നിരവധി പേർക്ക് വലിയൊരു പ്രത്യാഘാതമാണ് 2016ലെ നോട്ട് നിരോധനം സൃഷ്ടിച്ചത്. നിരോധിക്കപ്പെട്ട 500, 1000 നോട്ടുകൾ മാറ്റിയെടുക്കാൻ ജനം ഒരുപാട് വലഞ്ഞു. ആറ് വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരിക്കൽക്കൂടി ഒരു നോട്ട് പിൻവലിക്കൽ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. 2000 നോട്ട് പിൻവലിച്ച് ഇത്തവണ ആർബിഐയാണ് രംഗത്തെത്തിയത്. 2016 അവസ്ഥ ഓർക്കുന്നവർക്ക് ചെറിയ ആശങ്കകളുണ്ടെങ്കിലും നോട്ടുകൾ മാറിയെടുക്കാൻ 2023 സെപ്റ്റംബർ 30 വരെ സമയം നൽകിയിട്ടുള്ളതിനാൽ കഴിഞ്ഞ തവണത്തെ അത്രയും പേടി ഇപ്പോൾ ഇല്ല.
കൈയിലുള്ള 2000ന്റെ നോട്ട് മാറിയെടുക്കാൻ ആളുകൾ പലവഴിക്കും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. അക്കൂട്ടത്തിൽ ചിലർ സ്വീകരിച്ച വഴി അൽപ്പം അമ്പരപ്പിക്കുന്നതാണ്. ഫുഡ് കഴിച്ച് 2000 നോട്ടുകൾ ചിലവഴിക്കാൻ ചില ആളുകൾ ശ്രമിക്കുന്നു എന്നതാണ് ആ കൗതുകമുണർത്തുന്ന വാർത്ത. പ്രമുഖ ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സൊമാറ്റോയാണ് ഈ കൗതുക വാർത്ത പങ്കുവച്ചിരിക്കുന്നത്. 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം വന്ന വെള്ളിയാഴ്ചയ്ക്ക് ശേഷം തങ്ങളുടെ ക്യാഷ് ഓൺ ഡെലിവറി ഓഡറുകളിൽ 72 ശതമാനവും 2000 രൂപയുടേത് ആണ് എന്നാണ് സൊമാറ്റോ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. 2000 രൂപ നോട്ടുകളാൽ തീർത്ത മെത്തയിൽ കിടക്കുന്ന സൊമാറ്റോ ഡെലിവറി ബോയിയുടെ ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്.
കൈയിലുള്ള 2000 രൂപയുടെ നോട്ട് ഒഴിവാക്കാൻ പലരും പലവഴിക്ക് ശ്രമിക്കുന്നു എന്നതിന്റെ ഒരു സൂചന മാത്രമാണ് ഈ സംഭവം. എങ്കിലും നോട്ട് മാറ്റിയെടുക്കാൻ മറ്റ് നിരവധി സംവിധാനങ്ങൾ ഉണ്ട് എന്നിരിക്കെ ഭക്ഷണം കഴിച്ച് ഒഴിവാക്കുന്നു എന്നത് ഒരു പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.
സൊമാറ്റോയുടെ രസകരമായ ട്വീറ്റ് ഇങ്ങനെയായിരുന്നു, കുട്ടികൾ: 2000 രൂപയുടെ നോട്ട് ബാങ്കിൽ മാറ്റിയെടുക്കും, മുതിർന്നവർ: ക്യാഷ് ഓൺ ഡെലിവറി ഓഡറുകൾ നടത്തിയശേഷം 2000 രൂപ നൽകും.
നോട്ട് പിൻവലിക്കൽ പ്രഖ്യാപനം വന്നശേഷം സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴയായിരുന്നു. 2000 രൂപയുടെ നോട്ടുകൾ മാറിയെടുക്കാൻ ഇന്നുമുതൽ ബാങ്കുകളിൽ അവസരം ഉണ്ട്. നോട്ടുകൾ മാറിയെടുക്കുകയോ ബാങ്കിൽ നിക്ഷേപിക്കുകയോ ചെയ്യാം. കഴിഞ്ഞ നോട്ടുനിരോധനകാലത്ത് ആളുകൾ നേരിട്ട ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ഉപയോക്താക്കൾക്ക് എല്ലാ സൗകര്യങ്ങളും നൽകണമെന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്.
2000 രൂപ നോട്ട് മാറാനോ, നിക്ഷേപിക്കാനോ ബാങ്കിലെത്തുന്ന ആളുകൾക്ക് വെയിലത്ത് നിൽകേണ്ട സാഹചര്യം ഉണ്ടാകരുതെന്നും, മതിയായ വെള്ളവും തണലും ഉറപ്പാക്കണമെന്നുമാണ് ആർബിഐ ബാങ്കുകൾക്കു നിർദേശം നൽകിയിരിക്കുന്നത്. നോട്ടുകൾ മാറിയെടുക്കുന്നതിന് ഒരു തടസവും ഉണ്ടാകരുതെന്നും നിർദേശമുണ്ട്. എന്നാൽ കഴിഞ്ഞ തവണ നേരിട്ട പ്രതിസന്ധി ഇത്തവണ ഉണ്ടായേക്കില്ലെന്നും വലിയ ക്യൂകൾ പ്രതീക്ഷിക്കുന്നില്ലെന്നും വിദഗ്ധർ പറയുന്നു
ബാങ്ക് കൗണ്ടർ വഴി 2000 രൂപ നോട്ടുകൾ മാറ്റി മറ്റ് നോട്ടുകൾ നേടുന്നതിന് 20,000 രൂപ പരിധി ബാധകമാകുമെന്നാണ് സൂചന. അതായത് പരമാവധി 20000 രൂപ വരെയേ കൗണ്ടറുകൾ വഴി മാറ്റി ലഭിക്കാൻ സാധ്യതയുള്ളൂ. അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിന് പരിധികൾ ഉണ്ടായേക്കില്ല. 2000 രൂപ നോട്ടുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ആർബിഐ കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ നിലവിലുള്ള കെവൈസി മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരും. അതായത് 50,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് പാൻ കാർഡ് പോലുള്ള രേഖകൾ ആവശ്യമായി വരാം. നോട്ടുകൾ മാറുന്നതിന് അധിക രേഖകളോ, ഐഡി പ്രൂഫുകളോ നൽകേണ്ടതില്ല. ബാങ്കുകളിൽ എത്തുമ്പോൾ ഒരു ഫോം മാത്രം പൂരിപ്പിച്ചാൽ മതി.