ജനപ്രീതി നേടിയ Lava Blaze 2, Lava Blaze 1X 5G ഫോണുകൾക്ക് പിന്നാലെ കമ്പനി പുതിയൊരു മോഡൽ കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ്. ബജറ്റ് ഫ്രെണ്ട്ലി ഫോണുകളിലെ ഏറ്റവും ബജറ്റ് ഫ്രെണ്ട്ലി എന്ന് വിശേഷിപ്പിക്കാവുന്ന ഫോണാണ് ലാവ കൊണ്ടുവന്നിരിക്കുന്നത്.
50MPയുടെ മെയിൻ ക്യാമറയുള്ള പുതിയ ആൻഡ്രോയിഡ് ഫോണാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് ഫോൺ എത്തിയിട്ടുള്ളത്. സ്വാഗ് ബ്ലൂ, കൂൾ ഗ്രീൻ, തണ്ടർ ബ്ലാക്ക് എന്നീ ആകർഷക നിറങ്ങളിൽ, അത്യാകർഷക ഫീച്ചറുകളുള്ള Lava Blaze 2 Pro 10,000 രൂപയ്ക്കും താഴെ വാങ്ങാനാകും.
90Hz ആണ് ഫോണിന്റെ റിഫ്രഷ് റേറ്റ്. UNISOC T616 ചിപ്‌സെറ്റ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 6.5 ഇഞ്ച് 90Hz ഡിസ്‌പ്ലേയും ട്രിപ്പിൾ ക്യാമറകൾക്കും പുറമെ ആൻഡ്രോയിഡ് 12 ഫോണിൽ ലഭ്യമാണ്. 5000mAhന്റെ ബാറ്ററിയാണ് Lava Blaze 2 Proയിലുള്ളത്. 18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു ബജറ്റ് ഫ്രെണ്ട്ലി സ്മാർട്ഫോണാണിത്. ഫോണിന് ഫുൾ ചാർജിങ്ങിലെത്താൻ വെറും 2 മണിക്കൂർ മാത്രം മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
50MPയുടെ മെയിൻ ക്യാമറയ്ക്ക് പുറമെ, 2MPയുടെ മറ്റ് 2 ക്യാമറകൾ കൂടി ഇതിലുണ്ട്. 8MPയാണ് ഫോണിന്റെ സെൽഫി ക്യാമറ. Wi-Fi 5 (ac), ബ്ലൂടൂത്ത് 5.0 എന്നിവ ഈ ലാവ ഫോൺ പിന്തുണയ്ക്കുന്നു. 3.5mm ഹെഡ്‌ഫോൺ ജാക്കും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡറും ഫേസ് അൺലോക്ക് ഓപ്ഷനുകളുമുള്ള Lava Blaze 2 Pro ഒരു 4G ഫോണാണ്.
ഇന്ന് ഇന്ത്യയിൽ പുറത്തിറക്കിയ ലാവ ബ്ലേസ് 2 പ്രോയുടെ വില 9,999 രൂപയാണ്. ഓർക്കുക, ഇത് 8GB RAMഉം 128GB സ്റ്റോറേജും വരുന്ന സ്മാർട്ഫോണിന്റെ വിലയാണ്. സ്റ്റോറേജ് കൂടുതലുള്ള മറ്റ് പതിപ്പുകൾക്ക് ഇതിനേക്കാൾ വില ഉയരും. ഏകദേശം 12,999 രൂപയായിരിക്കും സ്റ്റോറേജ് കൂടുതലുളള Lava Blaze 2 Proയ്ക്ക് വരുന്നത്. ഫോൺ ഇന്ന് ലോഞ്ച് ചെയ്തെങ്കിലും എപ്പോൾ മുതൽ വിൽപ്പന ആരംഭിക്കുമെന്നതിൽ വ്യക്തതയില്ല.