അടുത്ത മാസമാണ് ആപ്പിൾ ഐഫോൺ 16 ലോകമൊട്ടാകെയായി ലോഞ്ച് ചെയ്യുന്നത്. ഈ ആഗോള ലോഞ്ചിൽ തന്നെ ഇന്ത്യൻ നിർമിത ഐഫോണുകളും വന്നേക്കും. ഇതിനായി കമ്പനി വൻതോതിലുള്ള ഉൽപ്പാദന പദ്ധതികളുമായി മുന്നോട്ട് പോകുന്നു.
ഐഫോൺ 16 നിർമാണത്തിനുള്ള ഉപകരണങ്ങൾ ഫോക്സ്കോൺ ഇറക്കുമതി ചെയ്തിട്ടുണ്ട്. 500-1000 യൂണിറ്റുകളുള്ള ചെറിയ ബാച്ചുകളായാണ് പ്രോ മോഡലുകൾക്കായി ഉപകരണങ്ങൾ എത്തിച്ചത്. ഇവയിൽ ബെയർ പ്രിന്റഡ് സർക്യൂട്ട് ബോർഡുകളും ഡിസ്‌പ്ലേ അസംബ്ലികളുമുണ്ട്. കൂടാതെ ഐഫോൺ 16 പ്രോ, പ്രോ മാക്സിന് വേണ്ടിയുള്ള ക്യാമറ മൊഡ്യൂളുകളുമുണ്ട്.
നിർമിക്കുന്ന പ്രോ മോഡലുകൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുമോ എന്നത് വ്യക്തമല്ല. പ്രാദേശികമായി നിർമിക്കുന്ന ഫോണുകൾ ഇന്ത്യയിൽ വിറ്റഴിക്കാനായിരിക്കും ശ്രമിക്കുക. എന്നിരുന്നാലും സെപ്തംബർ ലോഞ്ചിന് ശേഷം ആദ്യ ബാച്ച് യൂണിറ്റുകൾ ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ട്.
എങ്കിലും പ്രോ മോഡലുകൾക്ക് വില കുറയുമെന്ന പ്രതീക്ഷ ഇല്ല. ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്ക് ഇറക്കുമതി ചെയ്യുന്ന ഫോണുകളേക്കാള്‍ വില കുറയാൻ സാധ്യതയില്ല.
പ്രോ മോഡലുകളുടെ നിർമാണത്തിന് പ്രത്യേക അസംബ്ലി ലൈനുകളും ഉയർന്ന സാങ്കേതിക വൈദഗ്ധ്യവും ആവശ്യമാണ്. ഇത് ഇന്ത്യയുടെ നിർമാണ മേഖലയ്ക്കും ടെക്നോളജി രംഗത്തിനും ഒരു മുതൽക്കൂട്ടായിരിക്കും.
ഇന്ത്യയിൽ പ്രോ മോഡലുകൾ നിർമിക്കുന്നത് രാജ്യത്തിന്റെ നിർമാണശേഷിയുടെ പുരോഗതിയെ സൂചിപ്പിക്കുന്നു. ഗുണനിലവാരത്തിൽ ചൈനയ്‌ക്ക് ഒപ്പമെത്താൻ പരിശീലനം ലഭിച്ച വിദഗ്ധരും ഇതിലുണ്ട്.
Read More: itel A50 launched: ലുക്കിൽ iPhone, വർക്കിൽ എങ്ങനെ! 5599 രൂപയ്ക്ക് New itel ഫോണുകൾ എത്തി
ആപ്പിൾ ഇന്ത്യയിൽ നിർമാണം തുടരുമ്പോഴും ചൈനയിലും ഫോണുകൾ നിർമിക്കുന്നു. എന്നാൽ വാഷിംഗ്ടണും ബീജിങ്ങും തമ്മിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിർമാണത്തിനെ ബാധിക്കുന്നു. ഇത് യുഎസ് ആസ്ഥാനമായുള്ള സ്മാർട്ട്‌ഫോൺ കമ്പനിയ്ക്ക് തടസ്സമാകുമെന്നാണ് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.